Connect with us

Kozhikode

'തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് തമ്മില്‍ തല്ലിത്തകരും'

Published

|

Last Updated

കോഴിക്കോട്: തദ്ദേശ”തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് തമ്മില്‍ തല്ലി തകരുമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും യു ഡി എഫില്‍ തമ്മിലടി നടക്കുകയാണ്. കോണ്‍ഗ്രസുകാര്‍ പരസ്പരവും ഘടക കക്ഷികള്‍ തമ്മിലും മത്സരിക്കുന്നു. തിരഞ്ഞെടുപ്പില്‍ തമ്മില്‍ തല്ല് പൂര്‍ത്തിയായി യു ഡി എഫ് സര്‍ക്കാര്‍ തന്നെ തകരുമെന്നും ഉഴവൂര്‍ വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കെ പി സി സി പ്രസിഡന്റ് ദിവസവും പാര്‍ട്ടിക്കാരെ പുറത്താക്കി കൊണ്ടിരി്ക്കുകയാണ്. പരസ്പരം മത്സരിക്കുന്നതിനെ സൗഹൃദ മത്സരമായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസുകാര്‍.ചാവക്കാട് നടന്ന കൊലപാതകവും സൗഹൃദ കൊലയായി ചിത്രീകരിക്കാന്‍ നേതാക്കള്‍ക്ക് മടിയില്ല.
51 വെട്ട് എന്ന സിനിമയെടുത്ത സംവിധായകന്‍ ചാവക്കാട് ഹനീഫ ഒറ്റവെട്ട് എന്ന പേരില്‍ ഒരു സിനിമ കൂടിയെടുക്കണമെന്ന് ഉഴവൂര്‍വിജയന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വന്‍ വിജയം നേടും. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയാണ്. വര്‍ഗീയതയെ കുറിച്ച് യാതൊരു പ്രതികരണവും നടത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഉമ്മന്‍ചാണ്ടിയും അമിത്ഷായും അനിയന്‍ബാവയും ചേട്ടന്‍ബാവയുമാണ്.
അമിത് ഷായുടെ കേരളത്തിലെ ഏജന്റായാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ യു ഡി എഫിന്റെ തിരഞ്ഞടുപ്പിന് പണം ചെലവഴിക്കുന്നത് അദാനിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ആരു നയിക്കുമെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ അടി തുടങ്ങി കഴിഞ്ഞു. വോട്ടിന് വേണ്ടി വര്‍ഗീയതയോട് മുട്ടുമടക്കാന്‍ ഇടത് മുന്നണി തയ്യാറാകില്ലന്ന് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ എം ആലിക്കോയ,അഡ്വ മുജീബ്‌റഹ്മാന്‍, അഡ്വ സൂര്യനാരായണന്‍ എന്നിവരും പങ്കെടുത്തു.

Latest