എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 30-ാം വാര്‍ഷികം ആഘോഷിച്ചു

Posted on: October 26, 2015 9:41 pm | Last updated: October 26, 2015 at 9:41 pm
SHARE
എമിറേറ്റ്‌സിന്റെ ആദ്യ കറാച്ചി ഫ്‌ളൈറ്റില്‍ യാത്രക്കാരനായ അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് ഉഖൈല്‍ അല്‍ സര്‍ഊനി
എമിറേറ്റ്‌സിന്റെ ആദ്യ കറാച്ചി ഫ്‌ളൈറ്റില്‍ യാത്രക്കാരനായ അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് ഉഖൈല്‍ അല്‍ സര്‍ഊനി

ദുബൈ: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍വേയ്‌സ് 30-ാം വാര്‍ഷികം ആഘോഷിച്ചു. കടുത്ത മത്സരം അനുഭവപ്പെടുന്ന മേഖലയില്‍ ദൃഢനിശ്ചയം ഒന്നുകൊണ്ടു മാത്രമാണ് വിജയകരമായി മുന്നേറാന്‍ എമിറേറ്റ്‌സിന് സാധിക്കുന്നതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വാര്‍ഷികാഘോഷത്തില്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് അര്‍പണബോധമുള്ള ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്ന് ദുബൈ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമും അഭിപ്രായപ്പെട്ടു.
1985ലാണ് ചെറിയ തോതില്‍ കമ്പനി ആരംഭിച്ചത്. ഇന്ന് വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച രാജ്യാന്തര കമ്പനികളിലൊന്നായി എമിറേറ്റ് മാറിയിരിക്കുന്നു. അവിശ്വസനീയമായ ഈ വിജയത്തിലേക്ക് കമ്പനിയെ എത്തിച്ച എല്ലാ ജീവനക്കാരോടും അകമഴിഞ്ഞ നന്ദിയുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പിന്തുണയും ദീര്‍ഘവീക്ഷണവും ഇല്ലായിരുന്നെങ്കില്‍ ഈ നേട്ടത്തിലേക്ക് കമ്പനിക്ക് ഒരിക്കലും എത്താനാകുമായിരുന്നില്ലെന്നും ശൈഖ് അഹ്മദ് ഓര്‍മിപ്പിച്ചു. 200 ജീവനക്കാരും മൂന്ന് വിമാനങ്ങളുമായാണ് കമ്പനിക്ക് തുടക്കമിട്ടത്. കറാച്ചി, ന്യൂഡല്‍ഹി, മുംബൈ, അമ്മാന്‍, കൊളംബോ, കെയ്‌റോ, ധാക്ക എന്നിവിടങ്ങളിലേക്കായിരുന്നു ആദ്യകാല സര്‍വീസുകള്‍. 1994-95 കാലമായപ്പോഴേക്കും ജീവനക്കാരുടെ എണ്ണം 4000വും വിമാനങ്ങളുടെ എണ്ണം 17മായും ഉയര്‍ന്നു. ഈ കാലയളവില്‍ 29 രാജ്യങ്ങളിലെ 34 പട്ടണങ്ങളിലേക്ക് എമിറേറ്റ്‌സ് വിമാനങ്ങള്‍ പറക്കാന്‍ തുടങ്ങി. 2004-2005 കാലഘട്ടത്തില്‍ രാജ്യങ്ങളുടെ എണ്ണം 53ഉം പട്ടണങ്ങളുടെ എണ്ണം 76ഉമായി ഉയര്‍ന്നു. മൊത്തം ജീവനക്കാര്‍ 20,000ത്തോളമായി.
ഇന്ന് 81 രാജ്യങ്ങളിലെ 144 നഗരങ്ങളെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദുബൈയുമായി ബന്ധിപ്പിക്കുന്നു. 264 വിമാനങ്ങളും 168 രാജ്യങ്ങളില്‍ നിന്നായി 56,700 ജീവനക്കാരുമുള്ള കമ്പനിയുടെ വരുമാനം 12,800 കോടി യു എസ് ഡോളറാണെന്നും ശൈഖ് അഹ്മദ് വെളിപ്പെടുത്തി.