Connect with us

International

ആയിരക്കണക്കിന് ഇസ്‌റാഈലുകാര്‍ സമാധാന റാലി നടത്തി

Published

|

Last Updated

ടെല്‍ അവീവ് : ഫലസ്തീനുമായി പുതിയ സമാധാന ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്‌റാഈലുകാര്‍ തെരുവില്‍ സമാധാന റാലി നടത്തി. ഇസ്‌റാഈലും ഫലസ്തീനുമായി ഒരു മാസക്കാലമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണിത്. ഇസ്‌റാഈലിന്റെ കച്ചവട തലസ്ഥാനമായ ടെല്‍ അവീവിലെ റബിന്‍ ചത്വരത്തില്‍നിന്നും പ്രതിരോധ മന്ത്രാലയം സ്ഥിതി ചെയ്യുന്ന ഹകിര്‍യയിലേക്ക് ശനിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ 6,000 പേര്‍ പങ്കെടുത്തുവെന്ന് പരിപാടിയുടെ സംഘാടകരായ ഇടതുപക്ഷ സംഘടനയായ പീസ് നൗ പറഞ്ഞു. സമീപകാലത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം സര്‍ക്കാറും തീവ്ര ദേശീയതക്കാരായ നേതാക്കളുമാണെന്ന് പീസ് നൗ ചെയര്‍മാന്‍ യാരിവ് ഒപന്‍ഹീമര്‍ പറഞ്ഞു. ഇവര്‍ രാജ്യത്തെ ബന്ദിയാക്കി ആവശ്യമില്ലാത്ത മത യുദ്ധം നടത്തുകയാണെന്നും നമ്മളെല്ലാം ഇതിന് വിലനല്‍കുകയാണെന്നും ഇദ്ദഹം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്തെ അക്രമവും വംശീയതയും പ്രതീക്ഷകളുമില്ലാത്ത സ്ഥലമാക്കിമാറ്റിയത് സര്‍ക്കാറാണെന്നും ഒപന്‍ഹീമര്‍ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും ഏകദേശം ഒരു മാസത്തിന് മുമ്പ് തുടങ്ങിയ പുതിയ സംഘര്‍ഷത്തില്‍ ഇതുവരെ പത്ത് ഇസ്‌റാഈലുകാരും 54 ഫലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്.

Latest