Connect with us

National

ഛോട്ടാ രാജന്‍ പിടിയില്‍

Published

|

Last Updated

ജക്കാര്‍ത്ത/ ന്യൂഡല്‍ഹി: കൊലപാതകങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയായ മുംബൈ അധോലോക നായകന്‍ ഛോട്ടാ രാജന്‍ ഇന്തോനേഷ്യയില്‍ അറസ്റ്റിലായി. ഇക്കാര്യം സി ബി ഐ സ്ഥിരീകരിച്ചു. ദശാബ്ദങ്ങളായി പിടികിട്ടാപ്പുള്ളിയായി കഴിയുന്ന ഛോട്ടാ രാജന്‍ ഞായറാഴ്ച ബാലിയില്‍ വെച്ചാണ് ഇന്തോനേഷ്യന്‍ പോലീസിന്റെ പിടിയിലാകുന്നത്. സി ബി ഐയുടെ ആവശ്യപ്രകാരമായിരുന്നു അറസ്റ്റെന്ന് ഡയറക്ടര്‍ അനില്‍ സിന്‍ഹ പറഞ്ഞു.
ഞായറാഴ്ചയാണ് ഛോട്ടാ രാജന്‍ ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലെത്തിയത്. ഇന്റര്‍പോള്‍ റെഡ് നേട്ടീസ് പുറപ്പെടുവിച്ച ഇയാളെ കുറിച്ചുള്ള വിവരം കാന്‍ബെറ പോലീസില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് ബാലി പോലീസ് വക്താവ് ഹെറി വിയാന്തോ വ്യക്തമാക്കി.
1995 മുതല്‍ രാജേന്ദ്ര സദാശിവ നികല്‍ജിയെന്നും മോഹന്‍ കുമാര്‍ എന്നും പേരുള്ള ഛോട്ടാ രാജനെ പിടികൂടാന്‍ ശ്രമിക്കുന്ന ഇന്ത്യ ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു. ഏതാനും വര്‍ഷങ്ങളായി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഈ വിവരം ആസ്‌ത്രേലിയ കഴിഞ്ഞ മാസം ഇന്ത്യയെ അറിയിച്ചിരുന്നു.
ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോഴാണ് ഇയാള്‍ ഇന്തോനേഷ്യയിലേക്ക് കടന്നത്. ഇക്കാര്യം അവര്‍ ഇന്തോനേഷ്യയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ബാലിയിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അധേലോക രാജാവ് ദാവൂദ് ഇബ്‌റാഹിമിന്റെ വലംകൈയായാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധി നേടുന്നത്. മുംബൈയില്‍ ജനിച്ച ഈ 55കാരന്‍ 1993ലെ മുംബൈ സ്‌ഫോടനത്തിന് ശേഷം ദാവൂദുമായി തെറ്റിപ്പിരിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്‌റാഹിം പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
മുംബൈ സ്‌ഫോടനത്തിന് ശേഷമാണ് കേസില്‍ പ്രതിയായ രാജന്‍ ഒളിവില്‍ പോയത്. തുടര്‍ന്ന് 1995ല്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി ഇന്റര്‍പോള്‍ പ്രഖ്യാപിച്ചു. മുംബൈ സ്‌ഫോടനമടക്കം ഇരുപതോളം കൊലപാതക കേസുകളില്‍ പ്രതിയാണ് ചോട്ടാ രാജന്‍. ഇന്തോനേഷ്യയില്‍ പിടിയിലായെങ്കിലും എപ്പോള്‍ ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടും എന്നത് വ്യക്തമല്ല. ഛോട്ടാ രാജനെ പിടികൂടാന്‍ സഹായിച്ച ആസ്‌ത്രേലിയ, ഇന്തോനേഷ്യ അധികൃതര്‍ക്ക് സി ബി ഐ ഡയരക്ടര്‍ നന്ദി അറിയിച്ചു.

Latest