ഇന്ന് ആ ഇന്ത്യയെവിടെ?

Posted on: October 28, 2015 6:00 am | Last updated: October 28, 2015 at 12:06 am
SHARE

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. പുതിയ പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് ഞാന്‍ മുഖ്യമന്ത്രിയായ കാലത്താണ്. അതിന് ശേഷം ഒട്ടേറെ മാറ്റങ്ങള്‍ വന്നു. 20 വര്‍ഷം മുമ്പുള്ള തദ്ദേശ ഭരണമല്ല ഇപ്പോഴത്തേത്. പിന്നീട് കേരളം ഭരിച്ച ഓരോ സര്‍ക്കാറുകളും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി. ഇപ്പോഴത് പ്രാദേശിക സര്‍ക്കാറുകള്‍ തന്നെയായി മാറി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ റെക്കോര്‍ഡ് സാമ്പത്തിക സഹായമാണ് നല്‍കിയത്. ഇപ്പോഴത്തേത് സര്‍വകാല റെക്കോര്‍ഡുമാണ്. എല്ലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് നല്‍കാന്‍ യു ഡി എഫ് സര്‍ക്കാറിന് കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം രാജീവ്ഗാന്ധി ആഗ്രഹിച്ച തലത്തിലേക്ക് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുവെന്നതാണ് ശരി. തദ്ദേശ സ്ഥാപനങ്ങളെയെല്ലാം സാമ്പത്തികമായി കൂടുതല്‍ ശക്തിപ്പെടുത്തി.
കൂടുതല്‍ ശക്തമായിരിക്കുന്ന തദ്ദേശ ഭരണത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് തന്നെയാണ് മുന്‍ഗണന. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, ജനപക്ഷത്ത് നില്‍ക്കുന്ന, ജനങ്ങളുടെ ദുരിതത്തിനൊപ്പം നില്‍ക്കുന്ന, കുടിവെള്ളം, വൈദ്യുതി, മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തന്നെയാണ് മുന്‍ഗണന. പക്ഷേ, മുന്‍ഗണന അവിടംകൊണ്ട് അവസാനിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പ് ഫൈനലിന് മുമ്പുള്ള ഘട്ടമാണ്. അരുവിക്കര തിരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ പറഞ്ഞ കാര്യം ഒരിക്കല്‍ കൂടി പറയുന്നു. സെമിഫൈനല്‍ കഴിയുമ്പോള്‍ ഇപ്പോള്‍ ബഹളം വെക്കുന്നവര്‍ കളത്തിന് പുറത്തുപോകും. ഫൈനലില്‍ യു ഡി എഫും എല്‍ ഡി എഫും മാത്രമായിരിക്കും ഉണ്ടാവുക. ഈ സെമി ഫൈനലോടെ ബി ജെ പി ക്ലീന്‍ ഔട്ടാകും. കേരളത്തിന്റെ രക്ഷക്ക്, ഐശ്വര്യത്തിന്, പുരോഗതിക്ക്, വികസനത്തിന്, സമാധാനത്തിന് വേണ്ടി ഭരണ തുടര്‍ച്ച ഉണ്ടാകണം. അഞ്ച് വര്‍ഷം കൂടി യു ഡി എഫ് ഭരണത്തില്‍ തുടരണം. ഈ തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തില്‍ ഭരണത്തുടര്‍ച്ചയുടെ പ്രഖ്യാപനമായി മാറണം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയ അതിശയകരമായ മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കണം.
ഞാന്‍ കൂടുതല്‍ സമയവും ഡല്‍ഹിയിലാണ് ചെലവഴിക്കുന്നത്. അവിടെ നിന്ന് കേരളത്തെ വീക്ഷിക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നത്. വികസന കാര്യത്തില്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍, ദുര്‍ബലര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതില്‍, യുവാക്കള്‍ക്ക് പ്രത്യാശ നല്‍കുന്നതില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമായി കേരളം മാറി. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിന്റെ മാതൃകയിലേക്ക് മാറുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സമസ്ത വികസനമാണ് ഉണ്ടായിരിക്കുന്നത്. ക്രമസമാധാന പരിപാലനത്തില്‍ കേരളം ഒന്നാംസ്ഥാനത്താണ്. വടക്കേ ഇന്ത്യയില്‍ ജീവിക്കാന്‍ പോലും പേടി തോന്നുന്ന കാലഘട്ടത്തിലാണിതെന്നോര്‍ക്കണം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എത്താത്ത മേഖലയില്ല. 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികില്‍സാ സൗജന്യം. സൗജന്യ ക്യാന്‍സര്‍ ചികില്‍സ, കാരുണ്യാ പദ്ധതി, ആശ്രയ പദ്ധതി. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരവധി വേറെയുമുണ്ട്. വികസനത്തിനൊപ്പം അനുകമ്പയുടെ, കാരുണ്യത്തിന്റെ കൂടി മുഖമുണ്ട് സര്‍ക്കാരിന്. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് മറക്കാനാകില്ല.
യുവാക്കള്‍ക്ക് ഏറെ പ്രത്യാശ നല്‍കുന്ന സര്‍ക്കാറാണിത്. അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ ഇല്ലാത്തത് കേരളത്തിലെ ഒരു പ്രശ്‌നമാണ്. മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ ആളെ ക്കിട്ടാത്ത സ്ഥിതിയുണ്ടെന്നത് വേറെ കാര്യം. അത്തരം ജോലികള്‍ ചെയ്യുന്നത് 25 ലക്ഷത്തിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. കേരളത്തില്‍ തൊഴിലില്ലാത്തവരില്‍ വലിയൊരു വിഭാഗവും അഭ്യസ്തവിദ്യരാണ്. എസ് എസ് എല്‍ സി മുതല്‍ എം ടെക് വരെ പഠിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കാലം മാറിയതോടെ കുലത്തൊഴിലുകളുടെ തുടര്‍ച്ചയിലും മാറ്റം വന്നു. കര്‍ഷക ത്തൊഴിലാളിയുടെ മകന്‍ കൃഷിയിലേക്ക് ഇറങ്ങുന്നില്ല. വേറെ ഏതെങ്കിലും തൊഴില്‍ ചെയ്തിരുന്നയാളുടെ മക്കള്‍ അതേ തൊഴിലിലേക്ക് മാറുന്നില്ല. താന്‍ ചെയ്യുന്നതിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ജോലി തന്റെ മക്കള്‍ ചെയ്യണമെന്നാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. താന്‍ ജീവിച്ച കാലത്തേക്കാള്‍ മെച്ചപ്പെട്ട സാമൂഹിക പദവിയുള്ള ജോലി മക്കള്‍ നേടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തിന്റെ മര്‍മം നോക്കിയാണ് യു ഡി എഫ് സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ക്ക് രൂപം നല്‍കിയത്. ഇപ്പോള്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് ജോലി തേടി ബംഗ്ലൂരുവിലോ ഹൈദരാബാദിലോ മറ്റ് സംസ്ഥാനങ്ങളിലോ പോകേണ്ടതില്ല. അവര്‍ക്കുള്ള തൊഴില്‍ കേരളത്തില്‍ തന്നെയുണ്ട്. ഇത് യുവാക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അതിശയകരമായ മാറ്റം കേരളത്തില്‍ നടക്കുന്നുവെന്നാണ് പുറത്തുള്ള സംസാരം. കേരളത്തെക്കുറിച്ചുള്ള ചിത്രം തന്നെ മാറി. സുരക്ഷിതമായ നിക്ഷേപത്തിന് പറ്റിയ സംസ്ഥാനം എന്നാണ് ഇപ്പോള്‍ എല്ലാവരും കേരളത്തെ വിശേഷിപ്പിക്കുന്നത്. കേരളം ഇനിയും സാഹചര്യങ്ങള്‍ അനുകൂലമാക്കി മാറ്റണം.
17 മാസം മുമ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരുപാട് പേര്‍ ബി ജെ പിക്ക് വോട്ടു ചെയ്തു. അന്ന് എന്തായിരുന്നു സ്ഥിതി? എന്തൊക്കെയായിരുന്നു വാഗ്ദാനങ്ങള്‍. ഇന്നിപ്പോള്‍ രാജ്യത്തിന്റെ വികസനവും ഐശ്വര്യവും പുരോഗതിയും എവിടെയെത്തി നില്‍ക്കുന്നു. അന്താരാഷ്ട്രതലത്തില്‍ എണ്ണ വില മൂന്നിലൊന്നായി കുറഞ്ഞപ്പോള്‍ കിട്ടിയ പണത്തിന്റെ പ്രയോജനം പോലും ജനങ്ങളിലേക്ക് എത്തിച്ചില്ല. വ്യവസായികള്‍ നരേന്ദ്ര മോദിക്ക് വോട്ടുകള്‍ മാത്രമല്ല, ചാക്കുകെട്ടുകള്‍ നിറച്ച് പണവും കൊടുത്തു. ഇപ്പോഴെന്താണ് സ്ഥിതി? നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്കില്ല. കാര്‍ഷിക മേഖല അപ്പാടെ തകര്‍ന്നു. കര്‍ഷക ആത്മഹത്യ ഭയനകമായി പെരുകുന്നു. തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ല. ഇന്ത്യ ആയിരം പുഷ്പങ്ങളുള്ള ഉദ്യാനം പോലെ നാനാജാതി മതസ്ഥര്‍ വാഴുന്ന സുന്ദരദേശമായിരുന്നു. വൈവിധ്യ സംസ്‌കാരങ്ങളാല്‍ സമ്പന്നമായിരുന്നു ഇന്ത്യ. ജാതി മത ഭാഷ വര്‍ഗ വര്‍ണ ഭേദങ്ങള്‍ എല്ലാവരും അംഗീകരിച്ച മാതൃകാ രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് ആ ഇന്ത്യയെവിടെ? രാജ്യമാകെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. എന്ത് കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, ഏത് ഭാഷപറയണം ഇതെല്ലാം നിശ്ചയിക്കുന്നത് ആര്‍ എസ് എസും ബി ജെ പിയും സംഘ്പരിവാര്‍ ശക്തികളുമാണ്. ഹിറ്റ്‌ലര്‍ ഇങ്ങനെയായിരുന്നു. അതാണ് ഇപ്പോള്‍ ബി ജെ പിയും നടപ്പാക്കുന്നത്. യു പിയിലെ മുസാഫര്‍നഗര്‍, ദാദ്രി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലുണ്ടായ ദാരുണ സംഭവങ്ങള്‍ പൈശാചികമാണ്. ആട്ടിറച്ചി കഴിച്ചയാളെ പശുവിറച്ചി കഴിച്ചുവെന്ന് ആക്ഷേപമുന്നയിച്ച് അരുംകൊല ചെയ്യുന്നു. ദളിതരെയും ദളിത് കുരുന്നുകളെയും ചുട്ടെരിക്കുന്നു. എന്ത് എഴുതണമെന്ന് ആര്‍ എസ് എസും ബി ജെ പിയും തീരുമാനിക്കുന്നു. അതിനെ എതിര്‍ക്കുന്നവരെ ക്രൂരമായി കൊലപ്പെടുത്തുന്നു. ഗാന്ധിജിയും നെഹ്‌റുവും വിഭാവനം ചെയ്ത ഇന്ത്യ എവിടെ? എല്ലാം തല്ലിത്തകര്‍ത്തില്ലേ? കാശ്മീരില്‍ 66 വര്‍ഷം ഭീകരവാദികള്‍ക്ക് ചെയ്യാന്‍ കഴിയാത്തതാണ് മോദി ഇപ്പോള്‍ ചെയ്യുന്നത്.
രാജ്യം മഹാവിപത്തിലേക്കും ആപത്തിലേക്കുമാണ് നീങ്ങുന്നത്. കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയാണ്. പക്ഷേ, അവരെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസാണ്. ബി ജെ പി സര്‍ക്കാറിന്റെ ഒരുവര്‍ഷത്തെ ഭരണനേട്ടം അവതരിപ്പിച്ചത് ആര്‍ എസ് എസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മുന്നിലാണ്. ആര്‍ എസ് എസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ഭരണം മാറി.
കേരളത്തില്‍ ഭാഗ്യവശാല്‍ ഇത്രയേറെ വിപത്ത് ഉണ്ടായിട്ടില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കുന്നവരാണ് കേരളീയര്‍. അതുകൊണ്ട് കേരളത്തില്‍ അത്രപ്രശ്‌നമില്ല. പക്ഷേ, കേരളത്തില്‍ അതുണ്ടായാല്‍ ഇതിനേക്കാള്‍ ആപത്താണ്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ഒരുമിച്ച് ജീവിക്കുന്ന ഇടങ്ങളാണ്‌കേരളത്തിലെ ഓരോ ഗ്രാമവും. അതുകൊണ്ടുതന്നെ, വടക്കേ ഇന്ത്യയില്‍ ആര്‍ എസ് എസ് അഴിച്ചുവിട്ട മതവിദ്വേഷത്തിന്റെ വര്‍ഗീയ വിഷക്കാറ്റ് കേരളത്തില്‍ ആഞ്ഞുവീശാന്‍ അനുവദിക്കരുത്.
ദേശീയതലത്തില്‍ ബി ജെ പിയെ എതിര്‍ക്കുമെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയുന്നത്. വടക്കേ ഇന്ത്യയില്‍ മേല്‍വിലാസം പോലും ഇല്ലാത്ത അവര്‍ എങ്ങനെ ബി ജെ പിയെ നേരിടും. ഇന്ന് ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും നേതൃത്വത്തിലുള്ള കടന്നാക്രമണങ്ങളെ ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. വടക്കേ ഇന്ത്യയില്‍ അഡ്രസില്ലാത്ത പാര്‍ട്ടികള്‍ ബി ജെ പിക്കെതിരെ വീരവാദം മുഴക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് മനസ്സിലാകുന്നില്ല. ആര്‍ എസ് എസിന്റെ അജന്‍ഡ പൂര്‍ണമായി ഇന്ത്യയില്‍ നടപ്പാകാതെ പോകുന്നതിന് കാരണം നെഹ്‌റുവിന്റെ ദര്‍ശനങ്ങളാണ്. അവര്‍ നെഹ്‌റു കുടുംബത്തെ ഉറക്കത്തില്‍ പോലും ഭയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here