ബിജെപിയും കോണ്‍ഗ്രസും പരസ്പരസഹായ സഹകരണസംഘമായി: പി കെ ശ്രീമതി

Posted on: October 25, 2015 11:08 am | Last updated: October 25, 2015 at 11:08 am

കല്‍പ്പറ്റ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരസഹായ സഹകരണസംഘമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു.
ആര്‍എസ്എസിന്റെയും സംഘപരിവാര്‍ ശക്തികളുടെയും ദളിതര്‍ക്കും മത ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുമെതിരെയുമുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ഇടതുപക്ഷം ധീരമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഇടതിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ബിജെപി ബാന്ധവത്തിന് ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ കെപിസിസി പ്രസിഡന്റ് വി എം സുധീരനോ ആര്‍എസ്എസിനെതിരെ ശക്തമായി പ്രതികരിക്കുന്നില്ല. കൂടാതെ രഹസ്യ അജണ്ടയിലൂടെ ആര്‍എസ്എസുകാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുകയും ചെയ്യുന്നു. വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി.
കോണ്‍ഗ്രസിന്റെ നെറികേടും അവസരവാദവും ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് അനുകൂല സമീപനത്തിനെതിരെ മുസ്‌ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ട.് ഇതിന്റെ തുടര്‍ച്ചയായാണ് മലപ്പുറത്ത് 25 ലേറെ പഞ്ചായത്തുകളില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും പരസ്പരം ഏറ്റുമുട്ടുന്നത്. എന്നാല്‍ എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള ജാതിസംഘടനകള്‍ പലതും ഹിന്ദുവര്‍ഗീയതയുടെ അപകടം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇത് ആപല്‍ക്കരമായ നീക്കമാണെന്ന് ഇവര്‍ മനസ്സിലാക്കണം.
എല്‍ഡിഎഫ് ഭരണകാലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ പകരുമ്പോള്‍ യുഡിഎഫ് ഇത്തരം സ്ഥാപനങ്ങളെ ഉറക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളെ ഒരു വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് വിവിധപദ്ധതികള്‍ വിജയകരമായി എല്‍ഡിഎഫ് നടപ്പാക്കിയപ്പോള്‍ യുഡിഎഫ് പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് എന്നിങ്ങനെ ഈ വകുപ്പകളെ വിഭജിക്കുകയായിരുന്നു. ഇതോടെ യാതൊരു ഏകോപനവുമില്ലാതെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം~നിര്‍ജീവമാവുകയാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് ഫണ്ടുകളെല്ലാം വെട്ടികുറക്കുകയാണ്. ഇതിനെല്ലാമെതിരെയുള്ള പ്രതികരണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാവണമെന്നും ശ്രീമതി പറഞ്ഞു.