ഒരു കക്ഷിക്കും പിന്തുണയില്ല; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ട്രേഡ് യൂനിയന്‍: പെമ്പിളൈ ഒരുമൈ

Posted on: October 28, 2015 5:24 am | Last updated: October 28, 2015 at 12:24 am
SHARE

തൊടുപുഴ: സംഘടനയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കാത്തിടത്ത് ഒരു കക്ഷിക്കും പിന്തുണയില്ലെന്ന് പെമ്പിളൈ ഒരുമൈ. അവിടങ്ങളില്‍ അംഗങ്ങള്‍ക്ക് മനഃസാക്ഷി വോട്ട് വിനിയോഗിക്കാം. പെമ്പിളൈ ഒരുമൈ കോണ്‍ഗ്രസിനെ പിന്തുണക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പാര്‍ട്ടിയും ട്രേഡ് യൂനിയനും രൂപവത്കരിക്കും. ജനപിന്തുണ അനകൂലമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പരിഗണിക്കും. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പല തോട്ടങ്ങളിലും ഊരുവിലക്ക് നേരിടുകയാണെന്നും ഇടുക്കി പ്രസ്‌ക്ലബിന്റെ നേതാവ് നിലപാട് മുഖാമുഖം പരിപാടിയില്‍ പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി, സെക്രട്ടറി രാജേശ്വരി ജോളി എന്നിവര്‍ പറഞ്ഞു.
മറ്റുളള നേതാക്കളെ വിലക്കിയപ്പോഴും ഇ എസ് ബിജിമോളെ എം എല്‍ എ എന്ന നിലയിലാണ് സമരസ്ഥലത്ത് പ്രവേശിപ്പിച്ചത്. എന്നാല്‍ സി പി ഐ നേതാവ് സി എ കുര്യന്റെ നിര്‍ദേശപ്രകാരമാണ് ബിജിമോള്‍ എത്തിയതെന്നറിഞ്ഞപ്പോള്‍ അവരുമായുള്ള സഹകരണം നിര്‍ത്തി. പാര്‍ട്ടി വിലക്കിയിട്ടും സ്വന്തം ഇഷ്ടപ്രകാരം എത്തിയതാണെന്ന് പറഞ്ഞപ്പോഴാണ് കെ പി സി സി സെക്രട്ടറി ലതികാ സുഭാഷിനെ സ്വീകരിച്ചത്. മുഖ്യമന്ത്രിയെയും തൊഴില്‍മന്ത്രിയേയും കാണാന്‍ അവസരം ഉണ്ടാക്കിത്തന്നത് ലതികാസുഭാഷാണ്. എന്നാല്‍ അതിന്റെ പേരില്‍ തങ്ങള്‍ ചോരയും നീരും കൊടുത്തു വളര്‍ത്തുന്ന പെമ്പിളൈ ഒരുമൈയെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ തൊഴുത്തില്‍ കെട്ടാമെന്ന് ആരും കരുതേണ്ട.
യൂനിയനുകളും സര്‍ക്കാറും മാനേജുമെന്റുകളും ഗൂഢാലോചന നടത്തിയാണ് 301 രൂപ വേതനം എന്ന ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരമില്ലാതിരുന്ന പെമ്പിളൈ ഒരുമൈ ഈ തീരുമാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയായിരുന്നു. വേതനപ്രകാരമുളളതിനേക്കാള്‍ കൂടുതല്‍ നുളളുന്ന കൊളുന്തിന് കിലോഗ്രാമിന് അഞ്ച് രൂപ ലഭിക്കണം. ഇത് കിട്ടിയില്ലെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം മെല്ലെപ്പോക്ക് സമരം ആരംഭിക്കും.
ദേവികുളം മണ്ഡലത്തിലെ 33 വാര്‍ഡുകളില്‍ സംഘടന മത്സര രംഗത്തുണ്ട്. ദേവികുളം, മൂന്നാര്‍, പളളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ലോക്കിലെ ആറു ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലും. നേതാക്കളായ കൗസല്യ, സ്റ്റെല്ലാ മേരി എന്നിവരും പങ്കെടുത്തു.