ഇരുമുന്നണികള്‍ക്കും ‘നായകന്‍’ തലവേദന; ചര്‍ച്ചകള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വഴിമാറുന്നു

Posted on: October 26, 2015 10:30 am | Last updated: October 26, 2015 at 10:07 am
SHARE

achuthanandan-and-oommen-chandyതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ചൂട് നിയമസഭാതിരഞ്ഞെടുപ്പിന്റെ ദിശ നിര്‍ണയ ചര്‍ച്ചകളിലേക്ക് വഴിമാറുന്നു. പ്രാദേശിക പ്രശ്‌നങ്ങള്‍ താഴെ തട്ടില്‍ പ്രചാരണ വിഷയമാകുമ്പോഴും സംസ്ഥാനതലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങളാണ്. അഞ്ച് മാസം കഴിഞ്ഞാല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ ഇരുമുന്നണികളില്‍ നിന്നും ഉയര്‍ന്ന് തുടങ്ങി. യു ഡി എഫില്‍ തുടങ്ങിവെച്ചത് കെ പി സി സി പ്രസിഡന്റ് വി എം സുധീരനെങ്കില്‍ എല്‍ ഡി എഫിലെ ചര്‍ച്ചക്ക് സി പി ഐ ആണ് തുടക്കമിട്ടിരിക്കുന്നത്.
അടുത്ത തിരഞ്ഞെടുപ്പിലും യു ഡി എഫിനെ ഉമ്മന്‍ ചാണ്ടി നയിക്കുമെന്ന സുധീരന്റെ തുറന്നുപറച്ചിലാണ് ചര്‍ച്ചകളെ ഈ ദിശയിലേക്ക് നീക്കിയത്. എല്‍ ഡി എഫിനെ വി എസ് അച്യുതാനന്ദന്‍ നയിക്കുന്നതാണ് നല്ലതെന്ന് സി പി ഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരനും വ്യക്തമാക്കിയിരുന്നു. ഇരുനേതാക്കളുടെയും പ്രസ്താവന അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടി വിവാദമൊഴിവാക്കാന്‍ നേതൃത്വത്തിന്റെ ശ്രമമെങ്കിലും ഇത് പൂര്‍ണമായി വിജയിച്ചിട്ടുമില്ല.
ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സുധീരന്‍ നടത്തിയ പ്രസ്താവന അനവസരത്തിലാണെന്നും ഇരു ഗ്രൂപ്പുകള്‍ക്കുമിടയില്‍ രൂപപ്പെട്ട ഐക്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പ്രസ്താവനയെന്നുമാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രസ്താവന സന്തോഷിപ്പിക്കുന്നതെങ്കിലും കെ പി സി സി പ്രസിഡന്റ് ഇങ്ങിനെ പറഞ്ഞതില്‍ എ ഗ്രൂപ്പും പന്തികേട് മണക്കുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട സുധീരനെതിരെ ഒന്നിച്ച് നില്‍ക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ നേരത്തെ തീരുമാനിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടനയെന്ന സുധീരന്റെ ആവശ്യം ചെറുത്ത് തോല്‍പ്പിച്ചത് ഇങ്ങനെയാണ്. ഈ ഐക്യം തകര്‍ക്കുകയാണ് നിയമസഭാതിരഞ്ഞെടുപ്പിലെ നായകനെ ഇപ്പോള്‍ തന്നെ അവരോധിക്കുന്നതിലൂടെ സുധീരന്റെ ലക്ഷ്യമെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ മുരളീധരനും സുധീരന്റെ നിലപാട് തള്ളിയിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.
വി എസിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന നിര്‍ദേശം സി ദിവാകരനാണ് ആദ്യം ഉന്നയിച്ചത്. ഇപ്പോള്‍ ഇത് ചര്‍ച്ചാവിഷയമല്ലെന്ന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പിന്നാലെ വ്യക്തമാക്കി. സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ദിവാകരന്റെ നിലപാട് തള്ളിയെങ്കിലും വി എസിന്റെ മനസ്സറിഞ്ഞ ശേഷമേ നായകനെ തീരുമാനിക്കൂവെന്നായിരുന്നു മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ഇങ്ങനെയൊരു ചര്‍ച്ച ഗുണം ചെയ്യില്ലെന്ന് ഉറപ്പുള്ളതിനാല്‍ സി പി എം പ്രതികരണം കരുതലോടെയാണ്. ഇപ്പോള്‍ ഇതൊന്നും ചര്‍ച്ചാ വിഷയമല്ലെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ദിവാകരന്റെ നിലപാട് ശരിയായില്ലെന്ന് എന്‍ സി പിയും പ്രതികരിച്ചു.
നിയമസഭാതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും അലട്ടുന്ന പ്രധാന ചര്‍ച്ച നായകന്‍ ആരെന്നതിനെ ചൊല്ലിയാകുമെന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ തന്നെ ഉയരുന്ന ഭിന്നസ്വരങ്ങള്‍. പാര്‍ട്ടി സെക്രട്ടറി പദമൊഴിഞ്ഞ പിണറായി വിജയനെ നായകനാക്കി തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന സി പി എമ്മിന് വി എസ് ഇനിയും വെല്ലുവിളിയാകുമെന്നാണ് സൂചനകള്‍. കഴിഞ്ഞ രണ്ട് തവണയും ആദ്യം സീറ്റ് നിഷേധിക്കുകയും പിന്നീട് ജനവികാരം കണക്കിലെടുത്ത് വി എസിനെ കളത്തിലിറക്കി മുന്നില്‍ നിര്‍ത്തുകയും ചെയ്തതാണ് സി പി എമ്മിന്റെ ചരിത്രം. പ്രതിപക്ഷനേതൃപദവിയില്‍ നിന്ന് നീക്കാന്‍ ആലോചിച്ചിട്ട് പോലും ഇതുവരെ അത് സാധ്യമായിട്ടില്ലെന്ന വസ്തുതയും നിലനില്‍ക്കുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് വി എസ് കളം നിറഞ്ഞ് കളിക്കുന്നുമുണ്ട്.
ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ എന്നതാകും യു ഡി എഫിലെ തര്‍ക്കം. കഴിഞ്ഞ തവണ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here