Connect with us

Ongoing News

അഭയാര്‍ഥികള്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാം

Published

|

Last Updated

യു എന്‍: പ്രതിഭാധനരായ അത്‌ലറ്റുകള്‍, അവര്‍ അഭയാര്‍ഥികളാണെങ്കില്‍ ഒളിമ്പിക്‌സില്‍ മത്സരിപ്പിക്കുവാന്‍ അനുവദിക്കുമെന്ന് രാജ്യാന്തര ഒളിമ്പിക് സമിതി (ഐ ഒ സി) യു എന്‍ ജനറല്‍ അസംബ്ലിയില്‍ അറിയിച്ചു. അതുപോലെ, 2016 ഒളിമ്പിക്, പാരാലിമ്പിക്‌സ് കാലയളവില്‍ അംഗരാഷ്ട്രങ്ങള്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഐ ഒ സി മേധാവി തോമസ് ബാച് അഭ്യര്‍ഥിച്ചു. അതിര്‍ത്തി തര്‍ക്കം, യുദ്ധം എന്നിവയില്‍ നിന്നെല്ലാം രാഷ്ട്രങ്ങള്‍ പിന്‍മാറുകയും അഭയാര്‍ഥികളില്‍ മികച്ച അത്‌ലറ്റുകളുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യണം. അഭയാര്‍ഥികള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത് ലോകത്തിലെ ലക്ഷോപലക്ഷം വരുന്ന അഭയാര്‍ഥികളില്‍ പ്രത്യാശയുംപ്രതീക്ഷയും നിറയ്ക്കുമെന്നും ബാച് അഭിപ്രായപ്പെട്ടു.
നിലവിലെ നിയമപ്രകാരം രാജ്യത്തെയോ, ദേശീയ ഒളിമ്പിക് സമിതിയെയോ പ്രതിനിധാനം ചെയ്യാന്‍ സാധിക്കാത്ത അഭയാര്‍ഥികള്‍ക്ക് ഒളിമ്പിക്‌സ് അന്യമാണ്. എന്നാല്‍, അത്തരം പ്രതിബന്ധങ്ങളെല്ലാം എടുത്തു മാറ്റുകയാണ്. റിയോ ഒളിമ്പിക് വില്ലേജില്‍ 206 ദേശീയ ഒളിമ്പിക് സമിതികളില്‍ നിന്നായെത്തുന്ന 11000 ത്തോളം വരുന്ന അത്‌ലറ്റുകള്‍ക്കൊപ്പം അവര്‍ക്കും താമസിക്കാം. അഭയാര്‍ഥികള്‍ക്ക് ഒരു ദേശീയതയും ആവശ്യമില്ല, ദേശീയ പതാക, ദേശീയ ഗാനം ഇതൊന്നും വേണ്ട. ഒളിമ്പിക് സമിതിയുടെ പതാകയും ഗാനവും അവര്‍ക്ക് സ്വന്തമാണ് – തോമസ് ബാച് പറഞ്ഞു.
നിലവില്‍ ഇരുപത് ദശലക്ഷം അഭയാര്‍ഥികള്‍ ലോകത്തുണ്ടെന്നാണ് ഏകദേശ കണക്ക്. യൂറോപ്പില്‍ ഈ വര്‍ഷമെത്തിയ അഭയാര്‍ഥികള്‍ അഞ്ച് ലക്ഷം കവിയും. പതിനായിരങ്ങള്‍ ഇപ്പോഴും പ്രവേശിച്ചു കൊണ്ടിരിക്കുന്നു – യു എന്‍ അഭയാര്‍ഥി ചീഫ് അന്റോണിയോ ഗ്യുട്ടിറെസ് പറഞ്ഞു.