ബീഫ് ഫെസ്റ്റിനെതിരെ ഹനുമാന്‍സേനയുടെ പോര്‍ക്ക് ഫെസ്റ്റ്

Posted on: October 25, 2015 10:51 am | Last updated: October 25, 2015 at 10:51 am

കോഴിക്കോട്: കേരളത്തിലും വര്‍ഗിയ ചേരിതിരിവുണ്ടാക്കി മുതലെടുക്കാന്‍ പോര്‍ക്ക് ഫെസ്റ്റുമായി ഹനുമാന്‍സേന. ഇന്ന് വെകുന്നേരം കോഴിക്കോട് കിഡ്‌സന്‍ കോര്‍ണ്ണറില്‍ വെച്ചാണ് ബീഫ് ഫെസ്റ്റിനെതിരെ പോര്‍ക്ക് ഫെസ്റ്റെന്ന പരിപാടി ഹനുമാന്‍സേന നടത്തുന്നത്. രാജ്യത്താകെ സമീപകാലത്തുണ്ടായിട്ടുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് കേരളത്തിലും ഹൈന്ദവ സംഘടനകള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം സംഘടനകള്‍ക്ക് ബി ജെ പിയുമായോ സംഘപരിവാറുമായോ ബന്ധമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും വിവിധ പേരിലുള്ള സംഘടനകള്‍ സംസ്ഥാനത്ത് ആസൂത്രിതമായി പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പല ജില്ലകളില്‍ പല പേരുകളിലറിയപ്പെടുന്ന സംഘടനകളുടെ കോഴിക്കോടെ രൂപമാണ് ഹനുമാന്‍ സേന. ബീഫ് നിരോധനത്തിനെതിരെ ദേശ വ്യാപകമായി നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മറപറ്റിയാണ് സ്വാധിനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോര്‍ക്ക് ഫെസ്റ്റൊരുക്കി ഹനുമാന്‍ സേന രംഗത്തു വരുന്നത്. ഈ സംഘടനയുടെ പേരില്‍ നേരത്തെയും നഗരത്തിലും ജില്ലയുടെ ഭാഗങ്ങളിലും പോസ്റ്ററുകളുയര്‍ന്നിരുന്നു. നേരത്തെ ചുംബന സമരവുമായി ബന്ധപ്പെട്ടും ഹനുമാന്‍സേന രംഗത്തു വന്നിരുന്നു.