രണ്ടര വയസുള്ള മകന്റെ ഹൃദയശസ്ത്രക്രിയക്ക് വഴികാണാതെ പ്രവാസിയായ പിതാവ്

Posted on: October 25, 2015 4:56 pm | Last updated: October 25, 2015 at 4:56 pm
SHARE

hussain sonദുബൈ: രണ്ടര വയസുള്ള മകന്‍ സവാദിന്റ ജീവന്‍ നിലനിര്‍ത്താനാവശ്യമായ അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാതെ തളര്‍ന്നിരിക്കുകയാണ് കാസര്‍കോഡ് ബദിയടുക്ക സ്വദേശി ഹു സൈന്‍.
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ജനറല്‍ ട്രേഡിംഗ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഓഫീസ് ബോയിയായി ജോലി ചെയ്തുവരുന്ന ഹുസൈന്റെ മൂന്നുമക്കളില്‍ ഇളയവനാണ് രണ്ടര വയസുള്ള സവാദ്. ജന്മനാ വളര്‍ച്ചക്കുറവും ബലക്കുറവുമുള്ള സവാദിന് ഹൃദയസംബന്ധിയായ ഗുരുതര രോഗമുണ്ടെന്ന് വിദഗ്ധ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത് അടുത്ത കാലത്ത് മാത്രമാണ്. സവാദിന്റെ ഹൃദയത്തെ ബാധിച്ച രണ്ടു ഗുരുതര പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ കുട്ടിയെ രക്ഷിക്കാനാവൂവെന്നാണ് എറണാകുളത്തെ പ്രസിദ്ധമായ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് ശസ്ത്രക്രിയക്കുമായി ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നതാണ് ഹുസൈനെ തളര്‍ത്തിയിരിക്കുന്നത്. സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ട് കഷ്ടിച്ച് കുടുംബ കാര്യങ്ങള്‍ നടത്തുന്ന ഹുസൈന് ഒരിക്കലും ആലോചിക്കാന്‍ കഴിയാത്തതാണ് ഇത്രയും വലിയ സംഖ്യ. മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹൃദയരുടെ സഹായം ആവശ്യമാണ്. തന്റെ മുമ്പില്‍ എന്തെങ്കിലും വഴികള്‍ തുറക്കപ്പെടുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഹുസൈന്‍. ബന്ധപ്പെടേണ്ട നമ്പര്‍ 050- 5788680.

LEAVE A REPLY

Please enter your comment!
Please enter your name here