ഉത്തരേന്ത്യന്‍ മോഡല്‍ ഹിന്ദുത്വ തീവ്രവാദം കേരളത്തില്‍ വേണ്ട: ബി ജെ പി സംസ്ഥാന നേതൃത്വം

Posted on: October 27, 2015 12:55 am | Last updated: October 27, 2015 at 12:55 am
SHARE

bjp logoപാലക്കാട്: ഉത്തരേന്ത്യയിലെ മുന്നാക്ക വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുള്ള ബി ജെ പിയുടെ തീവ്ര ഹിന്ദുത്വ നിലപാട് ഒരുകാരണവശാലും പുറത്തെടുക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഹിന്ദുത്വ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ബി ജെ പി കളിച്ച ബീഫ് രാഷ്ട്രീയം ബീഹാര്‍ പോലെയുള്ള തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുന്നതിനിടയാക്കിയ സഹാചര്യത്തിലാണ് സംസ്ഥാന നേതൃത്വം കര്‍ക്കശ നിലപാട് മുന്നോട്ട് വെച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗോവധം, എസ് എന്‍ ഡി പി വിവാദം തുടങ്ങി പ്രശ്‌നങ്ങള്‍ പുറത്തെടുക്കാതെ പ്രാദേശിക പ്രശ്‌നങ്ങള്‍ മാത്രം ഉന്നയിച്ചാല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വം പ്രാദേശിക നേതാക്കള്‍ക്കും ജില്ലാ നേതൃത്വത്തിനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയവും വികസനവുമായിരിക്കണം പ്രധാന തിരഞ്ഞെടുപ്പ് വിഷയം.—
അതേസമയം, സന്ദര്‍ഭത്തിനുസരിച്ച് ഹിന്ദു സംഘടനകളുടെ ഏകീകരണവും അതിന്റെ രാഷ്ട്രീയ ആവശ്യവും വ്യക്തമാക്കാമെങ്കിലും മറ്റു മത- ജാതി സംഘടനകള്‍ക്ക് കോട്ടംതട്ടാത്ത രീതിയിലായിക്കണം പ്രചാരണം നടത്തേണ്ടതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഭക്ഷണം വ്യക്തിനിഷ്ഠമാണെങ്കിലും ഗോവധം രാജ്യത്തിന്റെ സാംസ്‌കാരികവും വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയം കൂടിയാണെന്ന് നേതൃത്വം പറയുന്നു. അതിന്റെ നിരോധവും ബന്ധപ്പെട്ട പ്രശ്‌നങ്ങളും കേരളത്തെ ബാധിക്കുന്നതല്ല.—വോട്ടുബേങ്കും ന്യൂനപക്ഷ പ്രീണനവും ലക്ഷ്യമിട്ടു കോണ്‍ഗ്രസും സി പി എമ്മും ബി ജെ പി ബന്ധുക്കളെ കരുവാക്കി പുതിയ വിവാദങ്ങളുണ്ടാക്കാന്‍ നീക്കം നടത്തുന്നതായും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വോട്ടര്‍പട്ടികയുടെ ചുമതലയുള്ള പ്രമുഖിന്റെ നേതൃത്വത്തില്‍ ആര്‍ എസ് എസ് പ്രതിനിധി ഉള്‍പ്പെടുന്ന സംഘമാണ് വീടുകള്‍തോറും വോട്ടുതേടുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പായതിനാല്‍ പ്രചാരണത്തിന് പ്രമുഖ ദേശീയ നേതാക്കളൊന്നും എത്തില്ലെങ്കിലും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി പുരന്ദരേശ്വരി എന്നിവരും സംസ്ഥാന നേതാക്കളും ജില്ലാതല പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും ബി ജെ പിയുടെ ന്യൂനപക്ഷങ്ങളോടുള്ള മൃഗീയ സമീപനം പാര്‍ട്ടിക്ക് ക്ഷീണം തട്ടിച്ചിട്ടുള്ളതായും ഇത് പ്രതീക്ഷിച്ച ഫലം തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ നല്‍കിയില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നുണ്ട്.
എസ് എന്‍ ഡി പി പോലുള്ള ജാതീയ സംഘടനകളുമായുള്ള ബന്ധവും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്നത് ബി ജെ പി സംസ്ഥാന നേതൃത്വത്തിന് ആശങ്ക നല്‍കുന്നുണ്ടെന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here