Connect with us

Eranakulam

കൊച്ചിയില്‍ യു ഡി എഫില്‍ അമര്‍ഷം പുകയുന്നു

Published

|

Last Updated

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയില്‍ യു ഡി എഫിന് പത്ത് മുതല്‍ പതിനഞ്ച് വരെ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ അഭിപ്രായപ്രകടനം യു ഡി എഫില്‍ വിവാദമായി. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേയര്‍ ടോണി ചമ്മിണി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
74 അംഗ കൗണ്‍സിലില്‍ 48 അംഗങ്ങളാണ് നിലവില്‍ യു ഡി എഫിനുള്ളത്. 50 മുതല്‍ 55 സീറ്റുകള്‍ വരെയായിരുന്നു യു ഡി എഫ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതില്‍ 15 സീറ്റ് വരെ നഷ്ടപ്പെട്ടേക്കാമെന്നുമാണ് ടോണി അഭിമുഖത്തില്‍ തുറന്നടിച്ചത്. ആര് ജയിച്ചാലും നിസ്സാര സീറ്റുകളുടെ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രവചിക്കുന്നു. മോശം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതു കൊണ്ടാണ് ഇത്ര കനത്ത തിരിച്ചടി യു ഡി എഫിന് ലഭിക്കുന്നതെന്നും മേയര്‍ തുറന്ന് പറയുന്നു. ജനപിന്തുണയുള്ള പല സ്ഥാനാര്‍ഥികളും റിബലുകളായി വന്നതും യു ഡി എഫിന് തിരിച്ചടിയാകും. തുടക്കത്തില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരം ഉണ്ടായിരുന്നെങ്കിലും പിന്നീട് നഗരസഭാ ഭരണത്തില്‍ അതുണ്ടായില്ല. താന്‍ മേയര്‍ ആയ ശേഷം ആദ്യ മൂന്നര വര്‍ഷം തനിക്ക് പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായിരുന്നില്ല. പിന്നീട് പാര്‍ട്ടി സംസ്ഥാന നേതൃത്വം തനിക്ക് പൂര്‍ണ പിന്തുണ നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ ബാബുവും തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നും മേയര്‍ അഭിമുഖത്തില്‍ എടുത്തുപറയുന്നു. എന്നാല്‍ ലീഗുകാരനായ തദ്ദേശഭരണ മന്ത്രി മഞ്ഞളാം കുഴി അലി പലപ്പോഴും നഗരസഭക്ക് തുരങ്കം വെച്ചെന്നും മേയര്‍ തുറന്നടിക്കുന്നു.
മേയറുടെ പരാമര്‍ശങ്ങള്‍ ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. കെ പി സി സി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തലക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിക്കുകയാണ് മേയര്‍ ചെയ്തതെന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി വിഴുപ്പലക്കലിന് പോകേണ്ടെന്നാണ് ഐ ഗ്രൂപ്പ് ധാരണ.
മഞ്ഞളാംകുഴി അലിക്കെതിരായ പരാമര്‍ശങ്ങള്‍ ലീഗ് നേതൃത്വത്തെയും ചൊടിപ്പിച്ചു. മേയര്‍ തിരഞ്ഞെടുപ്പില്‍ ടോണി പരാജയപ്പെടുത്തിയ ഐ ഗ്രൂപ്പ് നേതാവ് കൂടിയായ എന്‍ വേണുഗോപാല്‍ നേതൃത്വം നല്‍കുന്ന ജി സി ഡി എയുടെ ഒട്ടുമിക്ക പദ്ധതികളും ഉദ്ഘാടനം ചെയ്തതും സഹായം നല്‍കിയതും മഞ്ഞളാംകുഴി അലിയാണെന്ന ഒറ്റക്കാരണത്താലാണ് മേയര്‍ അലിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ലീഗ് നേതൃത്വം പറയുന്നു. എന്നാല്‍ സ്ഥാനാര്‍ഥികളെ ബാധിക്കുമെന്നതിനാല്‍ പരസ്യ കലാപത്തിനില്ലെന്നും മേയറുടെ പരാമര്‍ശങ്ങള്‍ യു ഡി എഫ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു. തുടര്‍ഭരണം ഉറപ്പിച്ച് യു ഡി എഫ് പ്രചാരണരംഗത്ത് സജീവമാകുമ്പോഴാണ് യു ഡി എഫ് പ്രചാരണ സമിതി ചെയര്‍മാന്‍ കൂടിയായ മേയര്‍ വിവാദ അഭിമുഖം നല്‍കിയത്.

---- facebook comment plugin here -----

Latest