ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഉദ്ഘാടനം നാളെ

Posted on: October 25, 2015 10:59 am | Last updated: October 25, 2015 at 10:59 am
SHARE

തിരൂര്‍: മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 26, നവംബര്‍ 11, 12 തീയതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26ന് രാവിലെ 10 മണിക്ക് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരിക്കും ഉദ്ഘാടന ചടങ്ങ്. 17 സബ് ജില്ലകളില്‍ നിന്നായുള്ള എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ്.എസ്, വി എച്ച് എസ് എസ് വിഭാഗങ്ങളിലായി 9000ത്തിലധികം പ്രതിഭകള്‍ ശാസ്‌ത്രോത്സവത്തില്‍ മാറ്റുരക്കും. സംസ്ഥാന തല വായനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെട്ടത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി കെ സായന്തന ഉദ്ഘാടനം ചെയ്യും. മലപ്പുറം ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ ശിവന്‍ അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കോട്ടക്കല്‍ മനോജ് മുഖ്യാതിഥിയായിരിക്കും. ലോഗോ രൂപകല്‍പന ചെയ്ത പുറത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ പി സുരേഷിനെ ചടങ്ങില്‍ ആദരിക്കും.
ശാസ്ത്ര നാടക മത്സരം, സയന്‍സ് – സോഷ്യല്‍ ക്വിസ് മത്സരങ്ങളും ടാലന്റ് സേര്‍ച്ച് മത്സരവും ഉദ്ഘാടന ദിവസം നടക്കും. പ്രവൃത്തി പരിചയമേള നിറമരുതൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഗണിത ശാസ്ത്രമേള കാട്ടിലങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര – ഐ ടി മേളകള്‍ താനൂര്‍ ഗവ. ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 11, 12 തീയതികളില്‍ നടക്കും. രജിസ്‌ട്രേഷന്‍ നവംബര്‍ ഒമ്പതിന് രാവിലെ 10 മുതല്‍ 12 വരെ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പി പരമേശ്വരന്‍, കെ എസ് രാജേന്ദ്രന്‍ നായര്‍, എം ഗോപിനാഥന്‍, കെ സതീഷ് കുമാര്‍, മനാജ് ജോസ് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here