Connect with us

Kozhikode

കേരളത്തില്‍ സ്തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു: ഡോ. വി ഗംഗാധരന്‍

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ യൗവനാരംഭത്തിലുള്ള സ്തനാര്‍ബുദ രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ദ്ധിച്ചു വരുന്നതായി കാന്‍സര്‍ രോഗവിദഗ്ദന്‍ ഡോ. വി ഗംഗാധരന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കണ്ടുവരുന്ന അര്‍ബുദ രോഗങ്ങളില്‍ 30 ശതമാനത്തോളമാണ് 35 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ കാണുന്ന സ്തനാര്‍ബുദങ്ങളെന്നും കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലാണ് സ്തനാര്‍ബുദ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു കുടുംബത്തില്‍ ഒരു സ്തനാര്‍ബുദ രോഗികളെങ്കിലും ഉണ്ടാകുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറിയ ജീവിത രീതികളും ഭക്ഷണശീലങ്ങളുമാണ് ഇതിന് കാരണങ്ങളില്‍ ചിലത്. പരിശോധനകള്‍ വഴി സ്തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമാണെന്നിരിക്കെ പലരും പരിശോധനക്ക് തയ്യാറാകുന്നില്ല. പരിശോധനകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ കേരളത്തിലും ഇന്ന് ലഭ്യമാണ്.
ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്ന് മനസിലാക്കി ഐ എം എ, ഓങ്കോ കെയര്‍ അര്‍ബുദ ചികിത്സാ കേന്ദ്രം, നദീറാ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്തനാര്‍ബുദ മാസമായ ഒക്‌ടോബറില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് ഐ എം എ ഹാളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഐ എം എ മുന്‍ സെക്രട്ടറി ഡോ. വിജയറാം രാജേന്ദ്രന്‍, ഓങ്കോ കെയര്‍ സി ഇ ഒ ഡോ. രജിത് പ്രകാശ്, നദീറാ ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഡോ. റോഷന്‍ ബിജിലി എന്നിവര്‍ പങ്കെടുത്തു.

Latest