Connect with us

Gulf

അബുദാബിയില്‍ 80 കോടി ദിര്‍ഹമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍

Published

|

Last Updated

അബുദാബി: അബുദാബി നഗര ഗ്രാമീണ മേഖലയില്‍ 80 കോടി ദിര്‍ഹമിന്റെ പശ്ചാത്തല വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ് വിഷന്‍ 2030ന്റെ ഭാഗമായി അബുദാബി സിറ്റി നഗരസഭ പുതിയ പാര്‍ക്കുകള്‍, ജലസേചന പദ്ധതികള്‍, കളിസ്ഥലങ്ങള്‍, നടപ്പാതകള്‍ തുടങ്ങിയവ നിര്‍മിക്കുന്നത്.
നഗരപ്രദേശത്തെ ഗ്രാമപ്രദേശങ്ങളിലെ താമസകേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകര്യമില്ലെന്ന പരാതിയാണ് സിറ്റി നഗരസഭ 79 ദശലക്ഷം ചിലവില്‍ പാര്‍ക്കുകളും കളിസ്ഥലങ്ങളും നിര്‍മിക്കുന്നതെന്ന് മുനിസിപ്പല്‍ ആക്ടിംഗ് ജനറല്‍ മാനേജര്‍ മുസബഹ് മുബാറക് അല്‍ മുറാര്‍ വ്യക്തമാക്കി.
നഗരത്തിലെ താമസകേന്ദ്രങ്ങളിലാണ് വ്യായാമം ചെയ്യുന്നതിന് സൗകര്യമുള്ള ചെറിയ പാര്‍ക്കുകള്‍ നിര്‍മിക്കുക. 2.3 ദശലക്ഷം ചെലവില്‍ 3,000 ചതുരശ്രമീറ്ററില്‍ ക്യാപിറ്റല്‍ പ്ലാസയില്‍ ഒരുക്കുന്ന ലാന്റ്‌സ് സ്‌കേപ്പിംഗ് പദ്ധതിയുടെ പ്രാരംഭ നടപടി ആരംഭിച്ചുകഴിഞ്ഞു. ഇവിടെ ജലസേചന പദ്ധതിയും ഒരുക്കുന്നുണ്ട്. അബുദാബി ശക്ബൂത്ത് സിറ്റിയില്‍ വിവിധോദ്ദേശ്യ കളിസ്ഥലവും പ്രകൃതി ദൃശ്യം പകര്‍ത്തുന്ന ലാന്റ്‌സ്‌കേപ്പിംഗും ഒരുക്കും. 4,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 7.8 ദശലക്ഷം ദിര്‍ഹമില്‍ അല്‍ അസീമയില്‍ പാര്‍ക്ക് നിര്‍മിക്കും. നഗരത്തില്‍ ഏഴ് ഭാഗങ്ങളിലാണ് കളിസ്ഥലമൊരുക്കുന്നത്. 9.4 ദശലക്ഷം ദിര്‍ഹമില്‍ 12,000 ചതുരശ്ര മീറ്ററില്‍ ശൈഖ് സായിദ് സ്ട്രീറ്റില്‍ നിര്‍മിക്കുന്ന കളിസ്ഥലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതായി നഗരസഭ അറിയിച്ചു. ഇവിടെ ജലസേചന പദ്ധതിയും ഒരുക്കുന്നുണ്ട്.
മസ്ദര്‍ സിറ്റിയുമായി സഹകരിച്ച് സിറ്റിയുടെ കവാടത്തിന് മുന്‍വശം നഗരസഭ 28 ദശലക്ഷം ദിര്‍ഹമില്‍ 40,000 ചതുരശ്ര മീറ്ററില്‍ പാര്‍ക്ക് നിര്‍മിക്കും. അല്‍ ഐന്‍ റിയല്‍ എസ്റ്റേറ്റുമായി സഹകരിച്ച് നടപ്പാക്കുന്ന മുശ്‌രിഫ് സെന്‍ട്രല്‍ പാര്‍ക്ക് നിര്‍മാണം പുരോഗമിക്കുന്നതായും നഗരസഭ അറിയിച്ചു.
1,40,000 ചതുരശ്രമീറ്ററില്‍ ദ്വീപുകളില്‍ നിര്‍മിക്കുന്ന തോട്ടങ്ങളുടെ നിര്‍മാണവും നടക്കുന്നുണ്ട്. പൂന്തോട്ടങ്ങള്‍, ഈന്തപ്പഴ മരങ്ങള്‍, വിവിധ തരം സസ്യങ്ങള്‍, ജലസേചന പദ്ധതികള്‍, കളിസ്ഥലങ്ങള്‍, നടപ്പാതകള്‍, വ്യായാമകേന്ദ്രങ്ങള്‍ എന്നിവക്ക് പുറമെ കഫ്‌ടേരിയ, പ്രാര്‍ഥനാകേന്ദ്രങ്ങള്‍, പള്ളികള്‍, സൈക്കിള്‍ പാതകള്‍ എന്നിവയും ഇവിടെ നിര്‍മിക്കും.
10 ദശലക്ഷം ദിര്‍ഹമില്‍ 4,000 ചതുരശ്രമീറ്ററില്‍ അബുദാബി ശൈഖ് സായിദ് അക്കാദമിയില്‍ സ്ത്രീകള്‍ക്കായി പാര്‍ക്കും കളിസ്ഥലവും ജലസേചന പദ്ധതികളും ഒരുക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തികളുടെ ടെണ്ടര്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചതായും നഗരസഭ അറിയിച്ചു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നഗരപ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ പുല്‍ചെടികള്‍, ഈന്തപ്പഴ മരങ്ങള്‍, പള്ളികള്‍, ബാര്‍ബിക്യൂ കേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍, ഗുഡ്‌സ് സൈക്കിള്‍ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയും ഒരുക്കുന്നുണ്ട്.ഉദ്യാനങ്ങളുള്ള പ്രദേശത്ത് റോഡ് മുറിച്ചുകടക്കുന്നതിന് ഫുട്പാത്തുകളും ഒരുക്കുമെന്നും ലോകനിലവാരത്തിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുകയെന്നും നഗരസഭ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി