Connect with us

Gulf

ഷാര്‍ജ പുസ്തക മേള: ഇന്ത്യയില്‍ നിന്ന് പ്രമുഖരെത്തും

Published

|

Last Updated

ദുബൈ: 34-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2015 ല്‍ ഇന്ത്യയില്‍ നിന്ന് പ്രമുഖര്‍ പങ്കെടുക്കുമെന്ന് രവി ഡി സിയും ഷാര്‍ജ ബുക്ക് അതോറിറ്റിയുടെയും ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെയും എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവായ പി വി മോഹന്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നവംബര്‍ നാല് മുതല്‍ 14 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം നാലിന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിക്കും. ഇന്ത്യയില്‍ നിന്നുള്ള കലാ, സാംസ്‌കാരിക, സാഹിത്യരംഗങ്ങളിലെ നിരവധി വ്യക്തിത്വങ്ങള്‍ പുസ്തകമേളയില്‍ പങ്കെടുക്കും.
സുധാ മൂര്‍ത്തി, നിതാ മേത്ത, സുബ്രതോ ബാക്ച്ചി, രുചുത ദിവേകര്‍, സുസ്മിത ബാക്ച്ചി, ഗുര്‍ചരണ്‍ ദാസ്, ടി എന്‍ മോഹന്‍, ദര്‍ജോയ് ദത്ത, വൈരമുത്തു, കെ സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ ആര്‍ ടോണി, ശ്രിജന്‍ പാല്‍ സിങ്, ഷെരിഡോണ്‍ ഹാരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ടി പത്മനാഭന്‍, ബാലചന്ദ്ര മേനോന്‍, മോഹന്‍ലാല്‍, ടി ഡി രാമകൃഷ്ണന്‍, പൃഥ്വിരാജ്, പാര്‍വതി മേനോന്‍, ആര്‍ എസ് വിമല്‍, ഷെമി, എന്‍ എസ് മാധവന്‍, ഷാഹിന ബഷീര്‍, പി പി റഷീദ്, ഡോ. ഡി ബാബു പോള്‍, ഡോ. വി പി ഗംഗാധരന്‍, ചിത്ര ഗംഗാധരന്‍, ഉമ്മി അബ്ദുല്ല, ഫൈസ മൂസ തുടങ്ങിയവരാണ് ഇന്ത്യയില്‍ നിന്നെത്തുക.
നവംബര്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ 11.30 വരെ ബെന്‍ ഒക്രി വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകുന്നേരം എട്ട് മുതല്‍ 9.30 വരെ കോണ്‍ഫറന്‍സ് ഹാളില്‍ സുധാ മൂര്‍ത്തി സദസിനെ അഭിസംബോധന ചെയ്യും. ആറിന് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകിട്ട് അഞ്ച് മുതല്‍ ആറു വരെ നടക്കുന്ന പരിപാടിയില്‍ നോവലിസ്റ്റ് ഷെമി പങ്കെടുക്കും. ആറു മുതല്‍ ഏഴു വരെ മീറ്റ് ദി ഓതര്‍ പരിപാടിയില്‍ എന്‍ എസ് മാധവന്‍ പങ്കെടുക്കും. വൈകിട്ട് ഏഴ് മുതല്‍ എട്ടു വരെ വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന ബഷീറിനെക്കുറിച്ചുള്ള ഒര്‍മകള്‍ പങ്കുവെക്കും. ബോള്‍ റൂമില്‍ വൈകിട്ട് എട്ടു മുതല്‍ ഒമ്പത് വരെ നടക്കുന്ന കാവ്യ സന്ധ്യയില്‍ കെ സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ ആര്‍ ടോണി സന്നിഹിതരായിരിക്കും. ഒമ്പത് മുതല്‍ 10 വരെ പ്രശസ്ത ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി സദസിനെ അഭിസംബോധന ചെയ്യും. നിത മേത്തയുടെ കുക്കറി ഷോയും അന്ന് നടക്കുമെന്നും ഇരുവരും അറിയിച്ചു.
ഏഴിന് വൈകുന്നേരം ആറിന് മുഖാമുഖം പരിപാടിയില്‍ ടി പത്മനാഭന്‍ പങ്കെടുക്കും. തന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവക്കുന്ന അദ്ദേഹം വായനക്കാര്‍ക്കായി പുസ്തകം വായിക്കുകയും പുസ്തകങ്ങളില്‍ കൈയൊപ്പ് പതിച്ച് നല്‍കുകയും ചെയ്യും. 7.30 മുതല്‍ 8.30 വരെ സുബ്രദോ ബാക്ച്ചിയുമായുള്ള ടോക് ഷോ നടക്കും. 8.30 മുതല്‍ 9.30 വരെ രുചുത ദിവേകര്‍ സദസിനെ അഭിസംബോധന ചെയ്യും. വൈകിട്ട് ഒമ്പതിന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കും.
എട്ടിന് ബോള്‍ റൂമില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ സുബ്രതോ ബാക്ച്ചി, സുസ്മിത ബാക്ച്ചി എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. കോണ്‍ഫറന്‍സ് ഹാളില്‍ 8.30 മുതല്‍ 9.30 വരെ ഗുര്‍ചരണ്‍ ദാസ് സദസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ബോള്‍ റൂമില്‍ വൈകിട്ട് 7.30 മുതല്‍ 8.30 വരെ എന്‍ മനോഹരന്‍ പങ്കെടുക്കുന്ന സി എഫ് ഒ മീറ്റ് നടക്കും. ഒമ്പതിന് ബോള്‍ റൂമില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ ഗുര്‍ചരണ്‍ ദാസ് വിദ്യാര്‍ഥികളുമായി സംവദിക്കും. 8.30ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ 35 വര്‍ഷം നീണ്ട സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കും.
എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പുസ്തക പ്രകാശനം പാര്‍വതി മേനോന്‍, ആര്‍ എസ് വിമല്‍, പി പി റഷീദ് എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജ് നിര്‍വഹിക്കും.
10ന് രാവിലെ 9.30 മുതല്‍ 12.30 വരെ വിദ്യാര്‍ഥികളുമായി ദര്‍ജോയ് ദത്ത സംവദിക്കും. വൈകിട്ട് 8.30 മുതല്‍ 9.30 വരെ തന്റെ പുസ്തകത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. 11ന് രാവിലെ 9.30ന് ഡോ. ഡി ബാബുപോള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകിട്ട് എട്ടിന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന് ശ്രദ്ധാഞ്ജലി അര്‍പിച്ച് ശ്രിജന്‍ പാല്‍ സിങ്, ഷെരിഡോണ്‍ ഹാരി എന്നിവര്‍ സംസാരിക്കും. അബ്ദുള്‍ കലാമിന്റെ അവസാനത്തെ പുസ്തകം അഡ്‌വാന്റേജ് ഇന്ത്യ ചടങ്ങില്‍ പ്രകാശിപ്പിക്കും.
12ന് 9.30 മുതല്‍ 11.30 വരെ പ്രശസ്ത അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ. വി പി ഗംഗാധരനും ഭാര്യ ചിത്ര ഗംഗാധരനും കുട്ടികളുമായി സംവദിക്കും. തുടര്‍ന്ന് വൈകിട്ട് എട്ട് മുതല്‍ 9.30 വരെ അര്‍ബുദവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും. 13ന് വൈകുന്നേരം ആറു മുതല്‍ ഏഴു വരെ ഡോ. ഡി ബാബുപോള്‍ സദസുമായി സംവദിക്കും. വൈകിട്ട് ഏഴിന് പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍ തന്റെ നോവലായ ഫ്രാന്‍സിസ് ഇട്ടിക്കോരയെക്കുറിച്ച് സംസാരിക്കും. വൈകിട്ട് ഒമ്പതിന് നടക്കുന്ന പരിപാടിയില്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തു പങ്കെടുക്കുന്ന ആന്‍ ഈവനിങ് വിത്ത് കവിഞ്ജര്‍ വൈരമുത്തു എന്ന പരിപാടി നടക്കും. പ്രശസ്ത പാചക വിദഗ്ദ്ധരായ ഉമ്മി അബ്ദുല്ല, ഫാസിയ മൂസ എന്നിവരുടെ കുക്കറി സെഷനുകളും അരങ്ങേറും.
പുസ്തക മേളയോടനുബന്ധിച്ച് പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി ബി എ റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ മത്സരപരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. താല്പര്യമുള്ളവര്‍ ഷാര്‍ജ ബുക്ക് ഫെയറില്‍ നടക്കുന്ന പരിപാടികളുടെ 600 വാക്കില്‍ കവിയാത്ത റിപ്പോര്‍ട്ട് തയ്യാറാക്കി 24 മണിക്കൂറിനുള്ളില്‍ essay writing. sibf@ dcbooks.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണെന്നും മോഹനും രവിയും അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest