ഫെഡറല്‍ ബജറ്റിന് ക്യാമ്പിനറ്റ് അംഗീകാരം നല്‍കി

Posted on: October 26, 2015 9:47 pm | Last updated: October 26, 2015 at 9:47 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം

അബുദാബി: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗം ഫെഡറല്‍ ബജറ്റിന് അംഗീകാരം നല്‍കി.
ബേങ്കിംങ് ഉള്‍പെടെയുള്ള അടിസ്ഥാന മേഖലകളില്‍ സ്വദേശീവത്കരണം ത്വരിതപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കികൊണ്ടുള്ളതാണ് പുതിയ ബജറ്റ്. 4,850 കോടി ദിര്‍ഹമാണ് അടുത്ത വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് തുക. 55 ശതമാനം സാമൂഹിക വികസനം, പൊതു സേവനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്കാണ് നീക്കിവെക്കുക. ബേങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലകളിലാവും ശക്തമായ സ്വദേശീവത്കരണം നടപ്പാക്കുക. സ്വദേശികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കാവുന്ന മേഖലകൂടിയാണിത്. രാജ്യത്തിന്റെ ജീവനാഡിയായ ബേങ്കിംഗ് ഉള്‍പെടെയുള്ളവയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സ്വദേശി യുവാക്കള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.
അറബ് മേഖലയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഓഫീസ് ആരംഭിക്കും.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് യു എന്നുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി 2021 ആവുമ്പോഴേക്കും 24 ശതമാനം വൈദ്യുതി ശുദ്ധമായ ഊര്‍ജസ്രോതസുകളായ സൗരോര്‍ജം ഉള്‍പെടെയുള്ളവയില്‍ നിന്നു ലഭ്യമാക്കാനും ബജറ്റ് ഊന്നല്‍ നല്‍കുന്നു.