Connect with us

Gulf

അല്‍ ആമിരിക്ക് ആയിരങ്ങളുടെ വിട

Published

|

Last Updated

യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രക്തസാക്ഷി അല്‍ ആമിരിയുടെ മക്കളോടൊപ്പം

അബുദാബി: യമനില്‍ ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തിനിടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനിക ഓഫീസര്‍ ഹമൂദ് അലി സാലിഹ് അല്‍ ആമിരിക്ക് ആയിരങ്ങളുടെ വിട. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്ന ഹൂത്തികള്‍ക്കെതിരായുള്ള പോരാട്ടത്തിനിടെ അല്‍ ആമിരിക്ക് പരുക്കേറ്റിരുന്നു. അല്‍ ഐനിലെ രക്തസാക്ഷികള്‍ക്കായുള്ള മസ്ജിദിലാണ് അല്‍ ആമിരിയുടെ മയ്യിത്ത് നമസ്‌കാരം നടന്നത്. ഗുരുതരമായി പരുക്കേറ്റിരുന്ന ആമിരി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ജര്‍മനിയിലാണ് മരിച്ചത്.
കഴിഞ്ഞ ദിവസം അബുദാബിയിലെ അല്‍ ബത്തീന്‍ സൈനിക വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പിന്നീട് അല്‍ ഐനിലേക്ക് കൊണ്ടുവരികയായിരുന്നു. യമനില്‍ പരുക്കേറ്റ സൈനികരില്‍ ഒരാളായിരുന്നു അല്‍ ആമിരിയെന്നും മരണ വിവരം വേദനയോടെയാണ് കേട്ടതെന്നും ആമിരിയുടെ ബന്ധുവായ മുഹമ്മദ് അഹ്മദ് അല്‍ ആമിരി വ്യക്തമാക്കി.
സെപ്തംബര്‍ ഒമ്പതിനാണ് അല്‍ ആമിരി ഓപ്പറേഷന്‍ റെസ്റ്റോറിംഗ് ഹോപ്പിന്റെ ഭാഗമാവാന്‍ യമനിലേക്ക് തിരിച്ചത്. അദ്ദേഹം ഒരിക്കലും യമനിലേക്ക് പോവുന്ന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. സഊദി അതിര്‍ത്തിയിലേക്ക് പോകുന്നുവെന്നാണ് അറിയിച്ചിരുന്നത്. മാതാപിതാക്കള്‍ വിഷമിക്കരുതെന്ന് കരുതിയായിരുന്നു അദ്ദേഹം അപ്രകാരം പറഞ്ഞത്. യമനില്‍ എത്തിയ ശേഷമാണ് താന്‍ യുദ്ധമുഖത്താണെന്ന വിവരം അറിയിച്ചത്. 29കാരനായ അല്‍ ആമിരിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂന്ന് സഹോദരന്മാരും രണ്ട് സഹോദരികളും അടങ്ങുന്നതാണ് അല്‍ ആമിരിയുടെ കുടുംബം.
അല്‍ ഐനിലെ അലി യാഹര്‍ മേഖലയിലാണ് ആമിരിയുടെ മാതാപിതാക്കളും ഭാര്യയും അഞ്ച് വയസുള്ള മകള്‍ വദീമയും മൂന്ന് വയസുള്ള മകന്‍ മുഹമ്മദും താമസിക്കുന്നത്. ഭാര്യ ഗര്‍ഭിണിയാണ്. രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചതില്‍ മകനെ കുറിച്ച് അഭിമാനമുണ്ടെന്ന് അല്‍ ആമിരിയുടെ പിതാവ് അലി വ്യക്തമാക്കി. എന്നേയും ഭാര്യയേയും അവന് ജീവനായിരുന്നു. വൈദ്യപരിശോധനകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലും തായ്‌ലാന്റിലുമെല്ലാം നിരവധി തവണ ഞങ്ങളെ കൊണ്ടുപോയിട്ടുണ്ട്. യമനിലെ സൈനികസേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയാല്‍ വീണ്ടും പരിശോധനകള്‍ക്കായി കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും അലി കണ്ണീരോടെ പറഞ്ഞു. മകന്‍ വളരെ തിരക്കുപിടിച്ച ജോലിയിലാണ് ഏര്‍പെട്ടിരുന്നതെന്ന് മാതാവ് ഗാസിയ ഹുമൈദ് അല്‍ ആമിരി വ്യക്തമാക്കി. കുടുംബത്തെ അതിയായി സ്‌നേഹിക്കുകയും മാതാപിതാക്കളെ ആദരിക്കുകയും സ്വന്തം കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്തിരുന്ന അവന്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പിച്ചതില്‍ അഭിമാനിക്കുന്നതായും അവര്‍ പറഞ്ഞു. തന്റെ പിതാവ് രാജ്യത്തിനായി ജീവന്‍ ബലിയര്‍പിച്ചതില്‍ സന്തോഷമുണ്ടെന്നും പിതാവിന് സ്വര്‍ഗം ലഭിക്കുമെന്ന് ഉറപ്പാണെന്നും മകള്‍ വദീമ വ്യക്തമാക്കി.
അബുദാബിയില്‍ നിന്ന് വിമാനമാര്‍ഗമാണ് അല്‍ ആമിരിയുടെ മൃതദേഹം അല്‍ ഐനില്‍ എത്തിച്ചത്. അല്‍ ആമിരിയുടെ ജീവത്യാഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സാംസ്‌കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് തലവന്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ കുടുംബത്തെ അനുശോചനമറിയിച്ചു.
യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള ദൗത്യസേന ആക്രമണം ആരംഭിച്ചതു മുതല്‍ ഇതുവരെ 70ഓളം സൈനികരെയാണ് യു എ ഇക്ക് നഷ്ടമായത്. ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടതും പരുക്കേറ്റതും മആരിബില്‍ നടന്ന പോരാട്ടത്തിലാണ്. റോക്കറ്റ് പതിച്ച് ഡസന്‍ കണക്കിന് സ്വദേശി സൈനികരാണ് അവിടെ മരിച്ചത്.