ദളിതനായി ജനിച്ചാല്‍…

Posted on: October 27, 2015 9:51 am | Last updated: October 27, 2015 at 1:21 pm
SHARE

illustration- by aneeskaഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ പുറം ലോകമറിയാത്ത ആഭാസ-ആചാരങ്ങള്‍ ഒട്ടേറെയുണ്ടെന്ന് വര്‍ത്തമാന കാല സംഭവങ്ങള്‍ ഇപ്പോള്‍ ഒന്നിടിവിട്ട ദിവസങ്ങളില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സവര്‍ണ പേക്കൂത്തിന്റെ ഏറ്റവും വലിയ മാതൃകകളായി നമുക്ക് മുന്നില്‍ തെളിയുന്ന ഇത്തരം കാര്യങ്ങളെ ന്യായീകരിക്കുന്നവര്‍ ഭരണകൂടത്തിലും സമൂഹത്തിലും ഒന്നിനു പിറകെ ഒന്നൊന്നായി മുളച്ചു പൊന്തുന്നതും പതിവനുഭവമായി മനസ്സാക്ഷിയെ പൊള്ളിക്കുന്നു. ജാത്യാചാരങ്ങള്‍ മൂലമുള്ള അസമത്വങ്ങള്‍ പൂര്‍ണമായി ഇല്ലാതായെന്നഭിമാനിക്കുകയോ അല്ലെങ്കില്‍ അങ്ങനെ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഒരു രാജ്യത്ത് വീണ്ടും വീണ്ടും അതി കഠിനമായ രീതിയില്‍ വര്‍ണ വ്യത്യാസങ്ങള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ജനം അന്തം വിട്ടു നില്‍ക്കുന്നു. വര്‍ണവ്യത്യാസത്തിന്റെ പേരില്‍ പാശ്ച്യാത്യ നാടുകളില്‍ കലാപമുണ്ടാകുമ്പോള്‍ ആര്‍ഷ ഭാരത സംസ്‌കാരം ചൂണ്ടിക്കാട്ടി ഇങ്ങോട്ടു നോക്കൂയെന്ന് അഭിമാനത്തോടെ പറഞ്ഞവര്‍ക്ക് ഇപ്പോഴെന്തു പറ്റിയെന്ന് മറ്റുള്ളവര്‍ ആരായുമ്പോള്‍ കാലങ്ങളായി ആര്‍ഷ ഭാരതത്തിന്റെ പേരില്‍ മൂടിവെച്ച മുഖത്തെ കാപട്യമാണ് അഴിഞ്ഞു വീഴുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മാത്രം സവിശേഷതയായ ഒരു സാമൂഹിക ബഹിഷ്‌കരണ രൂപമാണ് ജാതിയെന്നും അത് മറ്റെവിടെയും ഈരൂപത്തില്‍ വോരാഴ്ത്തിക്കിടക്കുന്നില്ലെന്നും കൃത്യമായി നമുക്കിപ്പോള്‍ പറയാനാകും. സാമ്പത്തികവും സാമൂഹികവുമായി ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തുന്ന ഈ പ്രാചീന സമ്പ്രദായം ലോകത്തെവിടെയും ഇത്ര വിസ്തൃതമായി കാണാനാകില്ല. ജാതി ഒരു അധികാര ശ്രേണിയായാണ് അന്നും ഇന്നും ഇന്ത്യയിലെ സവര്‍ണര്‍ കണക്കാക്കുന്നത്. മനുസ്മൃതി പോലുള്ള നിരവധി വേദ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലാണ് സവര്‍ണര്‍ ജാതിക്ക് നീതീകരണം നല്‍കുന്നത്. സൈന്ധവ നാഗരികതയിലും വേദകാല സമൂഹത്തിലും ചില തരത്തിലുള്ള സാമൂഹിക വര്‍ഗീകരണങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും ജാതി അവിടെ ഇപ്പോഴുള്ളതു പോലെ ഒരു നിലനിന്ന രൂപമായിരുന്നില്ലത്രേ. പൊതുവില്‍ കരുതുന്നതു പോലെ ജാതിവ്യവസ്ഥക്ക് അയ്യായിരം വര്‍ഷത്തെ പഴക്കമൊന്നുമില്ലെന്ന് ചരിത്രകാരന്മാര്‍ വിവക്ഷിക്കുമ്പോള്‍ ആരാണ് ജാതി വ്യവസ്ഥയെ ഈ രീതിയില്‍ സൃഷ്ടിച്ചതെന്ന് എളുപ്പം കണ്ടെത്താനാകും.
ലോക ഗതിയിലും സാംസ്‌കാരിക ജീവിതത്തിലും സാമൂഹിക രംഗത്തും വന്‍കിട മാറ്റങ്ങള്‍ക്കു കാരണമായ ജാതിവ്യവസ്ഥ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പ്രകടമായിട്ടുള്ളത്. ഇന്തോ യൂറോപ്യന്‍മാരായ ആര്യന്‍മാരുടെ അധിനിവേശവുമായി ബന്ധപ്പെട്ടാണിത് കിടക്കുന്നത്. തുടക്കത്തില്‍ വ്യവസായ, തൊഴില്‍ പുരോഗതികള്‍ക്കു സഹായിച്ച ഈ വ്യവസ്ഥ പില്‍ക്കാലത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇന്നും അതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഈ ഭൂഭാഗത്തില്‍ അധീശ്വത്വം നേടിയെടുത്ത ആര്യന്‍മാര്‍ ഇവിടെ പുതിയ ഭരണക്രമങ്ങളും സാമൂഹിക വ്യവസ്ഥകളും സൃഷ്ടിച്ചു. തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവുകളാണ് അവര്‍ നടപ്പാക്കിയത്. സാമ്രാജ്യങ്ങളോ ഭരണകൂടങ്ങളോ സ്ഥാപിക്കാന്‍ ആദ്യ കാലങ്ങളില്‍ അവര്‍ മെനക്കെട്ടിരുന്നില്ല. ബിസി ആയിരം ആയതോടെ വിവിധ തൊഴിലുകള്‍ പ്രധാനമായ നാല് വിഭാഗങ്ങളായി വിശാല വിഭജനത്തിനു പാത്രങ്ങളായി. ഇതാണ് ഇന്നും തുടരുന്ന ചാതുര്‍വര്‍ണ്യം. സവര്‍ണരും അവര്‍ണരുമെന്ന വേര്‍തിരിവുണ്ടാകുന്നതും ഇതില്‍ നിന്നാണ്.
പല നൂറ്റാണ്ടുകളിലൂടെ പല പരിണാമങ്ങള്‍ക്കും വിധേയമായി ഇന്ത്യയിലുണ്ടായിരുന്ന വിവിധ വിഭാഗങ്ങളെ ഏക ശിലാ നിര്‍മിതമായ ഒരു മതമാക്കി മാറ്റാന്‍ ആരൊക്കെയോ പരിശ്രമിച്ചതു മുതലാണ് ജാതി വ്യവസ്ഥ ശക്തമായത്.വേദ പാഠങ്ങളിലെ വര്‍ണം അഥവാ നിറം എന്ന പ്രയോഗം അക്ഷരാര്‍ഥത്തിലെടുത്തു കൊണ്ട് മേല്‍ ജാതിക്കാര്‍ വെളുത്തവരും കീഴ്ജാതിക്കാര്‍ കറുത്തവരും എന്ന് സിദ്ധാന്തവത്കരിക്കാനാണ് വിവിധ വിഭാഗങ്ങളെ ഏക ശിലാമതമാക്കി മാറ്റാന്‍ ശ്രമിച്ച ബ്രാഹ്മണ്യം ശ്രമിച്ചത്. അനുഷ്ഠാനങ്ങളുടെയും അറിവിന്റെയും ഭാഷയായി സംസ്‌കൃതം വ്യാപകമായി ഉപയോഗിച്ചുവന്നത് വെളുത്ത വിഭാഗമെന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രാഹ്മണരുടെ സാമൂഹിക മേല്‍ക്കോയ്മ ഉയര്‍ത്താനും മറ്റു ജാതിക്കാരില്‍ നിന്നും ആചാര ക്രമങ്ങളില്‍ നിന്നും അവരുടെ വിദൂരസ്ഥത സമര്‍ഥിക്കാനും ഉപകരിച്ചു. ഈ ഏക ഭാഷയുടെ പ്രയോഗത്തിലൂടെ ബ്രാഹ്മണര്‍ക്ക് ഒരു അഖിലേന്ത്യാ സ്വഭാവം കൈവരിക്കാനും ഭൂമി ശാസ്ത്രപരമായി എവിടെയും ചെന്ന് പ്രവര്‍ത്തിക്കാനും തങ്ങളുടെ സാമൂഹിക സ്വത്വം സുശക്തമാക്കാനും കഴിഞ്ഞു. എല്ലായിടത്തും ബ്രാഹ്മണര്‍ക്കൊപ്പം നിന്നവര്‍ അവരില്ലാത്തിടത്ത് മേല്‍ജാതിക്കാരായി സ്വയം അവരോധിതരാകുകയും ചെയ്തു.
മനുഷ്യര്‍ അന്യോന്യം കാണുന്നതിനെ വിലക്കിയിരുന്ന ഒരു ആചാരവ്യവസ്ഥയാണ് ജാതിയുടെ പേരില്‍ ആദ്യം സവര്‍ണര്‍ തുടങ്ങി വെച്ചത്. തീണ്ടലിന്റെ ഉത്പത്തിക്ക് അടിത്തറ പാകിയത് അശുദ്ധം എന്ന സങ്കല്പമാണ്. ഹിന്ദുക്കളുടെ ഇടയില്‍ അശുദ്ധം (അയിത്തം) മരണത്തിനും ജനനത്തിനും ആര്‍ത്തവത്തിനും വരെ കല്‍പിച്ചിരുന്നു. അവര്‍ണരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സവര്‍ണര്‍ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. ഇതിപ്പോഴും വലിയ മാറ്റമില്ലാതെ തുടരുന്നുവെന്നതാണ് സമകാലീന സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും പതിവായി ആചരിക്കുന്ന കാര്യങ്ങള്‍ വലിയ അമ്പരപ്പോടെ മാത്രമേ നമുക്ക് നോക്കിക്കാണാനാകൂ. അടുത്തിടെ പുറത്തുവന്ന ആചാരങ്ങളിലൊന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ ആരും അത്ഭുതപ്പെടും. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ ഒരു ജാതി ചിത്രം ഇങ്ങനെയാണ്. അവിടെ സവര്‍ണ വീട്ടിലെ ഒരാള്‍ മരിച്ചാല്‍ ആ വിവരം ബന്ധുക്കളെ അറിയിക്കേണ്ടത് ആ കുടുംബത്തിന്റെ അടിമയായ ദളിതന്റെ കടമയാണ്. മരണവാര്‍ത്ത അറിയിച്ചെത്തുന്ന ദളിതന് സവര്‍ണ ബന്ധു ‘ഭക്കാരി’ എന്ന പലഹാരത്തിന്റെ നാലിലൊരംശം നല്‍കണം. ‘ഭക്കാരി’ ദളിതന്റെ കൈയിലേക്ക് എറിഞ്ഞുകൊടുക്കുന്നതിന്ന് മുമ്പ് സവര്‍ണന്‍ അതില്‍ തുപ്പും. മരണ വാര്‍ത്ത അറിയിച്ചതിന്റെ പേരിലാണ് ഈ തുപ്പല്‍. അവിടെ വെച്ചുതന്നെ ദളിതര്‍ ആ പലഹാരം തിന്നണം. അങ്ങനെ നല്‍കിയ ‘ഭക്കാരി’ തിന്നാന്‍ വൈമനസ്യം കാണിച്ചാല്‍പ്പിന്നെ അയാള്‍ ജീവനോടെയിരിക്കുമോയില്ലയോയെന്നത് വര്‍ത്തമാനകാല സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഊഹിച്ചെടുക്കാം.
ഇന്ത്യയുടെ എല്ലാ സംസ്ഥാനത്തും സമാനമായ ജാത്യാചാരങ്ങളും അനുഷ്ഠാനങ്ങളും തീണ്ടലുകളും അയിത്താചരണവും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ ഇന്നും തീഷ്ണമായി അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. മഴ കൊള്ളാതിരിക്കാന്‍ ഹനുമാന്‍ കോവിലിന്റെ ഇറയത്ത് കയറി നിന്ന പോലീസുകാരന്‍ ദളിതനായതിന്റെ പേരില്‍ തല്ലിക്കൊന്ന നാടാണ് നമ്മുടേത്. സിനിമാ തിയറ്ററില്‍ ദളിതന്‍ ഫസ്റ്റ് ക്ലാസ്സില്‍ ഇരുന്നതിന്റെ പേരില്‍ കലാപമുണ്ടായ ഈ നാട്ടില്‍ ദളിതനായ ജഡ്ജിയിരുന്ന കോടതി മുറി ഗംഗാജലം കൊണ്ട് ശുദ്ധികലശം നടത്തി ചാര്‍ജെടുത്ത സവര്‍ണനായ ജഡ്ജിമാരുമുണ്ടായിരുന്നു. സവര്‍ണരുടെ ലൈംഗിക ചൂഷണത്തെയും അക്രമത്തെയും തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് ദളിതരുടെ കൂട്ട പലായനവും നമ്മളില്‍ പലരും ഓര്‍ക്കുന്നുണ്ടാകില്ല. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ബുധിഹള്ളി താലൂക്കില്‍ നിന്ന് മൂന്നാഴ്ചക്കിടെ 35 കുടുംബങ്ങളാണ് പലായനംചെയ്തത്. മാദിഗ വിഭാഗത്തില്‍പ്പെട്ട ദളിതരാണ് സവര്‍ണരുടെ പീഡനം സഹിക്കാനാകാതെ മാനം കാക്കാന്‍ വീട് ഉപേക്ഷിച്ചുപോയത്. ദളിതര്‍ ജന്മിമാരുടെ വീടുകളിലെ ജോലി മാത്രം ചെയ്താല്‍ മതിയെന്നും അവരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്നും സവര്‍ണ ജാതിപഞ്ചായത്ത് വില്ലേജ് തലവന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ജീവിക്കാന്‍ മറ്റൊരു ഗതിയുമില്ലാതായപ്പോള്‍ ഇവര്‍ക്ക് നാടുവിടുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായില്ല. വെങ്കടേശ്വര നഗറിലെ ചേരിയില്‍ താമസിക്കുന്ന ദളിത് കുടുംബങ്ങളിലെ ഭൂരിഭാഗം പെണ്‍കുട്ടികളും ഉയര്‍ന്ന ജാതിക്കാരുടെ ലൈംഗികചൂഷണത്തിന് ഇരയാകുക കൂടി ചെയ്തപ്പോള്‍ 35 കുടുംബം നാടുവിട്ടോടുകയായിരുന്നു. സമത വേദികെ, സ്ത്രീ ജാഗ്രതാസമിതി, പി യു സി എല്‍ എന്നിവ നടത്തിയ അന്വേഷണത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ നടന്നിട്ടില്ലെന്നാണ് അധികാരികളുടെ നിലപാട്.
ഓരോ 18 മിനുട്ടിലും ജാതിഭേദത്തിന്റെ ഭാഗമായി ഒരു ദളിതന്‍ ക്രൂരമായി കൈയേറ്റം ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് സര്‍ക്കാറിന്റെ തന്നെ പഠന റിപ്പോര്‍ട്ട്. ദിവസം മൂന്ന് ദളിത് സ്ത്രീകളെങ്കിലും ബലാത്സംഗത്തിന് വിധേയരാകുന്നു. പ്രതിദിനം ദളിതര്‍ക്കു നേരെ ശരാശരി 27 അതിക്രമസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ആഴ്ചയിലും ആറ് ദളിതരെ തട്ടിക്കൊണ്ടുപോകുന്നു. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടത്രെ. 38 ശതമാനം സ്‌കൂളുകളില്‍ ജാതിവിവേചനമുണ്ട്. 27 ശതമാനം (ദളിത്) ജനതക്ക് പൊലീസ് സ്‌റ്റേഷനിലും 25 ശതമാനംപേര്‍ക്ക് റേഷന്‍ കടകളിലും കയറാന്‍ സ്വാതന്ത്ര്യമില്ല. പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമാനുസരണം റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ രാജ്യമെമ്പാടും വന്‍ വര്‍ധനയാണുണ്ടാകുന്നത്. 2010ല്‍ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 10513 കേസുകളാണ് ഈ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തത്. 2011ല്‍ അത് 11342 ആയും 2012ല്‍ 12576 ആയും വര്‍ധിച്ചു. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാകുകയും ശിക്ഷ വിധിക്കുന്നതിന്റെ നിരക്ക് കുറയുകയും ചെയ്യുന്നു. അതിക്രമവിരുദ്ധ നിയമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികള്‍ വരുത്തിയിട്ടില്ല. അതിക്രമക്കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതില്‍ പോലും ദളിത് വിഭാഗങ്ങള്‍ പ്രയാസമനുഭവിക്കുന്നു. ഫയല്‍ ചെയ്ത പട്ടികജാതി, പട്ടികവര്‍ഗ അതിക്രമക്കേസുകളില്‍ ശിക്ഷാനിരക്ക് മൂന്ന് മുതല്‍ എട്ട് ശതമാനം വരെയാണ്. കെട്ടിക്കിടക്കുന്ന കേസുകളാകട്ടെ 80 മുതല്‍ 90 ശതമാനം വരെയും. 2011ലെ സെന്‍സസ് പ്രകാരം ഗുജറാത്തില്‍ 2000ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നു. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ മറ്റൊരു കണക്കെടുപ്പ് വ്യക്തമാക്കുന്നത് ഗുജറാത്തില്‍ 12,000 തോട്ടിപ്പണിക്കാരുണ്ടെന്നാണ്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗരാഷ്ട്രയില്‍ 900ത്തിലേറെ കുടുംബങ്ങള്‍ തോട്ടിപ്പണിയെടുക്കുന്നു.
ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ ദളിതരുടെ താമസസ്ഥലത്ത് പോകാന്‍ വിസമ്മതിക്കുന്നു. പല പഞ്ചായത്ത് ഓഫീസുകളിലും ദളിതരെ കയറാന്‍ അനുവദിക്കുന്നില്ല. അവര്‍ ദളിത് സംവരണ സീറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെങ്കില്‍പോലും വിലക്ക് നിലനില്‍ക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത ദളിതരുടെ മൃതദേഹം നദികളില്‍ ഒഴുക്കിവിടുകയോ സ്വന്തം കൂരക്കകത്ത് കുഴിവെട്ടി മൂടുകയോ ചെയ്യണം. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്താല്‍ തന്നെ അവരുടെ ഉത്പന്നങ്ങള്‍ പൊതുമാര്‍ക്കറ്റില്‍ സ്വീകാര്യമല്ല. ബീഹാറില്‍ ദളിതനായ നിതിന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയെന്ന് സംഘ്പരിവാര്‍ ഊറ്റംകൊള്ളുമ്പോഴും ഈ മുഖ്യമന്ത്രി സന്ദര്‍ശിച്ച ഒരു ക്ഷേത്രത്തിലെ വിഗ്രഹം മുഴുവന്‍ കഴുകിത്തുടച്ച് പുണ്യാഹംതളിച്ച് ശുദ്ധികലശം നടത്തിയതിനെക്കുറിച്ച് ഇവര്‍ക്കൊന്നും പറയാനാകുന്നില്ല. ഹിന്ദുത്വവും ഹിന്ദുയിസവും ഒരു മതമല്ല ഒരു ജീവിത രീതിയാണ് എന്ന സുന്ദരമായ വാക്കുകള്‍ സവര്‍ണ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കുറേക്കാലമായി പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്.
അവര്‍ണ ജനവിഭാഗങ്ങളില്‍ ഈ ഹിന്ദുത്വ ബോധം എപ്പോഴെല്ലാം ഉണ്ടാകുന്നുവോ അപ്പോഴെല്ലാം അവര്‍ ആരുടെയോ വാക്കുകള്‍ കേട്ട് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ കലാപങ്ങള്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്നു. അന്ധവിശ്വാസത്തിന്റെയും ഇതിഹാസങ്ങളുടെയും പിന്‍ബലത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഹിന്ദുത്വ വാദികള്‍ ന്യായീകരിക്കുന്നു. കലാപങ്ങളില്‍ പങ്കെടുക്കുന്നതിന് അവര്‍ണരെതന്നെ ഉപയോഗിക്കുന്നു. അങ്ങനെ കൈ നനയാതെ ആരൊക്കെയോ മീന്‍ പിടിക്കുമ്പോഴും പരാജയപ്പെടുന്നത് പാവം ദളിതന്‍ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here