Connect with us

International

സര്‍ക്കാര്‍, സൈനിക ഒത്താശയോടെ മ്യാന്മറില്‍ റോഹിംഗ്യന്‍ വംശഹത്യ; തെളിവുകള്‍ പുറത്ത്

Published

|

Last Updated

നായ്പിഡോ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്‍മര്‍ സര്‍ക്കാറിന്റെ ഒത്താശയോടെ നടന്ന വംശഹത്യയുടെ ശക്തമായ തെളിവുകള്‍ പുറത്തു വന്നു. അമേരിക്കയിലെ യേല്‍ യൂനിവേഴ്‌സിറ്റി വിഭാഗം നടത്തിയ എട്ട് മാസം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ അരങ്ങേറിയ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. അല്‍ജസീറയും മ്യാന്‍മറിലെ മനുഷ്യാവകാശ സംഘടനകളും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു.
രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിംഗ്യകള്‍ക്കെതിരെ നിരന്തരം സാമുദായിക സംഘര്‍ഷത്തിന് പ്രേരണ നല്‍കിയെന്നതാണ് പ്രധാന കണ്ടെത്തല്‍. മുസ്‌ലിംകളെ കുറിച്ച് മ്യാന്‍മറിലെ ആളുകള്‍ക്ക് ഭീതിപ്പെടുത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രസംഗങ്ങള്‍ നടത്താനും ഈ ആവശ്യത്തിന് വേണ്ടി മ്യാന്മറിലെ ബുദ്ധ തീവ്രവാദികള്‍ക്ക് പണം കൊടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 25 വര്‍ഷത്തിനിടക്ക് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് അടുത്ത മാസം എട്ടിന് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിലവില്‍ ഭരണത്തിലിരിക്കുന്ന സൈനിക പിന്തുണയുള്ള യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (യു എസ് ഡി പി) മുസ്‌ലിംകളെ അരികുവത്കരിക്കാനും റോഹിംഗ്യകളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്താനും തീവ്രശ്രമങ്ങള്‍ നടത്തിയതായി തങ്ങള്‍ക്ക് ലഭിച്ച രഹസ്യരേഖകളുടെ അടിസ്ഥാനത്തില്‍ അല്‍ ജസീറ വ്യക്തമാക്കി. ഇതു സംബന്ധിച്ച് മ്യാന്‍മര്‍ പ്രസിഡന്റിനോടും സര്‍ക്കാര്‍ വക്താക്കളോടും അല്‍ ജസീറ പ്രതികരണം ആവശ്യപ്പെട്ടെങ്കിലും ആരും മുന്നോട്ടുവന്നിട്ടില്ല. ഘട്ടംഘട്ടമായി റോഹിംഗ്യന്‍ വംശജരെ ഉന്മൂലനം ചെയ്യുകയാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.
ബര്‍മയില്‍ ജീവിക്കുന്ന മുസ്‌ലിംകളെ അരികുവത്കരിക്കുക, ജനസംഖ്യ കുറക്കുക, അടിച്ചമര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് പ്രസിഡന്റ് തീന്‍ സീന്‍ നിരവധി തവണ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി. ഇത് സര്‍ക്കാറിന്റെ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്. 2012ല്‍ റോഹിംഗ്യന്‍ മുസ്‌ലിംകളും റാഖിനെയിലെ ബുദ്ധതീവ്രവാദികളും തമ്മില്‍ നടന്ന സംഘര്‍ഷം നേരത്തെ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ അരങ്ങേറിയതാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് റോഹിംഗ്യകള്‍ അന്ന് കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് വീടുകള്‍ ബുദ്ധ തീവ്രവാദികള്‍ അന്ന് അഗ്നിക്കിരയാക്കി.
ഇതൊരു സാമുദായിക സംഘര്‍ഷമായിരുന്നില്ലെന്നും മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ പെന്നി ഗ്രീന്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നാഷനല്‍ സ്റ്റേറ്റ് ക്രൈം ഇനിഷ്യേറ്റീവ്(ഐ എസ് സി ഐ) ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. കലാപം നടക്കുന്ന പ്രദേശത്തിന് പുറത്തുള്ള ഭാഗങ്ങളില്‍ നിന്ന് ബുദ്ധ തീവ്രവാദികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ബസുകള്‍ പോലും തയ്യാറാക്കിയിരുന്നതായി അദ്ദേഹം പറയുന്നു. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു.
മ്യാന്‍മര്‍ സര്‍ക്കാറിന്റെ ഏജന്റുകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് പ്രവര്‍ത്തിച്ചു, മുസ്‌ലിംകളെ കുറിച്ച് ഭയം സൃഷ്ടിക്കുന്നതിന് പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉപയോഗിച്ചു, മ്യാന്‍മറില്‍ ശക്തമായ വംശഹത്യ അരങ്ങേറി, പ്രസിഡന്റ് തീന്‍ സീനിനെ വംശഹത്യ കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് പിന്നിലെല്ലാം മ്യാന്‍മര്‍ സൈന്യത്തിന്റെ പങ്കും വ്യക്തമാണ്. ഇവര്‍ നേരിട്ട് സംഘര്‍ഷങ്ങളില്‍ ഇടെപെടുന്നതിന് പകരം പണം കൊടുത്ത് ആളുകളെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിടുകയായിരുന്നു. ബുദ്ധ തീവ്രവാദികളും ഈ വിധത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ആളെ ഇറക്കാന്‍ പണം നല്‍കിയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അടുത്ത് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മുസ്‌ലിം സ്ഥാനാര്‍ഥികളെ വ്യാപകമായ രീതിയില്‍ തഴയപ്പെട്ടത് മ്യാന്മര്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മുസ്‌ലിം വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Latest