Connect with us

Ongoing News

വാങ്കെഡെയില്‍ 'ത്രി ഡി' ഷോ; ഇന്ത്യക്ക് തോല്‍വി; ദക്ഷിണാഫ്രിക്കക്ക് പരമ്പര

Published

|

Last Updated

മുംബൈ: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ സംഹാര താണ്ഡവമാടിയ “ഫൈനല്‍” പോരില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി. 214 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.
ഓപണര്‍ ക്വിന്റണ്‍ ഡി കോക്ക് (87 പന്തില്‍ 109), ഫാഫ് ഡുപ്ലെസിസ് (115 പന്തില്‍ 133), എ ബി ഡിവില്ലിയേഴ്‌സ് (61 പന്തില്‍ 119) എന്നിവര്‍ ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്തപ്പോള്‍ മുംബൈ വാങ്കെഡെ സ്റ്റേഡിയം മറ്റൊരു പൂരപ്പറമ്പായി. പിറന്നത് 438 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 35.5 ഓവറില്‍ 224 റണ്‍സിന് അവര്‍ പത്തിമടക്കി.
കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക് പരമ്പരയും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലായതോടെയാണ് അഞ്ചാമത്തെ മത്സരം “ഫൈനലാ”യി മാറിയത്. ട്വന്റി 20 പരമ്പരയില്‍ ഇന്ത്യ നേരത്തെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

south africa
അജിക്യ രഹാനെയും (58 പന്തില്‍ 87), ശിഖര്‍ ധവാനും (59 പന്തില്‍ 60) പൊരുതി നോക്കിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ റണ്‍മലക്ക് മുന്നില്‍ അത് ഒന്നുമായില്ല. രോഹിത് ശര്‍മ (16), വിരാട് കോഹ്‌ലി (ഏഴ്), സുരേഷ് റെയ്‌ന (12), ക്യാപ്റ്റന്‍ ധോണി (27), അക്‌സര്‍ പട്ടേല്‍ (അഞ്ച്), ഹര്‍ഭജന്‍ സിംഗ് (പൂജ്യം), ഭുവനേശ്വര്‍ കുമാര്‍ (ഒന്ന്), അമിത് മിശ്ര (നാല്) എന്നിവരെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പവലിയനിലേക്ക് നിലം തൊടാതെ പറപ്പിച്ചു. ദക്ഷിണാഫ്രിക്കക്കായി റബാഡ നാലും ഡെയ്ന്‍ സ്റ്റയ്ന്‍ മൂന്നും ഇമ്രാന്‍ താഹിര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയാണ് ദക്ഷിണാഫ്രിക്ക ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ സ്വന്തമാക്കിയത്. കേവലം 57 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സാണ് ഇന്ത്യന്‍ ബൗളിംഗ് നിരയെ തല്ലിയൊതുക്കിയത്. പതിനൊന്ന് കൂറ്റന്‍ സിക്‌സറുകളും മൂന്നും ഫോറും ഉള്‍പ്പെട്ടതായിരുന്നു ഡിവില്ലേഴ്‌സിന്റെ സെഞ്ചുറി. ഈ പരമ്പരയിലെ മൂന്നാമത്തെതും കരിയറിലെ ഇരുപത്തി മൂന്നാമത്തെയും സെഞ്ച്വറിയാണ് ഡിവില്ലേഴ്‌സ് നേടിയത്. 119 റണ്‍സെടുത്ത ഡിവില്ലേഴ്‌സിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കുകയായിരുന്നു. 115 പന്തില്‍ ഒമ്പത് ബൗണ്ടറിയും ആറ് സിക്‌സും അടിച്ചാണ് ഡുപ്ലെസിസ് 133 റണ്‍സ് നേടിയത്. കാലിനേറ്റ പേശിവലിവിനെ തുടര്‍ന്ന് ഡുപ്ലെസിസ് കളം വിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി ഇതിലും ദയനീയമായേനെ. 87 പന്തില്‍ 109 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും അനായാസമായി ബാറ്റ് വീശി. 17 ബൗണ്ടറിയും ഒരു സിക്‌സും ഇ ഓപണിംഗ് ബാറ്റ്‌സ്മാന്റെ ഇന്നിംഗ്‌സിന് അകമ്പടിയായി. ഒരു മത്സരത്തില്‍ മൂന്ന് താരങ്ങള്‍ സെഞ്ചുറി നേടുന്നത് ഇത് രണ്ടാം തവണയാണ്. ഹാഷിം അംല (23) യുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യം നഷ്ടമായത്. മോഹിത് ശര്‍മയാണ് അംലയെ വീഴ്ത്തിയത്.
ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ഭുവനേശ്വര്‍ കുമാറും “സെഞ്ച്വറി”യടിച്ചു. 10 ഓവറില്‍ 106 റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. ഏഴ് ഓവറില്‍ 84 റണ്‍സ് വിട്ടുനല്‍കിയ മോഹിത് ശര്‍മയാണ് ഏറ്റവും കൂടുതല്‍ തല്ല് ഏറ്റുവാങ്ങിയ ഇന്ത്യന്‍ ബൗളര്‍. അമിത് മിശ്ര 10 ഓവറില്‍ 78 ഉം അക്‌സര്‍ പട്ടേല്‍ എട്ടോവറില്‍ 65 റണ്‍സും വഴങ്ങി. പത്ത് ഓവറില്‍ 70 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗാണ് തമ്മില്‍ ഭേദം.
ഇന്ത്യയുടെ ഫീല്‍ഡിംഗും ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുക്കുന്നതില്‍ “നിര്‍ണായക” പങ്ക് വഹിച്ചു. ചോരുന്ന കൈകളുമായി അവര്‍ മൈതാനത്ത് കാഴ്ചക്കാരായി. അമിത് മിശ്രയുടെ പന്തില്‍ ബെഹാര്‍ദ്ദീന്‍ നല്‍കിയ അനായാസ ക്യാച്ച് ഇന്ത്യന്‍ നിരയിലെ മികച്ച ഫീല്‍ഡറായ സുരേഷ് റെയ്‌ന നിലത്തിട്ടു. അജിക്യ രഹാനെ മറ്റൊരു ക്യാച്ച് കൈവിട്ടപ്പോള്‍ കോഹ്‌ലി ഒരു ത്രോ നേരെ ബൗണ്ടറിയിലുമെത്തിച്ചു.

---- facebook comment plugin here -----

Latest