Connect with us

Gulf

35ന്റെ വാര്‍ഷികത്തിന്റെ നിറവില്‍ യു എ ഇ എക്‌സ്‌ചേഞ്ച്

Published

|

Last Updated

അബുദാബി: മൂന്നര ദശകങ്ങളിലൂടെ പ്രശംസനീയ സേവനവും ബഹുജനസ്വീകാരവും നേടി ഗള്‍ഫിലെ പണമിടപാട് സേവനരംഗത്ത് അനിഷേധ്യസ്ഥാനമുറപ്പിച്ച യു എ ഇ എക്‌സ്‌ചേഞ്ചിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് സ്ഥാപകദിനമായ ഒക്‌ടോബര്‍ 23ന് തുടക്കമായി. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക ഗതിവിഗതികള്‍ക്കൊപ്പം സഞ്ചരിച്ച യു എ ഇ എക്‌സ്‌ചേഞ്ച്, 35 വര്‍ഷങ്ങള്‍ കൊണ്ട് ആഗോള തലത്തിലേക്കു വളരുകയും ഇപ്പോള്‍ റെമിറ്റന്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് സൊല്യൂഷന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുകയും പ്രതിവര്‍ഷം 26,000 കോടി ഡോളറിന്റെ വിനിമയത്തിലൂടെ ഈ രംഗത്തെ ഒന്നാം നിരയിലാണിപ്പോള്‍.
1980ല്‍ അബുദാബിയില്‍ യു എ ഇ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനമാരംഭിച്ച കാലത്ത് പ്രതിവര്‍ഷം 150 കോടി യു എസ് ഡോളറാണ് കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ഗള്‍ഫിലെ സാമ്പത്തിക വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ലക്ഷോപലക്ഷം വരുന്ന കുടിയേറ്റതൊഴിലാളികളുടെ സഹായശക്തിയായി യു എ ഇ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുകയാണ്. ദിവസേന ശരാശരി നാലുലക്ഷം പേരാണ് യു എ ഇ എക്‌സ്‌ചേഞ്ച് ശാഖകളെ ഇന്ന് ആശ്രയിക്കുന്നത്.
ഇപ്പോള്‍ ഓരോ വര്‍ഷവും ഏകദേശം 2.54 കോടി ഇടപാടുകളാണ് യു എ ഇ എക്‌സ്‌ചേഞ്ച് കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ മൊത്തം എക്‌സ്‌ചേഞ്ച് ബിസിനസിന്റെ ആറ് ശതമാനം ഈ സ്ഥാപനം വഴിയാണ് നടക്കുന്നത്. ഇതില്‍ സിംഹഭാഗവും ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പെടെ വികസ്വര രാജ്യങ്ങളിലാണ് ചെന്നെത്തുന്നത്. ലോക ബേങ്ക് 2014ല്‍ പുറത്തുവിട്ട കണക്കു പ്രകാരം ആഗോള തലത്തില്‍ നടക്കുന്ന 58,300 കോടി ഡോളര്‍ റെമിറ്റന്‍സ് ഇടപാടുകളില്‍ 43,500 കോടി ഡോളറും വികസ്വര രാജ്യങ്ങളിലേക്കാണ് അയക്കപ്പെടുന്നത്.
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കുടിയേറ്റ സമൂഹത്തെ ഉള്‍കൊള്ളുന്ന ഗള്‍ഫ് മേഖലക്ക് ലോക പണമിടപാട് രംഗത്ത് നിര്‍ണായക സ്വാധീനമുണ്ടെന്നും ഈ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് യു എ ഇ എക്‌സ്‌ചേഞ്ച് നിരന്തരം ആധുനികവത്കരണം നടത്തുക വഴി ഇന്നിപ്പോള്‍ നിമിഷ മാത്രയില്‍ പണമയക്കാനും സ്വീകരിക്കാനും പറ്റും വിധം സേവനങ്ങള്‍ ക്രമീകരിച്ചുവെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാട് പറഞ്ഞു. അഞ്ച് വന്‍കരകളിലായി 800 ശാഖകളിലെത്തിനില്‍ക്കുന്ന തങ്ങളുടെ വളര്‍ച്ചക്ക് സാങ്കേതികവത്കരണം പോലെ കുറ്റമറ്റ ഉപഭോക്തൃ സേവനവും നിദാനമാണ്. പതിവു രീതികള്‍ കൂടാതെ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍, ഫഌഷ് റെമിറ്റ് പോലുള്ള തത്സമയ വിനിമയം മാത്രമല്ല ഓണ്‍ ലൈന്‍ മണി ട്രാന്‍സ്ഫര്‍ വരെയെത്തി നില്‍ക്കുന്ന യു എ ഇ എക്‌സ്‌ചേഞ്ചിന്റെ സേവന ശൃംഖല ഒട്ടേറെ പുതിയ സരണികളിലേക്ക് കുതിക്കുകയാണെന്നും പ്രമോദ് മങ്ങാട് കൂട്ടിച്ചേര്‍ത്തു.

Latest