താനൂരില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

Posted on: October 25, 2015 10:58 am | Last updated: October 25, 2015 at 10:58 am
SHARE

താനൂര്‍: താനൂര്‍ നഗരസഭയിലേക്ക് മൂന്ന് ഡിവിഷനുകളില്‍ ലീഗ് കോണ്‍ഗ്രസ് പോരാട്ടം. അഞ്ച്. പതിനാറ്, 30 ഡിവിഷനുകളിലാണ് യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതര്‍ മത്സരിക്കുന്നത്. 16-ാം ഡിവിഷനിലെ ഔദ്യോഗിക സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ എന്‍ മുസ്തഫക്ക് വിമതനായി കോണ്‍ഗ്രസില്‍ നിന്നുള്ള ലാമിഹ് റഹ്മാനാണ് രംഗത്തുള്ളത്.
അഞ്ചാം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തസ്‌ലീനക്കെതിരെ മുസ്‌ലിം ലീഗ് ഫാത്വിമ എന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ 30-ാം ഡിവിഷനില്‍ സ്ഥിതി സങ്കീര്‍ണമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ജസീല മത്സര രംഗത്ത് വന്നപ്പോള്‍ രാഷ്ട്രീയമായി ഒരുബന്ധവുമില്ലാത്ത സ്വതന്ത്രനെയാണ് മണ്ഡലം കമ്മിറ്റി സ്ഥാനാര്‍ഥിയാക്കിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ തന്നെ മറ്റൊരു വിഭാഗം ടി ടി നസീമയെ രംഗത്ത് കൊണ്ടു വന്നു.
ഇതേ തുടര്‍ന്ന് ടി ടി നസീമയെ ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം അയോഗ്യയാക്കി. ഇതേ ഡിവിഷനില്‍ മുസ്‌ലിം ലീഗ് വിമതനായി റംസീന ബശീര്‍ മത്സര രംഗത്തുണ്ട്.
മൂന്ന് പേരും പാണക്കാട്ട് തങ്ങളുടെ ഫോട്ടോ വെച്ച ഫഌക്‌സുകളാണ് പ്രചരണ രംഗത്ത് കൊണ്ടു വന്നിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന് യു ഡി എഫ് നല്‍കിയ 30-ാം ഡിവിഷനിലെ സീറ്റില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ വിമതനാക്കി നിയമിച്ചതില്‍ യു ഡി എഫില്‍ ആഭ്യന്തര കലഹത്തിന് വഴിയൊരിക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here