Connect with us

Editorial

ലജ്ജാകരം

Published

|

Last Updated

രാജ്യത്തെ ദളിത് ജനവിഭാഗങ്ങളുടെ ജീവനും ആത്മാഭിമാനത്തിനുമെതിരായ കടന്നുകയറ്റങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്ത് വരികയാണ്. ജാതിശ്രേണിയില്‍ താഴ്ന്നവരായത് കൊണ്ട് മാത്രം കടുത്ത പീഡനം അനുഭവിക്കേണ്ടിവരികയാണ് ദളിത് ജനവിഭാഗങ്ങള്‍ എന്നത് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നമ്മുടെ അഹംഭാവത്തിന് നേരെയുള്ള ചോദ്യചിഹ്നമാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദരിദ്രര്‍ക്കും സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്കും സൈ്വരമായി ജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജനാധിപത്യത്തിന് എന്ത് അര്‍ഥമാണുള്ളത്? ജാതി വിവേചനം ശക്തമായി ഇന്നും രാജ്യത്ത് നിലനില്‍ക്കുകയാണ്. ജനനം കൊണ്ട് ഒരാള്‍ താഴ്ന്നവനും മറ്റൊരാള്‍ ഉയര്‍ന്നവനുമാകുന്ന ഏര്‍പ്പാട് എത്ര മനുഷ്യത്വവിരുദ്ധമാണ്. എത്ര വിദ്യാസമ്പന്നനും സംസ്‌കാര സമ്പന്നനും ജനകീയനും മനുഷ്യസ്‌നേഹിയുമായാലും ജാതിയില്‍ താഴ്ന്നവന്‍ അധമന്‍ തന്നെയാണെന്ന ബോധം ഏത് ചാതുര്‍വര്‍ണ്യത്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഭരണഘടനാ ശില്‍പ്പികള്‍ ഇത്തരം ജനവിഭാഗങ്ങളുടെ പരിരക്ഷക്കുള്ള വ്യവസ്ഥകള്‍ വ്യക്തമായി നിര്‍വചിച്ചത്. പൊതു മണ്ഡലത്തില്‍ അവര്‍ക്ക് മാന്യമായ ഇടം ലഭിക്കാന്‍ ജോലിയിലും വിദ്യാഭ്യാസത്തിലും ജനപ്രാതിനിധ്യത്തിലും കര്‍ശനമായ സംവരണം വ്യവസ്ഥ ചെയ്തു. ജാതിപരമായ അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ശക്തമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമങ്ങളും രൂപവത്കരിച്ചു. ഇതൊക്കെയായിട്ടും ഈ ജനവിഭാഗങ്ങളുടെ സാമൂഹിക പദവിയില്‍ വലിയ മാറ്റമുണ്ടായിട്ടില്ലെന്ന് മാത്രമല്ല, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരം വര്‍ധിക്കുകയാണ്.
പട്ടിക വിഭാഗങ്ങളുള്‍പ്പെടെ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നുവെന്നാണ് ഈയിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അനിയന്ത്രിതമായാണ് ന്യൂനപക്ഷങ്ങള്‍ക്ക് പുറമെ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുമുള്ള അതിക്രമങ്ങള്‍ കുതിച്ചുയരുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മോദി അധികാരത്തിലെത്തിയ 2014ല്‍ മാത്രം 58,515 കേസുകളാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6 ശതമാനവും പട്ടികജാതിക്കാര്‍ക്കെതിരെ 19 ശതമാനവും അതിക്രമങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം വര്‍ധിച്ചു. കഴിഞ്ഞ ദിവസം ദളിത് കുടുംബത്തെ ജീവനോടെ തീക്കൊളുത്തിയ ഹരിയാനയില്‍ അതിക്രമങ്ങളുടെ എണ്ണത്തില്‍ 245 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ ആക്രമണങ്ങളില്‍ തൊണ്ണൂറ് ദളിതര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരിയാനയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 21 ദളിതരാണ് കൊല്ലപ്പെട്ടത്. ഇതു സംബന്ധിച്ച കേസുകളില്‍ കൃത്യമായ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഏറെ ഗുരുതരം. കേസുകളില്‍ സാക്ഷികളെ കോടതിയില്‍ എത്തിക്കാനോ കൃത്യമായി വിവരം ശേഖരിക്കാനോ പോലീസ് ശ്രമിക്കുന്നില്ല.
1955ല്‍ ദളിതര്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളില്‍ വെറും 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 1.38 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2014 വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എസ് സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളില്‍ 47,064 കേസുകളാണ് 2014ല്‍ രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ ഇത് 39,408 ആയിരുന്നു. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള 6793 കുറ്റകൃത്യങ്ങള്‍ 2013ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014ല്‍ ഇത് 11,451 ആയി ഉയര്‍ന്നു.
ഈ കണക്കുകള്‍ മുന്നോട്ട് വെക്കുന്ന ചിത്രം അത്യന്തം ഭീകരമാണ്. രജിസ്റ്റര്‍ ചെയ്യപ്പെട്ടവയുടെ കണക്കുകള്‍ മാത്രമാണ് ഇത്. കേസാകാതെ പോകുന്ന എത്രയെത്ര സംഭവങ്ങളുണ്ടാകും. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും വിദൂരസ്ഥ ഗ്രാമങ്ങളില്‍ ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പുറം ലോകം അറിയാറേ ഇല്ല. അവിടെ സവര്‍ണ വിഭാഗങ്ങള്‍ പറയുന്നതേ വാര്‍ത്തയാകൂ. അവര്‍ക്ക് ഇഷ്ടമുള്ള വിഷയത്തിലേ പോലീസ് കേസെടുക്കൂ. ദളിത് വിഭാഗങ്ങളെ ശാക്തീകരിക്കുക മാത്രമാണ് ഇതിന് പോംവഴി. വിദ്യാഭ്യാസത്തിലും തൊഴിലിലും അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കണം. ഇത്തരം പദ്ധതികള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കാന്‍ ദളിതുകള്‍ തയ്യാറാകുകയും വേണം. ദളിതുകള്‍ എന്ന സംജ്ഞയില്‍ തന്നെ ഒരു മാറ്റിനിര്‍ത്തലുണ്ട്. അവരെ സമൂഹത്തില്‍ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. കേരളം ഇക്കാര്യത്തില്‍ അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നുവെങ്കില്‍ അതിന്റെ കാരണം ഇവിടെ ഉയര്‍ന്നുവന്ന ജാതിവിരുദ്ധ സമരങ്ങളും രാഷ്ട്രീയ പ്രബുദ്ധതയുമാണ്. തമിഴ്‌നാട്ടിലെ ഉത്തപുരത്തെ ജാതി മതില്‍ പോലുള്ള വേലി കെട്ടിത്തിരിക്കലാണ് ബീഹാറിലും മറ്റും നടക്കുന്നത്. ചണ്ഡാലരും തുകല്‍പണിക്കാരും ഗ്രാമത്തിന്റെ അതിരുകളിലേക്ക് ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. വിവേചനം സഹിക്കവയ്യാതെ പലരും നഗരത്തില്‍ അഭയം തേടുന്നു. സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് പതിറ്റാണ്ടിലേക്ക് നീങ്ങുന്ന ഈ രാജ്യത്ത് ക്രൂരതകള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നത് എത്ര ലജ്ജാകരമാണ്. ഇവിടെ ഇപ്പോള്‍ ഉയരുന്ന ഗോവധ നിരോധം മുറവിളികള്‍ പോലും ദളിത്‌വിരുദ്ധമാണെന്നോര്‍ക്കണം.

Latest