എണ്ണ വിലയില്‍ അടുത്ത വര്‍ഷം മാറ്റമുണ്ടാകുമെന്ന് ഊര്‍ജ മന്ത്രി

Posted on: October 27, 2015 8:58 pm | Last updated: October 27, 2015 at 8:58 pm
SHARE

അബുദാബി: അടുത്ത വര്‍ഷം ആഗോള വിപണിയില്‍ എണ്ണ വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യു എ ഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ അഭിപ്രായപ്പെട്ടു. അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ഫറന്‍സിലാണ് അല്‍ മസ്‌റൂഇ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് യു എ ഇ കമ്പോളത്തില്‍ ഇടപെടലുകളൊന്നും നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അതേസമയം നിലവിലെ എണ്ണവില കുറയുന്ന സാഹചര്യം ആവശ്യം വര്‍ധിക്കാനിടയുള്ളതിനാല്‍ വിലയിലും ഇത് പ്രകടമാകുമെന്നാണ് പ്രതീക്ഷ. നിലവിലെ എണ്ണവില ശരിയാണെന്ന് പറയാനാവില്ല. ഓരോ ഉത്പന്നത്തിനും ഓരോ കാലത്ത് വ്യത്യസ്തമായ വിലയാണ് കമ്പോളത്തില്‍ കണ്ടുവരുന്നത്. എണ്ണവില ബാരലിന് 80ഓ 70ഓ യു എസ് ഡോളറായാല്‍ വിലയില്‍ സ്ഥിരതയുണ്ടാകുമെന്ന് പറയാം. ഇറാനെതിരായ യു എന്‍ ഉപരോധം പൂര്‍ണമായും ഒഴിവായാല്‍ ഇറാനിയന്‍ എണ്ണ കമ്പോളത്തിലെത്തുമെന്നും ഇത് വിലയില്‍ കുറവുണ്ടാവാന്‍ ഇടയാക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണത്തിന് ഇറാനും എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ ഭാഗമാണെന്നായിരുന്നു അല്‍ മസ്‌റൂഇയുടെ മറുപടി.
എണ്ണവിലയുടെ കാര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനങ്ങള്‍ കൈകൊള്ളാറുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here