Connect with us

Wayanad

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരുണ കാട്ടി; നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസം

Published

|

Last Updated

കല്‍പ്പറ്റ: രോഗികളായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ചികിത്സാ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി. മറ്റ് സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും തീരുമാനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണെങ്കിലും പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സാസഹായം അനുവദിക്കുന്നതിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ ചികിത്സാ ധനസഹായം ലഭിക്കുന്ന രോഗികളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന പ്രത്യേക നിഷ്‌ക്കര്‍ഷയോടെയാണ് കമ്മീഷന്‍ വിലക്ക് നീക്കിയത്. ഗുരുതരാവസ്ഥയിലായ ആദിവാസി രോഗികള്‍ക്ക് മറ്റ് ചികിത്സാ മാര്‍ഗ്ഗങ്ങളില്ലെന്നും സമഗ്ര ആരോഗ്യ പദ്ധതിയിലും മറ്റും ഉള്‍പ്പെടുത്തി ആശുപത്രികളില്‍ ചികിത്സ നടത്തുന്നതിനും തുടര്‍ ചികിത്സക്കുള്ള പണം അനുവദിക്കുന്നതിനും അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഫയല്‍ വിശദമായി പഠിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പബ്ലിസിറ്റി പാടില്ലെന്ന നിബന്ധനയോടെ അനുകൂല തീരുമാനമെടുക്കുകയായിരുന്നു. സംസ്ഥാനത്തെ 200ല്‍ അധികം രോഗികള്‍ക്ക് ഇതുമൂലം വൈകിയാണെങ്കിലും ചികിത്സാസഹായം ലഭിക്കും.