Connect with us

International

ഒരു മാസത്തിനിടെ സിറിയയില്‍ 1,20,000 പേര്‍ ഭവനരഹിതരായി

Published

|

Last Updated

ദമസ്‌കസ്: പോരാട്ടം നടക്കുന്ന സിറിയയില്‍ ഈ മാസത്തിനുള്ളില്‍ 120,000 ഓളം പേര്‍ ഭവനരഹിതരായതായി യു എന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥര്‍. ഈ മാസം അഞ്ച് മുതല്‍ 22 വരെ ഇത്രയും പേര്‍ അലപ്പൊ, ഹമ, ഇദ്‌ലിബ് എന്നീ പ്രവിശ്യകളില്‍നിന്നും വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ടെന്ന് യു എന്നിലെ മനുഷ്യാവകാശ വിഭാഗം ഓഫീസ് പറഞ്ഞു. ഭൂരിഭാഗം പേരും ഈ മൂന്ന് പ്രവിശ്യകളില്‍ തുടരുന്നുണ്ടെങ്കിലും കുറച്ച് പേര്‍ തുര്‍ക്കി അതിര്‍ത്തിയിലെ ക്യാമ്പുകളിലേക്ക് പലായനം ചെയ്തതായി യു എന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. അലപ്പോയില്‍ നിന്ന് പലായനം ചെയ്ത ഭൂരിഭാഗം പേരും പടിഞ്ഞാറന്‍ ഭാഗത്തെ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കുമാണ് പോയത്. പലായനം ചെയ്തവര്‍ക്ക് ടെന്റുകളും അടിസ്ഥാന വീട്ടുപകരണങ്ങളും ഭക്ഷണവും വെള്ളവും ആവശ്യമാണെന്ന് ദുജാരിക് പറഞ്ഞു. മൂന്ന് പ്രവിശ്യകളില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് യു എന്‍ ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ സിറിയയില്‍നിന്നും ഒരു ലക്ഷത്തോളം പേര്‍ പലായനം ചെയ്തുവെന്ന നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സിലിന്റെ തിങ്കളാഴ്ചത്തെ റിപ്പോര്‍ട്ടിനെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ യു എന്‍ റിപ്പോര്‍ട്ട്. സിറിയക്കാരായ പുതിയ അഭയാര്‍ഥികളുടെ വരവ് രാജ്യത്തെ അഭയാര്‍ഥി ക്യാമ്പുകളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണെന്നും കൗണ്‍സില്‍ പറഞ്ഞിരുന്നു.