ഒരു ടിക്കറ്റില്‍ രണ്ട് പേര്‍ക്ക് യാത്ര

Posted on: October 27, 2015 5:43 am | Last updated: October 27, 2015 at 12:43 am
SHARE

ന്യൂഡല്‍ഹി;വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ആഢംബര ടൂറിസ്റ്റ് ട്രെയിനായ മഹാരാജ എക്‌സ്പ്രസില്‍ ഇനി രണ്ട് പേര്‍ക്ക് ഒരു ടിക്കറ്റെടുത്താല്‍ മതിയെന്ന് റെയില്‍വേ. ആഢംബര ടൂറിസ്റ്റ് ട്രെയിനായ മഹാരാജ എക്‌സ്പ്രസില്‍ ഓഫ് സീസണ്‍ കൊഴുപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സീസണ്‍ ഓഫര്‍ വഴിയാണ് രണ്ട് പേര്‍ക്ക് ഒരു ടിക്കറ്റെന്ന സംവിധാനം കൊണ്ടുവരുന്നത്. അധിക സൗജന്യങ്ങള്‍ നല്‍കി അടുത്തുവരുന്ന ശൈത്യ കാലത്ത് കൂടുതല്‍ സഞ്ചാരികളെ അഡംബര ട്രെയിനായ മഹാരാജ എക്‌സ്പ്രസിലേക്ക് ആകര്‍ഷിക്കാനാണ് ഐ ആര്‍ സി ടി സിയുടെ പുതിയ നീക്കം. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനില്‍ ഏറ്റവും ചെറിയ പാക്കേജിനു തന്നെ രണ്ട് ലക്ഷത്തോളം രൂപ ചെലവു വരുന്നുണ്ട്. നിലവില്‍ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണു സീസണ്‍. ഏപ്രില്‍ സെപ്തംബര്‍ കാലത്തെ ഓഫ് സീസണിലാണ് ഒരു ടിക്കറ്റെടുത്താല്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുക.
ഇന്റര്‍നെറ്റ്, ടി വി, വീഡിയോ പ്ലയര്‍ തുടങ്ങിയ ആധുനിക സംവിധാനത്തോടെയുള്ള ശീതീകരിച്ച മുറികളാണ് മഹാരാജയിലുള്ളത്. കൂടാതെ യാത്രക്കാര്‍ക്ക് ആവശ്യമായ പരിചാരകര്‍, ഡോക്ടര്‍മാര്‍, ഭക്ഷണം മറ്റ് സൗകര്യങ്ങളും മഹാരജ എക്‌സ്പ്രസിന്റെ പ്രത്യേകതകളാണ്. ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്ന് രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മാത്രമാണ് മഹാരാജാ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
വിദേശ സഞ്ചാരികള്‍ കുടുതലായി എത്തുന്ന ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ഈ ട്രെയിന്‍ ഓടിച്ചിരുന്നത്. പുതിയ നീക്കം വിജയകരമായാല്‍ സര്‍വീസ് കൂടുതലാക്കാനും മറ്റു കേന്ദ്രങ്ങളിലേക്ക് കൂടി റൂട്ടുകള്‍ വര്‍ധിപ്പിക്കാനും നീക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here