ശാരീരിക അവശതയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം

Posted on: October 28, 2015 11:51 am | Last updated: October 28, 2015 at 11:51 am

voteകോഴിക്കോട്: അന്ധതയൊ മറ്റ് ശാരീരികാവശതകളൊ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റ് യൂനിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനൊ പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്തുന്നതിനൊ സാധിക്കാത്തവര്‍ക്ക് 18 വയസ് പൂര്‍ത്തിയായ ഒരു വ്യക്തിയെ വോട്ട് രേഖപ്പെടുത്താന്‍ കൂടെ കൊണ്ടു പോകാം. സഹായി മറ്റൊരു സമ്മതിദായകന്റെ സഹായിയായി ഒരു പോളിംഗ് സ്റ്റേഷനിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും സമ്മതിദായകനുവേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചുകൊള്ളാമെന്നും രേഖാമൂലം ഉറപ്പ് നല്‍കണം.
സ്ഥാനാര്‍ഥികള്‍ക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ ഏതെങ്കിലും ഒരു സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിക്കാം. എന്നാല്‍ പ്രിസൈഡിംഗ് ഓഫീസറൊ മറ്റേതെങ്കിലും പോളിംഗ് ഓഫീസറൊ സമ്മതിദായകരുടെ സഹായിയാകാന്‍ പാടില്ല. ശാരീരികാവശതയുള്ളവരെ ക്യൂവില്‍ നിര്‍ത്താതെ പ്രത്യേകമായി പോളിംഗ് സ്റ്റേഷനിലേയ്ക്ക് പ്രവേശിപ്പിക്കേണ്ടതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.