ഐക്യമുണ്ടായാല്‍ കേരള രാഷ്ട്രീയം യു ഡി എഫിന് കീഴില്‍: ഉമ്മന്‍ചാണ്ടി

Posted on: October 28, 2015 11:54 am | Last updated: October 28, 2015 at 11:54 am
SHARE

Oommen-Chandyമലപ്പുറം: യു ഡി എഫ് ഐക്യത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോയാല്‍ കേരള രാഷ്ട്രീയം യു ഡി എഫിന് കീഴിലാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം സി പി എം തിരിച്ചറിഞ്ഞിട്ടുണ്ട്.
യു ഡി എഫിന്റെ ശക്തി ഐക്യത്തിലും കൂട്ടായ്മയിലുമാണെന്നും അല്ലാതെ വ്യക്തികളോ കൂട്ടങ്ങളോ അല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറം മുണ്ടുപറമ്പില്‍ യു ഡി എഫ് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഇത്തവണയും ആവര്‍ത്തിച്ചാല്‍ സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഒരു യാഥാര്‍ഥ്യമാവും. നിയമസഭയിലേക്കുള്ള ജോലിയും ഏറെ കുറയും. മുന്നണികള്‍ മാറിമാറി വരുന്ന ചരിത്രം തിരുത്തികുറിക്കണം. ബി ജെ പി ആരെ കൂട്ടുപിടിച്ചാലും കേരളം മതേതര ഭാഗത്ത് നിലനില്‍ക്കും. വര്‍ഗീയത കേരളത്തില്‍ നിലനില്‍ക്കില്ലെന്നത് തെളിഞ്ഞതാണ്. യു ഡി എഫ് അധികാരത്തില്‍ വന്ന ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുവശത്ത് മേക്ക് ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും മറുവശത്ത് ന്യൂനപക്ഷങ്ങളെ ചവിട്ടി താഴ്ത്തുന്ന ഭരണമാണ് കേന്ദ്രത്തിലേതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യം പരമ്പരാഗതമായി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനുള്ള വോട്ടാണിപ്പോള്‍ ചെയ്യേണ്ടത്. യു ഡി എഫിന്റെ കരുത്ത് തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍ വികസനമെത്തിച്ചു: മുഖ്യമന്ത്രി
വാഴയൂര്‍: വികസനവും കരുതലും പ്രായോഗിക തലത്തില്‍ കൊണ്ടുവന്ന സര്‍ക്കാറാണ് യു ഡി എഫ് സര്‍ക്കറെന്നും ഗവണ്‍മെന്റിനെതിരെ ഭരണവികാരം ഉയര്‍ത്തികാണിക്കാനില്ലാത്ത പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പിറകിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ഥിയുടെ മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി വാഴയൂരിലെ കാരാടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതക്കെതിരെ പ്രതികരണമുണ്ടാകും
വേങ്ങര: കേന്ദ്രസര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടക്കെതിരെ ശക്തമായ വിധിയെഴുത്താകും ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. പഞ്ചായത്ത്‌രാജ് നടപ്പിലാക്കുകവഴി കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ജനവിശ്വാസവും, ജനതാല്‍പ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ചെമ്മാട് ടൗണില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here