ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങാകാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

Posted on: October 26, 2015 11:13 pm | Last updated: October 26, 2015 at 11:13 pm
SHARE

mig callമസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൈതാങ്ങായി പുതിയ മൊബൈല്‍ ആപ്ലികേഷന്‍ വരുന്നു. ‘മിഗ്‌കോള്‍’ എന്ന പേരിലുള്ള ആപ്ലികേഷന്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തൊഴിലിടങ്ങളിലും മറ്റും ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നിയമ, സന്നദ്ധ സഹായങ്ങള്‍ അതിവേഗം ലഭ്യമാക്കാന്‍ ഉപകരിക്കുന്ന ആപ്ലികേഷന് പിന്നില്‍ മലയാളി പത്രപ്രവര്‍ത്തകനായ റെജി മോന്‍ കുട്ടപ്പനാണ് പ്രയത്‌നിച്ചത്. ഇന്ത്യന്‍ എംബസി, ഒമാനിലെ സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, ഇമിഗ്രേഷന്‍ ഓഫീസുകള്‍ എന്നിവയുമായി തൊഴിലാളികളെ ബന്ധപ്പെടുത്തിയാണ് പുതിയ ആപ്ലികേഷന്റെ പ്രവര്‍ത്തനം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നി ഭാഷകളില്‍ ആപ്ലികേഷന്‍ ലഭ്യമാകും. ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ പിന്തുണയാണ് പുതിയ ആപ്ലികേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതെന്ന് റെജി മോന്‍ പറയുന്നു.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗ്ള്‍ പ്ലേസ്‌റ്റോര്‍ വഴി ‘മിഗ്‌കോള്‍’ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. സാമ്പത്തിക നേട്ടമല്ല ആപ്ലികേഷന്റെ ലക്ഷ്യമെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും ആപ്ലികേഷന് സഹായവും പിന്തുണയും നല്‍കുന്ന ജോസ് ചാക്കോ പറയുന്നു.
തൊഴിലാളികള്‍ക്ക് ഒമാനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെയും സഹായം ഉടന്‍ ലഭ്യമാക്കാന്‍ ‘മിഗ്‌കോള്‍’ സഹായിക്കും.
‘ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തുന്ന 90 ശതമാനം തൊഴിലാളികളും ഇന്ത്യന്‍ എംബസിയുടെ സേവനങ്ങളെ കുറിച്ചോ സാമൂഹിക പ്രവര്‍ത്തകരെ കുറിച്ചോ ബോധവാന്മാരല്ല. ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധികളോ നിയമ പ്രതിബന്ധങ്ങളോ നേരിടേണ്ടിവരുമ്പോള്‍ ഇത്തരക്കാര്‍ക്ക് സഹായം എത്തിക്കുകയെന്നതാണ് ‘മിഗ്‌കോളി’ന്റെ ലക്ഷ്യം. തങ്ങളുടെ പ്രശ്‌നങ്ങള്‍ എംബസിയിലും ഇമിഗ്രേഷന്‍ വിഭാഗത്തിലും മറ്റും എത്തിക്കാന്‍ വളരെ ലളിതമായ മാര്‍ഗമാണ് ആപ്ലികേഷനില്‍ സജ്ജീകരിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറുമായി പുതിയ ആപ്ലികേഷന്‍ ബന്ധപ്പെടുത്താന്‍ അംബാസഡര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിലാളി യൂനിയനുമായി (ഐ ടി യു സി) ബന്ധപ്പെട്ട് ജി സി സി രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരിലേക്കും ആപ്ലികേഷന്‍ സമീപഭാവിയില്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.’ റെജിമോന്‍ പറഞ്ഞു. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ കൊകോലാബ്‌സാണ് ആപ്ലികേഷന്‍ വികസിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here