ഇതു സെമിഫെനല്‍; ഫൈനലിലും ജയം യു ഡി എഫിന്- ഉമ്മന്‍ ചാണ്ടി

Posted on: October 26, 2015 10:46 pm | Last updated: October 27, 2015 at 12:46 am
SHARE

തൊടുപുഴ:പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെമി ഫൈനല്‍ മത്സരമാണെന്നും ആറ് മാസം കഴിയുമ്പോള്‍ ഫൈനല്‍ നടക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിലും യു ഡി എഫ് വിജയിക്കും. ക്വാര്‍ട്ടര്‍ ഫൈനലാണ് ഉപതെരഞ്ഞെടുപ്പുകളിലൂടെ കഴിഞ്ഞതെന്നും ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷിക മേഖല, ജനവാസ കേന്ദ്രം പരിസ്ഥിതിലോല പ്രദേശത്തിന്റെ പരിധിയില്‍ വരില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. വനമേഖല വനമായി തന്നെ നിലനിര്‍ത്തും. നാണ്യവിളകള്‍ കൃഷിചെയ്യുന്ന പ്രദേശം അങ്ങനെതന്നെ നിലനിര്‍ത്തും. കെട്ടിടങ്ങളോ വീടുകളോ നിര്‍മിക്കുന്നതിന് നിയന്ത്രണമില്ല. സ്ഥലം വില്‍ക്കുന്നതിനും വാങ്ങുന്നതിനും തടസങ്ങളില്ല.
ബേങ്കുകളില്‍ പട്ടയം പണയപ്പെടുത്തുന്നതിന് യാതൊരു തടസമില്ല. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി ഭീഷണി ഇല്ലാതാക്കിയത് ഈ സര്‍ക്കാറാണ്. ഇതുമായി ബന്ധപെട്ട് അന്തിമ റിപ്പോര്‍ട്ട് വരുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട മുഴുവന്‍ കാര്യങ്ങളും ചെയ്തിട്ടുണ്ട്.
ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള ബി ജെ പിയുടെയും ഇടതുപക്ഷത്തിന്റെയും ശ്രമം വിലപ്പോകില്ല. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന സമീപനമാണ് ബി ജെ പി സ്വീകരിക്കുന്നത്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാത്തതിനെതുടര്‍ന്നുണ്ടായ ജനരോഷം മറികടക്കാനാണ് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും സാമുദായിക സ്പര്‍ധക്കും ശ്രമക്കുന്നത്. 1977ല്‍ ബിജെ പിയുമായി കൂട്ടുചേര്‍ന്ന് സി പി എം മത്സരിച്ചിരുന്നു. ഇവരുടെ കപട മതേതരത്വത്തിന്റെ തെളിവാണിത്. ഇടതുപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അനാവശ്യ സമരം നടത്തുകയുമാണ്. കൊലപാതക – അക്രമ രാഷ്ട്രീയമാണ് സി പി എമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റുന്നതെന്ന് ഇനിയും അവര്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസ്, മുന്‍ എം പിമാരായ കെ ഫ്രാന്‍സിസ് ജോര്‍ജ്, പി ടി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, യു ഡി എഫ് ചെയര്‍മാന്‍ എസ് അശോകന്‍ പ്രസംഗിച്ചു. നെടുങ്കണ്ടം, അണക്കര എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here