Connect with us

International

മാംസ ഉപഭോഗം ക്യാന്‍സറിന് കാരണമെന്ന റിപ്പോര്‍ട്ട് 'രാഷ്ട്രീയവത്കരിക്കപ്പെട്ട സയന്‍സി'ന്റെ മികച്ച ഉദാഹരണമെന്ന്‌

Published

|

Last Updated

വാഷിംഗ്ടണ്‍: സംസ്‌കരിച്ച മാംസം ക്യാന്‍സറിന് കാരണമാകുമെന്ന വാര്‍ത്ത തള്ളിക്കളഞ്ഞ് ടെക്‌സാസ് അഗ്രികള്‍ച്ചറല്‍ കമ്മീഷനര്‍ സിദ് മില്ലര്‍ രംഗത്തെത്തി. ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് രാഷ്ട്രീയവത്കരിക്കപ്പെട്ട സയന്‍സിന്റെ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാഥാര്‍ഥ്യവുമായി ഒരിക്കലും യോജിക്കാത്ത അബദ്ധ കണ്ടെത്തലാണ് ഇതെന്നും അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. റെഡ് മീറ്റിനെ കുറിച്ച് ദീര്‍ഘകാലം പഠിച്ചു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. സംസ്‌കരിച്ച മാംസം ആരോഗ്യത്തിന്റെ പ്രധാന ഉറവിടമാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെറ്റായ പഠന റിപ്പോര്‍ട്ടിന്റെ പേരില്‍ ആരും മാംസം ഉപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാംസത്തെയും സിഗററ്റിനെയും ഒരേ ഗണത്തില്‍പ്പെടുത്തുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്. അടുത്ത കാലത്തായി മാംസത്തെ എതിര്‍ക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. ഈ പഠനങ്ങളും അതിന്റെ ഭാഗമാണ്- ടെക്‌സാസിലെ ഫാം ബ്യൂറോ വക്താവ് ജീന്‍ ഹെല്‍ പറഞ്ഞു. സംസ്‌കരിച്ച മാസം ഉപയോഗിക്കുന്നത് വന്‍കുടല്‍, വയര്‍ എന്നിവിടങ്ങളിലെയും മറ്റ് അവയവങ്ങളിലും ക്യാന്‍സറിന് സാധ്യത കൂട്ടിയേക്കാമെന്ന് ലോകാരോഗ്യ സംഘടന ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റെഡ് മീറ്റില്‍ സുപ്രധാന പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇവയുടെ കൂടുതല്‍ ഉപഭോഗം വന്‍കുടല്‍, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാറ്റിക്‌സ് എന്നിവിടങ്ങളിലെ ക്യാന്‍സറിന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇത്തരം മാംസങ്ങള്‍ എത്ര ഉപയോഗിച്ചാലാണ് അപകടകരമാകുകയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നും കഴിക്കുന്ന അളവിലുള്ള വര്‍ധന അപകട സാധ്യത ഉണ്ടാക്കുമെന്നാണ് ഏജന്‍സിയുടെ കണ്ടെത്തലിലുള്ളത്.

Latest