ഒരു റാങ്ക് ഒരു പെന്‍ഷന്‍: വിജ്ഞാപനം ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം

Posted on: October 27, 2015 9:46 am | Last updated: October 27, 2015 at 9:46 am

benefits-one-rank-one-pensionന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ വിജ്ഞാപനം ബീഹാര്‍ നിയമ സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. വിജ്ഞാപനം ഇറങ്ങുന്നതോടെ ഇതുസംബന്ധിച്ച എല്ലാം സംശയങ്ങളും നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി മാതൃകാ പെരുമാറ്റ ചട്ടം നീക്കുന്നതോടെ വിജ്ഞാപനം ഇറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച സൈനികര്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചതോടെ സമരം തത്കാലം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഒരു സംഘം റിട്ടയേര്‍ഡ് സൈനിക ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്റെ പ്രഖ്യാപനത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്വമേധയാ വിരമിച്ചവരെ പദ്ധതിയുടെ ഭാഗമായി പറഞ്ഞതിലാണ് അവര്‍ ദുരൂഹത കാണുന്നത്. സൈന്യത്തില്‍ വി ആര്‍ എസ് ഇല്ലെന്നിരിക്കെ അത് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കുന്നതില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നാണ് ആരോപണം.
അടിസ്ഥാന വര്‍ഷമായി 2013-14 സാമ്പത്തിക വര്‍ഷം നിജപ്പെടുത്തുന്നതിന് പകരം 2013 കലണ്ടര്‍ വര്‍ഷമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതും പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിച്ചതിലും എതിര്‍പ്പ് പ്രകടിപ്പിട്ടിച്ചിട്ടുണ്ട്. മൂന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ഒരു സര്‍വീസിലുള്ള സൈനികനും ഒരു സിവില്‍ ഉദ്യോഗസ്ഥനും അടങ്ങിയതായിരിക്കും കമ്മീഷനെന്നാണ് പ്രതിഷേധക്കാര്‍ നിര്‍ദേശിച്ചത്.