Connect with us

Wayanad

വോട്ടെടുപ്പിന് ഇനി അഞ്ച് നാള്‍; കരുനീക്കങ്ങളുമായി മുന്നണികള്‍

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന് ഇനി അധികം ദൂരമില്ല. മുന്നണികള്‍ കണക്ക് കൂട്ടലുകളിലാണ്. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണം 31ന് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. പ്രചാരണം അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ നിക്ഷ്പക്ഷമതികളായ വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള ഭഗീരഥയത്‌നത്തിലാണ് സ്ഥാനാര്‍ഥികള്‍.
കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് എത്തിയത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണമെല്ലാം കഴിഞ്ഞ് പ്രചാരണത്തിനായി കിട്ടിയതോ രണ്ടാഴ്ചകള്‍ മാത്രവും. അതുകൊണ്ട് തന്നെ ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് സ്ഥലത്തില്ലെങ്കില്‍ ഉള്ളിടത്ത് പോയി വോട്ടഭ്യര്‍ഥന നടത്തുകയായിരുന്നു സ്ഥാനാര്‍ഥികള്‍ ഇത്രയും നാള്‍.
പാര്‍ട്ടി വോട്ടുകളും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളും ഉറപ്പിച്ച് നിക്ഷ്പക്ഷ മതികളെ വലയിലാക്കാനുള്ള ശ്രമങ്ങളാണ് അങ്കത്തട്ടിലിപ്പോള്‍ സ്ഥാനാര്‍ഥികള്‍ പയറ്റുന്നത്. പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ മുന്നണികളെല്ലാം കൂട്ടലും കിഴിക്കലിലും ഏര്‍പ്പെട്ട് കഴിഞ്ഞു. സാഹചര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഓരോ മുന്നണികളുടെയും പക്ഷം.
നിലവിലുള്ള പഞ്ചായത്തുകള്‍ നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും ഇടത് പക്ഷത്തിന്റെ കയ്യിലുള്ള വൈത്തിരി, മീനങ്ങാടി, തിരുനെല്ലി പഞ്ചായത്തുകളില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടാകുമെന്നും അട്ടിമറി വിജയങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കല്‍പ്പറ്റ നഗരസഭ, നൂല്‍പ്പുഴ പഞ്ചായത്ത് ഉള്‍പ്പെടെ കയ്യില്‍ നിന്ന് വഴുതിപ്പോയവയെല്ലാം ഈ തിരഞ്ഞെടുപ്പില്‍ ജനം എല്‍ ഡി എഫിന്റെ കയ്യിലെത്തിക്കുമെന്നാണ് എല്‍ ഡി എഫ് വാദിക്കുന്നത്. ബി ജെ പിയാകട്ടെ പലയിടങ്ങളിലും അക്കൗണ്ട് തുറക്കപ്പെടുമെന്നും നിര്‍ണ്ണായകശക്തിയാകുമെന്നും ആത്മവിശ്വാസം പ്രകടപ്പിക്കുന്നു.
കണക്ക് കൂട്ടലുകളൊന്നും പിഴക്കാതിരിക്കാനുള്ള കരുനീക്കങ്ങളാണ് മുന്നണികള്‍ നടത്തുന്നത്. അണികളും സ്ഥാനാര്‍ഥികളുമെല്ലാം ആവേശത്തിന്റെ മൂര്‍ധന്യത്തിലെത്തിക്കഴിഞ്ഞു. യു ഡി എഫിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെത്തിയത് പ്രവര്‍ത്തകരില്‍ പുതിയ ഊര്‍ജ്ജം വിതച്ചിരിക്കുകയാണ്. എല്‍ ഡി എഫിന് വേണ്ടി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി, സംസ്ഥാന നേതാക്കളായ ടി കെ ഹംസ, ടി പി രാമകൃഷ്ണന്‍, ബി ജെ പിക്ക് വേണ്ടി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ എം ടി രമേശ് എന്നിവര്‍ പ്രചാരണത്തിനെത്തിയത് പ്രവര്‍ത്തകരുടെയും സ്ഥാനാര്‍ത്ഥികളുടെയും ആത്മവിശ്വാസത്തിന് ബലമേകിയിട്ടുണ്ട്.
ഇന്ന് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ പി സി സി പ്രസിഡന്റ് വിഎം സുധീരനും വ്യാഴാഴ്ച ഉച്ചയോടെ വയനാട്ടിലെത്തുന്ന വ്യവസായ ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജില്ലയിലെ നാലിടത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. ഉച്ചക്ക് 3 മണിക്ക് മേപ്പാടിയില്‍ സംസാരിക്കുന്ന മന്ത്രി, 4 മണിക്ക് സുല്‍ത്താന്‍ ബത്തേരി, 5 മണിക്ക് പനമരം, 5.45ന് കമ്പളക്കാട് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കും. കെ എം ഷാജി എം എല്‍ എയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും നാളെ നടക്കും. 2.30ന് മേപ്പാടി, 4 മണിക്ക് പനമരം, 5 മണിക്ക് കമ്പളക്കാട്, 6.30ന് വെള്ളമുണ്ട എട്ടേനാല്‍ എന്നിവിടങ്ങളിലെ യോഗങ്ങളില്‍ എം എല്‍ എ സംബന്ധിക്കും. 30ന് വെള്ളിയാഴ്ച വയനാട്ടിലെത്തുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, 3 മണിക്ക് കുഞ്ഞോത്ത് പ്രസംഗിക്കും.
തുടര്‍ന്ന് 4 മണിക്ക് പള്ളിക്കല്‍, 4.30ന് കെല്ലൂര്‍, 5.15ന് പടിഞ്ഞാറത്തറ മില്ലുമുക്ക്, 6.30ന് ചുണ്ടേല്‍ എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. വെള്ളിയാഴ്ച 3 മണിക്കാണ് മന്ത്രി എം കെ മുനീറിന്റെ പര്യടന പരിപാടി തുടങ്ങുന്നത്. 3 മണിക്ക് പൊഴുതന, 4 മണിക്ക് തരുവണ, 5 മണിക്ക് ചുള്ളിയോട്, 6 മണിക്ക് മുട്ടില്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മുനീര്‍ സംസാരിക്കും. എല്‍ ഡി എഫിന് വേണ്ടി സിപി ഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ ഇ ഇസ്മായില്‍, ബിനോയ് വിശ്വം, ബി ജെ പിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, ജന സെക്രട്ടറി കെപി ശ്രീശന്‍ തുടങ്ങിയവരും ജില്ലയിലെത്തുന്നതോടെ പ്രവര്‍ത്തകരില്‍ ആവേശം അലതല്ലും. വിമതസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ജില്ലാപഞ്ചായത്ത് മുള്ളന്‍കൊല്ലി ഡിവിഷനിലും പുതിയ രണ്ട് മുനിസിപ്പാലിറ്റികളിലും നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റ് നോക്കുന്നത്. വോട്ടെടുപ്പ് നവംബര്‍ രണ്ടിന് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ 847 പോളിംഗ് സ്റ്റേഷനുകളില്‍ നടക്കും. സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ തയാറാക്കല്‍ ഇന്ന് അതത് വിതരണ കേന്ദ്രത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ നടക്കും. വോട്ടിംഗ് മെഷീനുകള്‍ തയാറാക്കുന്ന അവസരത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
പോളിംഗ് ജോലിക്ക് അതത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ താഴെ പറയുന്ന വിതരണ കേന്ദ്രത്തിലാണ് നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ഹാജരാവേണ്ടത്. അവരവരുടെ ജോലിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് സ്‌റ്റേഷന്‍ വ്യക്തമാക്കുന്ന നിയമന ഉത്തരവ് വിതരണ കേന്ദ്രത്തില്‍ നല്‍കും. ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍
കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തും ബ്ലോക്കിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളും – എസ് കെ എം ജെ ഹൈസ്‌കൂള്‍, കല്‍പറ്റ.
കല്‍പറ്റ മുനിസിപ്പാലിറ്റി – എസ് ഡി എം. എല്‍ പി സ്‌കൂള്‍, കല്‍പറ്റ. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്കിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും – അസംപ്ഷന്‍ ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി.
പനമരം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്കിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളും – ഗവ. എച്ച് എസ് എസ് പനമരം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്കിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും – ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനന്തവാടി.

Latest