Connect with us

Alappuzha

പുതിയ തലമുറയുടെ വികസന സങ്കല്‍പ്പങ്ങളില്‍ അസംതൃപ്തിയുമായി മുന്‍ നഗരപിതാവ്‌

Published

|

Last Updated

ആലപ്പുഴ; പ്രദേശത്തിന്റെ വികസനത്തേക്കാള്‍ പുതിയ തലമുറക്ക് പ്രധാനം താത്പര്യങ്ങള്‍ക്കാണെന്ന് ദീര്‍ഘകാലം ആലപ്പുഴ നഗരസഭയുടെ ഭരണസാരഥ്യം വഹിച്ച എം കൊച്ചുബാവ. ദീര്‍ഘവീക്ഷണത്തോടെ വികസന പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന പഴയ തലമുറയുടെ അര്‍പ്പണ മനോഭാവം പുതിയ തലമുറക്കില്ലാത്തതില്‍ ഇപ്പോഴും ചുറുചുറുക്കോടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ മുതിര്‍ന്ന നേതാവിന് ഉത്കണ്ഠയുണ്ട്.
1968ല്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ ആലപ്പുഴ നഗരസഭയില്‍ കൗണ്‍സിലറായെത്തിയ എം കൊച്ചുബാവക്കായി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നീക്കിവെച്ചിരുന്നു. ആദ്യ തവണ തുടര്‍ച്ചയായ പതിനൊന്നര വര്‍ഷക്കാലം ഈ സ്ഥാനത്ത് തുടര്‍ന്ന കൊച്ചുബാവയുടെ അഭിപ്രായങ്ങള്‍ക്ക് അന്നത്തെ മുതിര്‍ന്ന നേതാക്കള്‍ ഏറെ പ്രാധാന്യം കല്‍പിച്ചിരുന്നു. നയപരമായ എന്ത് തീരുമാനം ഭരണനേതൃത്വം എടുക്കണമെങ്കിലും കൊച്ചുബാവയുടെ സാന്നിധ്യത്തിലേ അതുണ്ടാകുമായിരുന്നുള്ളൂ. വിനയപൂര്‍വമായ പെരുമാറ്റവും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ അവതരിപ്പിക്കാനുള്ള കഴിവും കൊച്ചുബാവയെ പ്രതിപക്ഷത്തിന് പോലും പ്രിയപ്പെട്ടവനാക്കി.
തിരുവിതാംകൂറില്‍ മുസ്‌ലിം ലീഗിന് വേരോട്ടം നേടിക്കൊടുക്കുന്നതിലും കൊച്ചുബാവയുടെ സാമൂഹിക ഇടപെടലുകള്‍ ഏറെ സഹായകമായിട്ടുണ്ട്. 2000ല്‍ പഞ്ചായത്ത്-നഗരപാലിക നിയമം പ്രാബല്യത്തിലാകുന്നതിന് തൊട്ടുമുമ്പ് മൂന്നര വര്‍ഷക്കാലം ചെയര്‍മാനും അതിന് തൊട്ടുമുമ്പ് ആറ് മാസക്കാലം വൈസ് ചെയര്‍മാനുമായിരുന്ന കൊച്ചുബാവ നിരവധി വികസന പദ്ധതികള്‍ക്ക് കാര്‍മികത്വം വഹിച്ചു. നഗരസഭക്ക് ഒരു സ്റ്റേഡിയം എന്ന സ്വപ്‌നപദ്ധതിക്ക് ആരംഭം കുറിച്ചത് ഈ കാലയളവിലാണ്. അതിനും മുമ്പേ ടൗണ്‍ഹാള്‍ യാഥാര്‍ഥ്യമാക്കുന്നതിന് പിന്നിലും കൊച്ചുബാവയുടെ മുന്‍കൈയുണ്ടായിരുന്നു.
നഗരമധ്യത്തിലെ പ്രസിദ്ധമായ സിനിമാ തിയേറ്റര്‍ തുച്ഛമായ വിലക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദം അന്നത്തെ ചെയര്‍മാന്‍ കെ എസ് ജനാര്‍ദനന്റെ സ്ഥാനം തെറിപ്പിച്ചെങ്കിലും നഗരസഭയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു അതെന്ന് ഇതിനെ എതിര്‍ത്തവര്‍ പോലും പിന്നീട് സമ്മതിച്ചതായി കൊച്ചുബാവ ഓര്‍ക്കുന്നു. സിനിമ തിയേറ്റര്‍ സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കുന്നത് തടയാന്‍ വളരെ രഹസ്യമായി നടത്തിയ നീക്കങ്ങളാണ് വിവാദത്തില്‍ പെടുത്തിയത്. നഗരസഭയുടെ വരുമാന വര്‍ധനവിനായി ടൗണ്‍ സ്‌ക്വയറിനോട് ചേര്‍ന്ന് ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിലും നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ച് കടമുറികള്‍ പണികഴിപ്പിക്കുന്നതിലുമെല്ലാം കൊച്ചുബാവയുടെ ഇടപെടലുകള്‍ ദീര്‍ഘദൃഷ്ടിയോടെയുള്ളതായിരുന്നു.
ഇന്നത്തെ പോലെ പ്ലാന്‍ ഫണ്ടോ എം പി, എം എല്‍ എ ഫണ്ടുകളോ ഇല്ലാതിരുന്ന, നഗരസഭയുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്ന കാലത്ത് വരുമാനം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. അത് ഏറെക്കുറെ ഫലം കാണുകയും ചെയ്തു. ഇന്നിപ്പോള്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയം കോംപ്ലക്‌സിലെ കടമുറികള്‍ വര്‍ഷങ്ങളായി വെറുതെ കിടക്കാന്‍ നഗരഭരണാധികാരികളെ പ്രേരിപ്പിക്കുന്നത് പ്ലാന്‍ ഫണ്ടിലൂടെയും മറ്റും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭിക്കുന്നത് കൊണ്ടാണെന്ന് കൊച്ചുബാവ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും ഫണ്ടും ലഭിച്ചുതുടങ്ങിയതോടെ അധികാരത്തിലെത്താനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരവും കൂടുതല്‍ ശക്തമായി.
എന്നാല്‍ വികസന രംഗത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും പരാജയപ്പെടുന്ന കാഴ്ചയാണുള്ളത്. വര്‍ഷാവസാനം വരെ പ്ലാന്‍ ഫണ്ട് വിനിയോഗിക്കാതെ കോടികള്‍ നഷ്ടമാകുന്ന കാഴ്ച ആശങ്കാജനകമാണെന്ന് മുന്‍ നഗരസഭാധ്യക്ഷന്‍ വിലയിരുത്തുന്നു. അഴിമതിയുടെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ കൈകോര്‍ക്കുന്നതും സാധാരണമായിരിക്കുകയാണെന്ന് കൊച്ചുബാവ പരിതപിക്കുന്നു.
അര നൂറ്റാണ്ടോടടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും കാല്‍ നൂറ്റാണ്ടിലേറെയുള്ള നഗരസഭാ ഭാരവാഹിത്വവും കൊച്ചുബാവക്ക് സ്വന്തമെന്ന് പറയാന്‍ വട്ടപ്പള്ളിയിലെ ഓടുമേഞ്ഞ ഇടത്തരം വീട് മാത്രമാണ്. മക്കളുടെ സഹായം കൊണ്ട് പട്ടിണിയില്ലാതെ ജീവിച്ചുപോകുന്നു. കൊച്ചുബാവയുടെ മകള്‍ ബീന കൊച്ചുബാവ ഇത്തവണ സക്കരിയ്യാ വാര്‍ഡില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുണ്ട്. ബീന ഇത് രണ്ടാം തവണയാണ് ജനവിധി തേടുന്നത്.

Latest