ബജറ്റ്; സാമൂഹിക മേഖലക്ക് മുന്തിയ പരിഗണന

Posted on: October 27, 2015 9:00 pm | Last updated: October 27, 2015 at 9:26 pm
SHARE

അബുദാബി: യു എ ഇ ഫെഡറല്‍ ക്യാബിനറ്റ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ മുന്തിയ പരിഗണന ലഭിക്കുക സാമൂഹിക മേഖലക്ക്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഫെഡറല്‍ ബജറ്റിന് അംഗീകാരം നല്‍കിയത്.
55 ശതമാനം സാമൂഹിക വികസനത്തിനും പൊതു സേവനങ്ങള്‍ക്കും ഒപ്പം ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്കുമായി മാറ്റിവെക്കാന്‍ ബജറ്റ് തീരുമാനിച്ചതാണ് സാമൂഹിക മേഖലയില്‍ വലിയ മാറ്റത്തിന് ഇടയാക്കുകയെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കണക്കുകൂട്ടുന്നത്. അശേഷം കമ്മിയില്ലാത്ത ബജറ്റില്‍ മൊത്തം വിലയിരുത്തിയിരിക്കുന്നത് 4,850 കോടി ദിര്‍ഹമാണ്.
പ്രസിഡന്‍ഷ്യല്‍ പാലസിലാണ് ഞായറാഴ്ച ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ക്യാബിനറ്റ് യോഗം ചേര്‍ന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്യാബിനറ്റ് ചേര്‍ന്നതെന്നും യു എ ഇ സര്‍ക്കാരിന്റെ തന്ത്രപരമായ നയങ്ങളാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വരുമാനസ്രോതസുകളെ പരമാവധി ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് സന്തോഷം പ്രദാനം ചെയ്യാനും രാജ്യത്തിന്റെ യശസ്സ് ആഗോളതലത്തില്‍ ഉയര്‍ത്താനുമാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
അറബ് മേഖലയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഓഫീസ് ആരംഭിക്കുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് യു എന്നുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി 2021 ആവുമ്പോഴേക്കും 24 ശതമാനം വൈദ്യുതി ശുദ്ധമായ ഊര്‍ജസ്രോതസുകളായ സൗരോര്‍ജം ഉള്‍പെടെയുള്ളവയില്‍ നിന്നു ലഭ്യമാക്കാനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
സ്വദേശികളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും അവരുടെ ഭാവിക്കായി നിക്ഷേപം സമാഹരിക്കുകയുമാണ് സര്‍ക്കാരിന്റെ മുഖ്യ അജണ്ട. യു എ ഇ 2021 വീക്ഷണത്തിന്റെ ഭാഗമായാണ് പുതിയ ബജറ്റും അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് സാമൂഹിക കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനാല്‍ യു എ ഇയില്‍ താമസിക്കുന്ന സ്വദേശികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് കൂടുതല്‍ മികച്ച വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക സേവനങ്ങള്‍ക്കും മറ്റുമായി നീക്കിവെച്ചിരിക്കുന്ന തുകയില്‍ 21.2 ശതമാനം വിദ്യാഭ്യാസത്തിനും 15.5 ശതമാനം സാമൂഹിക വികസനത്തിനും 11.1 ശതമാനം പൊതുസേവനങ്ങള്‍ക്കും 7.9 ശതമാനം ആരോഗ്യമേഖലക്കുമായാണ് വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം പ്രതിരോധം, പാര്‍പ്പിടം, പൊതുസുരക്ഷ, സാമ്പത്തികം, പരിസ്ഥിതി, സാംസ്‌കാരികം തുടങ്ങിയവക്കായും ആവശ്യമായ തുക ബജറ്റിലുണ്ട്. ക്യാബിനറ്റ് യോഗത്തില്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here