Connect with us

Wayanad

അഞ്ചുകുന്ന് പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റലിലെ അന്തേവാസികള്‍ ദുരിതത്തില്‍

Published

|

Last Updated

മാനന്തവാടി: പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും വെള്ളമില്ലാതെ അഞ്ചുകുന്ന് പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റലിലെ അന്തേവാസികളായ 78 ആണ്‍കുട്ടികള്‍ ദുരിതത്തില്‍.
ആഴ്ച്ചയിലൊരിക്കല്‍പോലും കുളിക്കാന്‍ വെള്ളം ലഭിക്കാതെ വന്നതോടെ കുട്ടികള്‍ക്ക് ചൊറിയും മറ്റ് സാംക്രമിക രോഗങ്ങളും പടരുകയാണ്. കഴിഞ്ഞ ദിവസം കാലില്‍ വ്രണങ്ങളുമായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാവലി ചണമംഗലം കോളനിയിലെ കമല്‍ എന്ന കുട്ടിക്കും മറ്റുള്ള കുട്ടികള്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.
ഹോസ്റ്റലിലേക്കാവശ്യമായ വെള്ളം ലഭിക്കാന്‍ 15 വര്‍ഷം മുമ്പ് നിര്‍മിച്ച കിണറില്‍ നിറയെ വെള്ളമുണ്ടെങ്കിലും വെള്ളം പമ്പുചെയ്യുന്നതിനാവശ്യമായ ഡീസല്‍ മോട്ടോര്‍ തകരാറിലായതാണ് ഹോസറ്റല്‍ വിദ്യാര്‍ഥികള്‍ വെള്ളമില്ലാതെ ദുരിതത്തിലാവാന്‍ കാരണം. മോട്ടോര്‍ തകരറിലായിട്ട് ആറുമാസത്തിലധികമായിട്ടും ഇതു നന്നാക്കുന്നതിനോ പുതിയ ഇലക്ട്രിക്ക് മോട്ടോര്‍ സ്ഥാപിക്കുന്നതിനോ ട്രൈബല്‍ വകുപ്പ് തയ്യാറാവാത്തതാണ് കുട്ടികളില്‍ രോഗം പടരുന്നിടം വരെ കാര്യങ്ങളെത്തിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 78 കുട്ടികളാണ് ഈ ഹോസ്റ്റലിലുള്ളത്. 60 കുട്ടികള്‍ വരെയാണ് ഹോസ്റ്റലിന്റെ പരിധിയെങ്കിലും കെട്ടിട സൗകര്യങ്ങളുള്‍പ്പടെ എല്ലാ സൗകര്യങ്ങളും അഞ്ചുകുന്ന് ഗാന്ധിമെമ്മോറിയല്‍ യു.പി സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ ഹോസ്റ്റലിലുണ്ട്. 1991ലാണ് ഇവിടെ ഹോസ്റ്റല്‍ സ്ഥാപിച്ചത്. ഹോസ്റ്റലിനോട് ചേര്‍ന്ന് കുഴിച്ച കിണറില്‍ നിന്നും തൊട്ടടുത്ത ഗവ. ആയുര്‍വേദിക് ജില്ലാ ആശുപത്രിയിലേക്കും വെള്ളമെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹോസ്റ്റലിലേക്ക് വെള്ളം ലഭിക്കാറില്ല. തൊട്ടടുത്തുതന്നെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴല്‍ കിണര്‍ സ്ഥാപിച്ച് മോട്ടോര്‍ വെച്ചെങ്കിലും ഇതില്‍ നിന്നും ദിവസത്തില്‍ ഏതാനും മിനുട്ടുകള്‍ മാത്രമെ ഇപ്പോള്‍ വെള്ളം ലഭിക്കുന്നുള്ളു. ഈ വെള്ളമാണ് അന്തേവാസികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. 15 വര്‍ഷം മുമ്പ് കുഴിച്ച കിണര്‍ ഹോസ്റ്റലില്‍ നിന്നും 150 മീറ്റര്‍ അകലെയാണ്. ഇവിടേക്ക് ഇലക്ട്രിക്ക് മോട്ടോര്‍ സ്ഥാപിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാാണ് ട്രൈബല്‍ വകുപ്പിന്റെ അനാസ്ഥകാരണം അനന്തമായി നീളുന്നത്.