സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷ

Posted on: October 27, 2015 12:52 am | Last updated: October 27, 2015 at 12:52 am
SHARE

NIFTYവിദേശ ഫണ്ടുകളുടെ പിന്‍ബലത്തില്‍ ഒരു മാസമായി സെന്‍സെക്‌സും നിഫ്റ്റിയും നിലനിര്‍ത്തുന്ന നേട്ടം ഈ വാരവും ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ഓപ്പറേറ്റര്‍മാര്‍. ബോംബെ സൂചിക 257 പോയിന്റും എന്‍ എസ് ഇ 57 പോയിന്റും ഉയര്‍ന്നു. വ്യാഴാഴ്ച ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ഒക്‌ടോബര്‍ സീരീസ് സെറ്റില്‍മെന്റാണ്.
നിഫ്റ്റി സൂചിക പിന്നിട്ട വാരം 8151 ല്‍ നിന്ന് 8324 വരെ ഉയര്‍ന്ന ശേഷം 8295 ലാണ്. ഈ വാരം ഒക്‌ടോബര്‍ സീരീസ് സെറ്റില്‍മെന്റായതിനാല്‍ വന്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് 8362-8429 ല്‍ പ്രതിരോധവും 8189-8083 ല്‍ സപ്പോര്‍ട്ടുമുണ്ട്. വിപണിയുടെ ചലനങ്ങള്‍ സാങ്കേതികമായി വീക്ഷിച്ചാല്‍ പാരാബോളിക് എസ് എ ആര്‍, എം എ സി ഡി എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക്, ആര്‍ എസ് ഐ എന്നിവ തിരുത്തലിന് തയ്യാറെടുപ്പിലാണ്. ബോംബെ സൂചിക തുടക്കത്തിലെ 26,920 ല്‍ നിന്ന് 27,551 വരെ കയറിയെങ്കിലും ക്ലോസിംഗ് വേളയില്‍ 27,470 ലാണ്. സൂചികക്ക് ഈവാരം 27,706-27,942 ല്‍ തടസ്സം നേരിടാം. തിരിച്ചടി നേരിട്ടാല്‍ 27,078- 26,686ല്‍ താങ്ങുണ്ട്.
കഴിഞ്ഞ വാരം 1602 കോടി രൂപയുടെ ഓഹരി വിദേശ ഓപ്പറേറ്റര്‍മാര്‍ വാങ്ങി. അതേസമയം 895 കോടി രൂപയുടെ വില്‍പ്പനയാണ് ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തിയത്.
വിദേശ ഫണ്ടുകള്‍ ഇന്ത്യയില്‍ സജീവമാണ്. ഒക്‌ടോബറില്‍ അവര്‍ 19,383 കോടി രൂപയുടെ നിക്ഷേപം നടത്തി. ആറ് മാസത്തിനിടയിലെ ഏറ്റവും ശക്തമായ നിക്ഷേപമാണിത്. ഈ വര്‍ഷം അവര്‍ ഇതിനകം 26,592 കോടി രൂപ ഓഹരി വിപണിയിലും 53,234 കോടി രൂപ കടപത്രത്തിലും ഇറക്കി.
ഐ റ്റി, എഫ് എം സി ജി, പവര്‍ ഓഹരികളില്‍ ഓപറേറ്റര്‍മാര്‍ താല്‍പര്യം കാണിച്ചു. സ്റ്റീല്‍ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു. മുന്‍ നിരയിലെ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 56,619 കോടി രൂപയുടെ വര്‍ധന. ആര്‍ ഐ എല്‍, ഇന്‍ഫോസീസ്, റ്റി സി എസ്, ഒ എന്‍ ജി സി, സണ്‍ ഫാര്‍മ, എസ് ബി ഐ, ഐ റ്റി സി, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക് എന്നിവ തിളങ്ങി.
വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 65.13 ല്‍ നിന്ന് മെച്ചപ്പെട്ട് വാരാന്ത്യം 64.88 ലാണ്. അമേരിക്കയില്‍ ഫെഡ് റിസര്‍വ് നാളെ ഒത്തുചേരുകയാണ്. പലിശ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങള്‍ക്ക് ഇടയില്ല.
അമേരിക്കന്‍ ഓഹരി വിപണികള്‍ നേട്ടത്തിലാണ്. ഡൗ ജോണ്‍സ് സൂചിക 17,646 ലേക്ക് ഉയര്‍ന്നു. നാസ്ഡാക് ഇന്‍ഡക്‌സ് 5031 ലും എസ് ആന്‍ഡ് പി ഇന്‍ഡക്‌സ് 2075ലുമാണ്. ലണ്ടനില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1164 ഡോളറിലാണ്.