എസ് എന്‍ ഡി പി യൂനിയന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

Posted on: October 28, 2015 5:25 am | Last updated: October 28, 2015 at 12:25 am
SHARE

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുംവിധം പ്രചാരണം നടത്തിയതിന് ചങ്ങനാശ്ശേരി എസ് എന്‍ ഡി പി യൂനിയന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കേരള പഞ്ചായത്തീരാജ് ആക്ട് 121 വകുപ്പ് പ്രകാരവും മുനിസിപ്പാലിറ്റി ആക്ട് 145 വകുപ്പ് പ്രകാരവും മതം, വംശം, ജാതി തുടങ്ങിയവ ആധാരമാക്കി തിരഞ്ഞെടുപ്പില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് വിലക്കിയിട്ടുണ്ട്. ഇത് ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും.
സി പി എം നേതാക്കള്‍ക്കും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും എതിരായ പരാമശങ്ങളുമായി ചങ്ങനാശേരി എസ് എന്‍ ഡി പി യൂനിയന്‍ ഇറക്കിയ ലഘുലേഖക്കെതിരെയാണ് നടപടി. പ്രചാരണ നോട്ടീസിലുടനീളം സമുദായസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളാണുള്ളത്. ഈ മാസം 30ന് ചങ്ങനാശ്ശേരി എസ് എന്‍ ഡി പി യൂനിയന്‍ പ്രസിഡന്റും സെക്രട്ടറിയും നോട്ടീസ് അച്ചടിച്ച പ്രസിന്റെ ഉടമയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. ഹാജരായില്ലെങ്കില്‍ കമ്മീഷന്‍ നടപടിയെടുക്കും.
സി പി എം കോട്ടയം ജില്ലാ സെക്രേട്ടറിയറ്റംഗം എ വി റസ്സലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. നമ്മുടെ ദൈവമായ ശ്രീനാരായണ ഗുരുവിനെ നിന്ദയോടുകൂടി ആക്ഷേപിച്ച സി പി എമ്മിന് തക്ക ശിക്ഷ നല്‍കണമെന്നാണ് പരാതിക്ക് ഇടയാക്കിയ ഒരു പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here