Connect with us

Malappuram

മഞ്ചേരിയില്‍ മഹിളകള്‍ വാഴും

Published

|

Last Updated

മഞ്ചേരി: നഗരസഭാ അധ്യക്ഷ പദവി വനിതക്ക് സംവരണം ചെയ്തിട്ടുള്ള മഞ്ചേരിയില്‍ ഇത്തവണ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണത്തിലും വനിതകള്‍ ആധിപത്യം ഉറപ്പിക്കും. 71 വനിതാ സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. 50 വാര്‍ഡുകളില്‍ സംവരണം ചെയ്ത 25 വാര്‍ഡുകള്‍ക്കു പുറമെ നാല് ജനറല്‍ സീറ്റുകളിലും വനിതകള്‍ മത്സര രംഗത്തുണ്ട്. ഇവര്‍ നാലു പേരും സിറ്റിംഗ് കൗണ്‍സിലര്‍മാരുമാണ്.
കോഴിക്കാട്ട്കുന്ന് വാര്‍ഡില്‍ മത്സരിക്കുന്ന സി പി എം സ്ഥാനാര്‍ഥി വടക്കേപ്പാട്ട് സുധാദേവി കഴിഞ്ഞ തവണ 403 വോട്ടുകള്‍ നേടി ഇതേ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ വെള്ളാരങ്ങല്‍ വാര്‍ഡിലെ സി സക്കീന കഴിഞ്ഞ തവണ 385 വോട്ടുകളും വായ്പ്പാറപ്പടി വാര്‍ഡിലെ ടി ശോഭന 403 വോട്ടുകളും നേടി ഇതേ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്.
നഗരസഭാ ഉപാധ്യക്ഷയായ ഇ കെ വിശാലാക്ഷി ഇത്തവണ കോണ്‍ഗ്രസ് റിബലായി സ്വന്തം തട്ടകമായ അരുകിഴായ വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ സി പി എമ്മിലെ ഉഷ ശിവകുമാറിനെ 394നെതിരെ 458 വോട്ടുകള്‍ നേടി തോല്‍പിച്ചായിരുന്നു വിശാലാക്ഷിയുടെ വിജയം. കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയായ പി ശംസുദ്ദീനെതിരെ വിമതയായി പത്രിക നല്‍കിയ വിശാലാക്ഷിക്കെതിരെ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പാണ്.
ചെരണി വാര്‍ഡില്‍ നിന്ന് ലീഗ് വിമതയായി മത്സരിക്കുന്ന സി ടി നൂര്‍ജഹാന്‍ വനിതാ ലീഗ് ജില്ലാ നേതാവാണ്. നൂര്‍ജഹാന്‍ ഒരു തവണ ലീഗ് ടിക്കറ്റില്‍ കിടങ്ങഴിയില്‍ നിന്ന് മത്സരിച്ചു വിജയിച്ചിരുന്നു.
എന്നാല്‍ 2005ലെ തിരഞ്ഞെടുപ്പില്‍ പുന്നക്കുഴി വാര്‍ഡില്‍ നിന്ന് മത്സരിച്ചു പരാജയപ്പെടുകയായിരുന്നു. 2010ല്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചു. ഇത്തവണ നഗരസഭാ സാരഥ്യം വനിതക്കെന്ന് കണ്ട് നൂര്‍ജഹാന്‍ നേരത്തെ സ്ഥാനാര്‍ഥി കുപ്പായമിട്ടെങ്കിലും ലീഗ് നേതൃത്വം ടിക്കറ്റ് നല്‍കിയില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ വിമതയായി പത്രിക നല്‍കിയത്. ചെരണി വാര്‍ഡില്‍ നൂര്‍ജഹാന്‍ പത്രിക നല്‍കിയതോടെ ഇടത് സ്ഥാനാര്‍ഥിയടക്കം രണ്ടു പേര്‍ പത്രിക പിന്‍വലിച്ച് ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.