Connect with us

National

ബീഹാറില്‍ മൂന്നാം ഘട്ടം ഇന്ന്

Published

|

Last Updated

പാറ്റ്‌ന: അമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ബീഹാറില്‍ ഇന്ന് നടക്കും. പാറ്റ്‌ന, വൈശാലി, സരണ്‍, നളന്ദ, ബക്‌സര്‍, ഭോജ്പൂര്‍ ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. ആര്‍ ജെ ഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ രണ്ട് മക്കള്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഇവരെ കൂടാതെ പാറ്റ്‌ന സാഹിബില്‍ നിന്ന് ജനവിധി തേടുന്ന ബി ജെ പിയുടെ നന്ദകിഷോര്‍ യാദവ്, ഫുല്‍വാരിയില്‍ മത്സരിക്കുന്ന മന്ത്രി ശ്യാം രജക്, നളന്ദയില്‍ മത്സരിക്കുന്ന മന്ത്രി ശരവണ്‍ കുമാര്‍, അറയില്‍ നിന്ന് ജനഹിതം തേടുന്ന ഡെപ്യൂട്ടി സ്പീക്കര്‍ അമരേന്ദ്ര പ്രതാപ്, കുമഹ്രാറില്‍ പോരിനിറങ്ങിയ സംസ്ഥാന അസംബ്ലിയിലെ ബി ജെ പിയുടെ ചീഫ് വിപ്പ് അരുണ്‍ കുമാര്‍ സിന്‍ഹ തുടങ്ങിയവരാണ് പ്രമുഖ മ ത്സരാര്‍ഥികള്‍. ലാലു പ്രസാദിന്റെ മക്കളായ തേജ് പ്രതാപ് യാദവ്, തേജസ്വി യാദവ് എന്നിവര്‍ യഥാക്രമം മഹുവ, രഘുപൂര്‍ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും.
ആര്‍ ജെ ഡി- 25, ബി ജെ പി- 34, ജെ ഡി യു- 18, കോണ്‍ഗ്രസ്- 7, എല്‍ ജെ പി- 10, ആര്‍ എല്‍ എസ് പി- 2, സി പി ഐ- 19 സീറ്റുകളില്‍ മത്സരിക്കും. ആകെ 808 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരില്‍ 71 പേര്‍ വനിതകളാണ്. 1.45 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക.
ആകെ 14,170 പോളിംഗ് സ്റ്റേഷനുകള്‍ ഉള്ളതില്‍ 6,747 എണ്ണം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളവയും 1,909 എണ്ണം ഇടത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നവയുമാണ്. വോട്ടിംഗ് സുരക്ഷിതമാക്കാന്‍ 1,107 കമ്പനി കേന്ദ്ര അ ര്‍ധസൈനികരെയും സംസ്ഥാന പോലീസിനെയും വിന്യസിക്കും. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 81 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് പൂര്‍ത്തിയായിട്ടുള്ളത്. നവംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് ശേഷിക്കുന്ന മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുക. ആകെ 243 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. നവംബര്‍ എട്ടിന് വോട്ടെണ്ണും.

Latest