”അഞ്ച് വര്‍ഷം മുമ്പ് കാണാതായ വാര്‍ഡ് മെമ്പറെ കണ്ടെത്തിയിട്ടുണ്ട്’

Posted on: October 25, 2015 10:57 am | Last updated: October 25, 2015 at 10:57 am

പുളിക്കല്‍: ‘അഞ്ചുവര്‍ഷം മുമ്പ് കാണാതായ വാര്‍ഡ് മെമ്പറെ വീടിനടുത്ത് നിന്ന് കെത്തിയിട്ടുണ്ട്, ഈ റോഡിലൂടെ സ്ഥാനാര്‍ഥികള്‍ വോട്ടുചോദിക്കാന്‍ വരുമ്പോള്‍ കുഴിയിലും ചെളിയിലും വീഴാതെ സൂക്ഷിക്കണം…’ പേടിക്കേണ്ട, ഇത് തിര ഞ്ഞെടുപ്പ് കാലത്ത് സാമൂ ഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് ഫലി തങ്ങളാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് നാടിനേയും നാട്ടുകാരേയും തിരിഞ്ഞുനോക്കാത്തവരെ രൂക്ഷമായ പരിഹാസത്തോടെയാണ് സോഷ്യല്‍മീഡിയ നേരിടുന്നത്.
തെരുവുകളില്‍ സ്ഥാനാര്‍ഥികള്‍ പൊരിവെയിലത്തു പോലും തിരഞ്ഞടുപ്പ് പ്രചാരണം ഊര്‍ജിതമാക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഇലക്‌ട്രോണിക് ചുമരുകളില്‍ വെയിലേല്‍ക്കാത്ത പ്രചാരണം ശക്തമാണ്. പാര്‍ട്ടി പേജുകളിലും സ്ഥാനാര്‍ഥികളുടെ സ്വന്തം അക്കൗണ്ടുകളിലും എതിരാളികളുടെ പോരായ്മകളും വീഴ്ച്ചകളും ചൂണ്ടിക്കാണിച്ചും തെരുവുപ്രചാരണങ്ങളുടെ ചിത്രങ്ങള്‍ ഒട്ടിച്ചും തിരഞ്ഞടുപ്പ്കാലം സജീവമാവുകയാണ്.
വോട്ടഭ്യാര്‍ഥിക്കാനുള്ള പ്രധാനവേദിയായി പലരും ഉപയോഗപ്പെടുത്തുന്നത് ഇത്തരം സാമൂഹ്യമാധ്യമങ്ങളെയാണ്. കവലകളിലെ അങ്ങാടി ചര്‍ച്ചകളെ പോലെ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും നയങ്ങളും നിലപാടുകളും കീറിമുറിച്ച ചര്‍ച്ചക്ക് വിധേയമാക്കുകയാണ് പല ഗ്രൂപ്പുകളും. തിരഞ്ഞടുപ്പ് പ്രചാരണത്തിനു മാത്രമായി വാട്‌സ് ആപ്പുകളില്‍ നിരവധി ഗ്രൂപ്പുകളാണ് ദിവസവും ഉണ്ടായികൊണ്ടിരിക്കുന്നത്. ഗ്രൂപ്പുകളിലെ തിരഞ്ഞടുപ്പ് പോസ്റ്റുകള്‍ക്കടിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിശകലനങ്ങള്‍ തെരുവുകളില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടികളെ പോലും വെല്ലുന്നതാണ്. വീറും വാശിയോടെയുള്ള ഇത്തരം ചര്‍ച്ചകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ സജീവമായി രംഗത്തുണ്ട്.
തിരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍ നേരിട്ട് ചേരാന്‍ കഴിയാത്ത പ്രവാസികള്‍ തന്നെയാണ് മുഴു സമയവും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനു നേതൃത്വം നല്‍കുന്നത്. നാടുകളിലെ പ്രചാരണ കോലാഹലങ്ങള്‍ കൃത്യമായി പ്രവാസികള്‍ക്ക് മനസ്സിലാകാന്‍ കഴിയുന്നത് സോഷ്യല്‍മീഡിയകളില്‍നിന്നും മാത്രമാണ്. സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങളാക്കാനും ഗ്രൂപ്പുകളുടെ ഐക്കണാക്കാനും പലരും മറന്നിട്ടില്ല.