ശൈഖ് മുഹമ്മദ് സ്മാര്‍ട് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു

Posted on: October 25, 2015 4:54 pm | Last updated: October 25, 2015 at 4:54 pm
SHARE

2459782526ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്മാര്‍ട് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. 30 സര്‍ക്കാര്‍ ഏജന്‍സികളെ ഉള്‍പെടുത്തിയാണ് സ്മാര്‍ട് കൗണ്‍സിലെന്ന ഇന്റലിജന്റ് പ്ലാറ്റ്‌ഫോമിന് ശൈഖ് മുഹമ്മദ് രൂപം നല്‍കിയിരിക്കുന്നത്.
അഭിപ്രായങ്ങള്‍ സ്വീകരിക്കുക, സംഭവങ്ങളെ നിരീക്ഷിക്കുക, ചിന്തകള്‍ പങ്കിടുക തുടങ്ങിയവക്കായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിലൂടെ ലക്ഷ്യമിടുന്നത്. ശൈഖ് മുഹമ്മദിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും കൗണ്‍സിലിന്റെ പ്രവര്‍ത്തനം.
നമ്മുടെ വാതിലുകള്‍ എല്ലായിപ്പോഴും തുറന്നിട്ടിരിക്കുമെന്ന് സ്മാര്‍ട് കൗണ്‍സിലിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ആശയവിനിമയത്തിനുള്ള പുതിയ മാര്‍ഗമാണിത്. ഇതില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഉള്‍പെടുത്തിയിട്ടുണ്ട്. ഇവയില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സശ്രദ്ധം നിരീക്ഷിക്കുകയും ആവശ്യമായ നടപടി ത്വരിതപ്പെടുത്തുകയും ചെയ്യും. ദുബൈയെ ലോകത്തിലെ ഏറ്റവും സ്മാര്‍ടായ നഗരമാക്കി മാറ്റിയെടുക്കാനാണ് നാം ശ്രമിക്കുന്നത്. ഇതിനായി പൗരന്മാരുടെയും പ്രവാസികളുടെയും സന്ദര്‍ശകരുടെയും ദുബൈയെ ഇഷ്ടപെടുന്നവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒഴിച്ചുകൂടാനാവാത്തതാണെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. സമൂഹത്തിലെ എല്ലാവരെയും കൗണ്‍സിലിന്റെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ചിന്തകളും സംവാദങ്ങളും വികസന പ്രക്രിയയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പരമ്പരാഗതമായി നാം ആര്‍ജിച്ച അറിവുകളെ നൂതന സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച് വികസനവും സന്തോഷവും ദുബൈക്ക് നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലാണ് എക്‌സിക്യൂട്ടീവ് ഓഫീസില്‍ സ്മാര്‍ട് കൗണ്‍സിലിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് നിര്‍വഹിച്ചത്.