ഇന്ത്യ- ആഫ്രിക്ക ഫോറത്തില്‍ സംബന്ധിക്കാന്‍ ഈജിപ്ത് പ്രസിഡന്റ് സീസി എത്തും

Posted on: October 26, 2015 9:34 am | Last updated: October 26, 2015 at 9:34 am
SHARE

alsisiകൈറോ: മൂന്നാമത് ഇന്ത്യ- ആഫ്രിക്കാ ഫോറത്തില്‍ സംബന്ധിക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ഇന്ത്യയിലെത്തും. സീസിയുടെ സന്ദര്‍ശനം സൂയസ് കനാല്‍ പ്രൊജക്ടില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാകാന്‍ സീസിയുടെ സന്ദര്‍ശനത്തിന് സാധിക്കുമെന്ന് പ്രസിഡന്റിന്റെ വക്താവ് അലാ യൂസുഫ് പറഞ്ഞു. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണം, നിക്ഷേപങ്ങള്‍ കൊണ്ടുവരിക, ഇന്ത്യയെ ആഫ്രിക്കയുടെ വാണിജ്യപങ്കാളിയാക്കുക എന്നതാണ് സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നത്.
ഇന്ത്യക്ക് പുറമെ യു എ ഇയിലും ബഹ്‌റൈനിലും പ്രസിഡന്റ് സന്ദര്‍ശനം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കൂടാതെ വ്യവസായികളെയും പ്രസിഡന്റ് കാണും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം കൊണ്ടുവരുന്നതിലും സൂയസ് കനാല്‍ പദ്ധതിയില്‍ ഊന്നല്‍ നല്‍കി ഈജിപ്തില്‍ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലുമുള്ള ചര്‍ച്ചകള്‍ നടക്കും. സൂയസ് കനാല്‍ പ്രൊജക്ട് തുറന്ന് കൊടുക്കുന്നതോടെ ചരക്ക് കപ്പലുകളുടെ കാത്തിരിപ്പും ദൂരവും കുറക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതുവഴി ഈജിപ്തിന്റെ വരുമാനം കൂട്ടാമെന്നും കരുതുന്നു.
മധ്യധരണ്യാഴിയും ചെങ്കടലും തമ്മില്‍ ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ പ്രൊജക്ട് കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് പ്രസിഡന്റ് തുറന്ന് കൊടുത്തത്. കഴിഞ്ഞ മാസം നടന്ന യു എന്‍ ഉച്ചകോടിയില്‍ സീസിയും മോദിയും തമ്മില്‍ നടന്ന ആദ്യവട്ട ചര്‍ച്ചയില്‍ ഇന്ത്യക്ക് സൂയസ് കനാല്‍ പ്രൊജക്ടില്‍ നിക്ഷേപമിറക്കുന്നതിനെ സംബന്ധിച്ചുള്ള സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ഇന്ന് തുടങ്ങുന്ന ഇന്ത്യ- ആഫ്രിക്കാ ഫോറം സമ്മിറ്റ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമാണ്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 54 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.