രാജ്യത്ത് വിചാരണാ തടവുകാര്‍ 2.82 ലക്ഷം

Posted on: October 27, 2015 5:41 am | Last updated: October 27, 2015 at 9:33 am
SHARE

jailകൊച്ചി: രാജ്യത്തെ ജയിലുകളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. 2.82 ലക്ഷം തടവുകാരാണ് കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലതാമസം മൂലം വിവിധ സംസ്ഥാനങ്ങളിലായി വിചാരണ നേരിടാതെ കാരാഗ്രഹങ്ങളില്‍ കഴിയുന്നത്. നീതി നിഷേധിക്കപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം വിചാരണതടവ് അനുഭവിച്ച് വരുന്ന അബ്ദുന്നാസര്‍ മഅ്ദനിയുള്‍പ്പെടെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 2,82,879 പേര്‍ ശിക്ഷ വിധിക്കപ്പെടാതെ ജയിലുകളില്‍ കഴിയുന്നതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അടുത്തിടെ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ആകെയുള്ള തടവുകാരില്‍ മുക്കാല്‍ ഭാഗത്തോളമാണ് വിചാരണ തടവുകാരായിട്ടുള്ളത്. 67.6 ശതമാനം പേര്‍.
ഉള്‍ക്കൊള്ളാവുന്നതിലും അധികം തടുവുകാരുമായി ഇന്ത്യയിലെ ജയിലുകള്‍ വീര്‍പ്പുമുട്ടുമ്പോഴാണ് വിചാരണാ തടവുകാരുടെ ഇത്രയധികം ബാഹുല്യമെന്നതും വിരോധാഭാസമായി തുടരുകയാണ്.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അവസാനത്തെ കണക്കനുസരിച്ച് 4,18,536 തടവുകാരാണ് വിവിധ ജയിലുകളിലുള്ളത്. സെന്‍ട്രല്‍ ജയിലുകളും ജില്ലാജയിലുകളും സ്‌പെഷ്യല്‍ ജയിലുകളും ദുര്‍ഗുണപരിഹാരപാഠശാലകളുമുള്‍പ്പെടെ ആകെയുള്ള 1387 ജയിലുകളില്‍ പാര്‍പ്പിക്കാവുന്ന തടവുകാരുടെ എണ്ണമാകട്ടെ 3,56,561. ഇവരില്‍ 2,70,783 പുരുഷന്‍മാരും 12,096 സ്ത്രീകളും വിചാരണതടവുകാരാണുള്ളത്. ആകെയുള്ള തടവുകാരില്‍ 17,681 പേര്‍ സ്ത്രീകളാണ്. 1,26,114 പുരുഷന്‍മാരും, 5,403 സ്ത്രീകളുമാണ് കുറ്റവാളികളായി ജയിലില്‍ കഴിയുന്നത്. 3576 കളും വിചാരണ തടവുകാരിലുണ്ട്. 16 വയസ്സിനും 18 വയസ്സിനുമിടയിലുള്ള ആറ് കുട്ടികളും, 18 വയസ്സിനും 30 വയസ്സിനുമിടയിലുള്ള 1,33,581 യുവാക്കളും 50 വയസ്സിനുമുകളിലുള്ള 30,079 വയോധികരും വിചാരണകാത്ത് ജയിലില്‍ കിടക്കുന്നു.
കേരളത്തിലെ മാത്രം ജയിലുകളുടെ അവസ്ഥ പരിശോധിച്ചാലും ഇതില്‍ നിന്ന് വിഭിന്നമല്ല. 3.56 ലക്ഷം തടവുകാരെ പാര്‍പ്പിക്കാവുന്ന കേരളത്തിലെ ജയിലുകളിലുള്ളത് 4.18 ലക്ഷം പേരാണ്. 117.4 ശതമാനം അന്തേവാസികള്‍. 2273 പേരെ തടവില്‍ പാര്‍പ്പിക്കാവുന്ന കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ 2884 അന്തേവാസികളുള്ളതായാണ് 2014 ഡിസംബര്‍ വരെയുള്ള കണക്ക്. 1467 തടവുകാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജില്ലാ ജയിലുകളില്‍ 1553 തടവുപുള്ളികളും, 467 പേരെ പാര്‍പ്പിക്കാവുന്ന സബ് ജയിലുകളിലായി 776 പേരുമുണ്ട്. 1010 പേര്‍ക്കുള്ള സ്‌പെഷ്യല്‍ ജയിലിലുമുണ്ട് 1292 പേര്‍. ദുര്‍ഗുണപരിഹാര പാഠശാലയിലും സ്ത്രീകളുടെ ജയിലിലും മാത്രമാണ് എണ്ണത്തില്‍ കുറവുള്ളത്.
36 കുട്ടികളുള്‍പ്പെടെ 4471 പേരാണ് കേരളത്തിലും വിചാരണ തടവുകാരായുള്ളത്. സംസ്ഥാനത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികമുള്ള തടവുപുള്ളികളുടെ ബാഹുല്യവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും സംഘര്‍ഷമുള്‍പ്പെടെ മറ്റുപല സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു.
ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും വിചാരണയില്ലാതെ ജയിലടക്കപ്പെട്ടവരില്‍ മുന്നില്‍ നില്‍ക്കുന്നു. തീവ്രവാദം ആരോപിച്ച് വേട്ടയാടപ്പെട്ട ഒട്ടേറെ മുസ്‌ലിം യുവാക്കളും ജയിലുകളില്‍ വിചാരണകാത്ത് കഴിയുന്നുണ്ട്. ഇവരില്‍ പലരും നിരപരാധികളും സംശയത്തിന്റെ നിഴലില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരും കരുതല്‍ തടങ്കല്‍കാരുമെല്ലാമാണ്. കരുതല്‍ തടങ്കല്‍ പ്രകാരം ജയിലില്‍ കഴിയുന്നവരില്‍ നാലിലൊന്നും മുസ്‌ലിംകളാണ്. രാജ്യത്തെ മുസ്‌ലിം ജനസംഖ്യയുടെ അനുപാതത്തിനേക്കാളും ഉയര്‍ന്ന നിരക്കാണ് വിചാരണ തടവുകാരിലുള്ള ശതമാനക്കണക്ക്.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യപ്പെട്ട മഅ്ദനി ഒമ്പത് വര്‍ഷക്കാലം വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുകയും പിന്നീട് നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്ത സംഭവം ഇതിനുദാഹരണമാണ്. ഇത്തരത്തില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മത ന്യൂനപക്ഷങ്ങളും ദളിദ് വിഭാഗങ്ങളും കള്ളക്കേസുകളില്‍ ഉള്‍പ്പെട്ട് ജയിലുകളില്‍ കഴിയുന്നതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്. കേസുകളുടെയും ജഡ്ജിമാരുടെയും എണ്ണത്തിലുള്ള അനുപാതത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മൂന്ന് കോടി കേസുകളാണ് രാജ്യത്ത് തീര്‍പ്പാക്കാനുള്ളത്. വധശിക്ഷക്ക് അര്‍ഹരായേക്കാവുന്നവര്‍ക്ക് പുറമെ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ലഭിക്കാവുന്ന തടവ് ശിക്ഷയുടെ പകുതി കാലാവധി പൂര്‍ത്തിയാക്കിയ വിചാരണതടവുകാരെ വിട്ടയക്കാന്‍ 2014 സെപ്തംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഇനിയും കാര്യക്ഷമമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here