ബി ജെ പിയില്‍ ചേരിപ്പോര് കടുത്തു

Posted on: October 26, 2015 9:23 am | Last updated: October 26, 2015 at 9:23 am
SHARE

muraleedharan and krishnadasതിരുവനന്തപുരം: ബി ജെ പി കേരള ഘടകത്തിലെ ആഭ്യന്തര കലാപം മൂര്‍ച്ഛിക്കുന്നതിന് പിന്നില്‍ സംഘടനാ തിരഞ്ഞെടുപ്പ്. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെ പ്രസിഡന്റ് പദം ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് ചേരിപ്പോരിന് വഴിമരുന്നിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുമ്പോഴും അതിന്റെ സാധ്യതകളെ ബാധിക്കുമെന്ന തിരിച്ചറിവുണ്ടായിട്ടും പ്രസ്താവനാ യുദ്ധം തുടരുന്നതിന് പിന്നില്‍ സംഘടനക്കുള്ളിലെ മേധാവിത്വം ഉറപ്പിക്കാനുള്ള ഇരു ഗ്രൂപ്പുകളുടെയും നീക്കങ്ങളാണ്.
രണ്ട് ടേം പൂര്‍ത്തിയായ കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പ് കാലയളവില്‍ തന്നെ മുരളീധരന്‍ സ്ഥാനം ഒഴിയേണ്ടതായിരുന്നുവെങ്കിലും ദേശീയ നേതൃത്വത്തില്‍ വലിയ സമ്മര്‍ദം ചെലുത്തിയാണ് മുരളീധരന്‍ വീണ്ടും പ്രസിഡന്റായത്. പുതിയ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ മുരളീധരന്‍ ശ്രമം തുടങ്ങിയതോടെ മുതിര്‍ന്ന നേതാക്കളെ അണിനിരത്തി പ്രതിരോധിക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം. പി പി മുകുന്ദനെയും കെ രാമന്‍പിള്ളയെയും തിരിച്ചെത്തിക്കുകയെന്ന നിര്‍ദേശം ഉയര്‍ന്നതും ഇതിന്റെ ഭാഗമാണ്. മെയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിന് മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന നിലപാടാകും സംസ്ഥാന നേതൃത്വം സ്വീകരിക്കുക. ദേശീയ നേതൃത്വം ഇതിന് അനുകൂല നിലപാട് സ്വീകരിക്കുക കൂടി ചെയ്താല്‍ ഒരു വര്‍ഷമെങ്കിലും മുരളീധരന് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ കഴിയും.
വി മുരളീധരന്റെ പിന്‍ഗാമിയാരെന്നതാണ് മറ്റൊരു തര്‍ക്ക വിഷയം. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് മുരളീധരന്‍ അനുകൂലികളുടെ നീക്കം. ഇതിനായി ആര്‍ എസ് എസിന്റെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പി കെ കൃഷ്ണദാസ് നേരത്തെ തന്നെ ഇതിന് കരുനീക്കം തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെയെങ്കിലും പിന്തുണയും ഇതിനുണ്ട്. കൃഷ്ണദാസിനെ അംഗീകരിച്ചില്ലെങ്കില്‍ ശോഭാ സുരേന്ദ്രന്റെ പേരാകും കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുക. ഈ നീക്കം സുഗമമാകാന്‍ വേണ്ടിയാണ് പി പി മുകുന്ദനെയും കെ രാമന്‍പിള്ളയെയും പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കണമെന്ന നിര്‍ദേശം കൃഷ്ണദാസ് ക്യാമ്പില്‍ നിന്ന് ഉയര്‍ന്നതും ഇത് മുന്‍കൂട്ടികണ്ട് വി മുരളീധരന്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയതും.
എസ് എന്‍ ഡി പി ഉള്‍പ്പെടെയുള്ള ജാതി സംഘടനകളെ കൂടെ നിര്‍ത്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തുന്ന പരീക്ഷണം പാര്‍ട്ടിക്ക് എത്രമാത്രം ഗുണം ചെയ്യുമെന്നതില്‍ സംസ്ഥാന, ദേശീയ നേതൃത്വത്തിന് ഒരുപോലെ ആശങ്കയുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയും ആശീര്‍വാദത്തോടെയുമാണ് നീക്കങ്ങളെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ ഉത്തരവാദിത്വം സംസ്ഥാന ഘടകത്തിനുമേല്‍ കെട്ടിവെക്കപ്പെടും.
ബി ജെ പി- എസ് എന്‍ ഡി പി ബന്ധത്തിന് തുടക്കം കുറിച്ചത് കേന്ദ്ര നേതൃത്വമാണെന്ന വി മുരളീധരന്റെ പ്രസ്താവന ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലമാകും പാര്‍ട്ടി പുനഃസംഘടനയില്‍ ഇരുപക്ഷവും ആയുധമാക്കുക. വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ട് നഷ്ടക്കച്ചവടമാണെന്നുവന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ ഇരുപക്ഷവും ആയുധമാക്കും. ഉത്തരവാദിത്വം മുരളീധരപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ എതിര്‍ചേരി ശ്രമിക്കുമെന്ന് ഉറപ്പാണ്. കൂട്ടുകെട്ടു ഗൂണംചെയ്യുമെന്ന തോന്നല്‍ ഇരുപക്ഷത്തിനും ഇല്ലതാനും. എസ് എന്‍ ഡി പിയുമായുള്ള അടുപ്പം പരമ്പരാഗത നായര്‍ വോട്ടുകളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന വികാരം ഇപ്പോള്‍ തന്നെ ബി ജെ പിയിലുണ്ട്.
ഈ സാഹചര്യമെല്ലാം നിലനില്‍ക്കെയാണ് പി പി മുകുന്ദന്റെയും രാമന്‍പിള്ളയുടെയും തിരിച്ചുവരവ് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയാകുന്നത്. മുകുന്ദന്റെ വരവ് സംഘടനാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ഉറപ്പുള്ളതിനാലാണ് തുടക്കത്തില്‍ത്തന്നെ പ്രതിരോധിക്കാന്‍ വി മുരളീധരനെ പ്രേരിപ്പിച്ചതും.
എന്നാല്‍, മുരളീധരന്റെ മിസ്ഡ് കോള്‍ പരാമര്‍ശം അണികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുമുണ്ട്.