രാജ്യത്ത് ഐക്യം വേണം: പ്രധാനമന്ത്രി

Posted on: October 25, 2015 12:33 pm | Last updated: October 26, 2015 at 10:00 am

pm-modi-mann-ki-baat

ന്യൂഡല്‍ഹി: ബീഫ് വിരോധം മുതല്‍ ദളിത് വേട്ട വരെയുള്ള സംഘ്പരിവാര്‍ സംഘടനകളുടെ അക്രമങ്ങള്‍ തുടരുന്നതിനിടെ അസഹിഷ്ണുതാപരമായ അക്രമങ്ങളെ പരാമര്‍ശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത് പ്രസംഗം. ബീഫ് വിരോധത്തിന്റെ പേരില്‍ നടന്ന കൊലപാതകം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍, ഫാസിസത്തിനെതിരെ പ്രതികരിച്ച എഴുത്തുകാരുടെ കൊലപാതകം തുടങ്ങി നിരവധി സംഭവങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ ഇതേകുറിച്ച് പരാമര്‍ശങ്ങളൊന്നുമുണ്ടായില്ല.
മനഃസാക്ഷിയെ നടുക്കിയ ഹരിയാനയിലെ ദളിത് വേട്ടയെ കുറിച്ചും മാട്ടിറച്ചിയുടെ പേരില്‍ ആര്‍ എസ് എസും വര്‍ഗീയ ശക്തികളും നടത്തുന്ന അതിക്രമങ്ങള്‍, രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ എന്‍ ഡി എ ഘടകകക്ഷിയായ ശിവസേന നടത്തുന്ന കരിഓയില്‍ പ്രയോഗം തുടങ്ങിയ രാജ്യം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ ഒഴിവാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം. ബ്രിട്ടനിലെ അംബേദ്കര്‍ ഭവന്‍ ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും അംബേദ്കര്‍ ഏവര്‍ക്കും ഊര്‍ജം പകരുന്ന മഹനീയ മാതൃകയാണെന്നും അഭിപ്രായപ്പെട്ട നരേന്ദ്ര മോദി ഹരിയാന ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തികഞ്ഞ മൗനം പാലിക്കുകയായിരുന്നു.
ഇതിനിടെ, രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് ഐക്യത്തിലൂടെ മാത്രമേ പുരോഗതി കൈവരിക്കാനാകുകയുള്ളൂവെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഭൂമിശാസ്ത്രപരമായി മാത്രം ഒറ്റ രാജ്യമായാല്‍ പോര. ചിന്തയിലും പ്രവൃത്തിയിലും ഐക്യമുണ്ടാകണം. വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. ശാന്തിയും സൗമനസ്യവും ഐക്യവുമാണ് വികസനത്തിന്റെ താക്കോലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശ പഠനമാഗ്രഹിക്കുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും ഭാവി വാഗ്ദാനങ്ങളായ ദളിത് ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മന്‍ കി ബാത് പരിപാടിയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയ ശ്രദ്ധ തമ്പാന്‍ എന്ന പന്ത്രണ്ടാം ക്ലാസുകാരിയെ വിളിച്ചുവരുത്തി ആദരിച്ച കണ്ണൂര്‍ ആകാശവാണി കേന്ദ്രത്തിന്റെ നടപടി മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അവയവദാന സന്ദേശവുമായി ഭാരത മാതാവിന്റെ ചിത്രവും രാജ്യത്തിന്റെ ഭൂപടവും വിരലടയാളം കൊണ്ട് വരച്ചയച്ച എറണാകുളത്തെ ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ താഴേതട്ടിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്ക് അഭിമുഖം പൂര്‍ണമായും ഒഴിവാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.