ഈ നുണബോംബ് എത്ര കുട്ടികളെ കൊല്ലും?

Posted on: October 25, 2015 5:42 am | Last updated: October 31, 2015 at 10:17 am
SHARE

hitlerപച്ചനുണകള്‍ മുകളില്‍ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്‌റാഈല്‍. സയണിസത്തിന്റെ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്ത് കൊണ്ട് റാല്‍ഫ് ഷൂമാന്‍ പറയുന്നുണ്ട്: നാല് കെട്ടുകഥകളാണ് ആധുനിക സമൂഹത്തില്‍ സയണിസത്തിന്റെ അവബോധം സൃഷ്ടിച്ചത്. അവയില്‍ ആദ്യത്തേത്, ‘സ്വന്തമായി നാടില്ലാത്ത ജനങ്ങള്‍ക്ക് ജനങ്ങളില്ലാത്ത നാട് എന്നതാണ്’. മധ്യ പൗരസ്ത്യ ദേശത്തെ ഒരേയൊരു യഥാര്‍ഥ ജനാധിപത്യ രാഷ്ട്രം ഇസ്‌റാഈല്‍ ആണെന്നതാണ് രണ്ടാമത്തെ നുണ. പ്രാകൃതരും തങ്ങളോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്നവരുമായ അറബികളില്‍ നിന്ന് വലിയ ഭീഷണി നേരിടുന്നുണ്ടെന്നും അതിനെ സദാ പ്രതിരോധിക്കുകയാണ് തങ്ങളെന്നുമാണ് മൂന്നാം നുണ. ഹോളോകോസ്റ്റിന്റെ ആനുകൂല്യം എക്കാലവും ലോകം ഇസ്‌റാഈലിന് നല്‍കിക്കൊണ്ടിരിക്കണം എന്ന പരികല്‍പ്പനയാണ് നാലാമത്തേത്.
ഈ നുണകള്‍ ഇസ്‌റാഈല്‍ ഭരണാധികാരികള്‍ പുതിയ രൂപത്തില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം ചരിത്രവിരുദ്ധവും നിരവധി കുതന്ത്രങ്ങള്‍ ഒളിപ്പിച്ചു വെച്ചതുമായ പ്രസ്താവന. 1921 മുതല്‍ 1937വരെ ജറൂസലം ഗ്രാന്‍ഡ് മുഫ്തിയായിരുന്നയാളും തീവ്ര ഫലസ്തീന്‍ ദേശീയവാദിയുമായിരുന്ന ഹാജ് അമീന്‍ അല്‍ ഹുസൈനിയുടെ നിര്‍ബന്ധ പ്രകാരമാണ് ഹിറ്റ്‌ലര്‍ ജൂത കൂട്ടക്കൊല (ഹോളോകോസ്റ്റ്) നടത്തിയതെന്നാണ് നെതന്യാഹു ബര്‍ലിനില്‍ ലോക ജൂത സംഗമത്തില്‍ പറഞ്ഞത്. 1941 നവംബര്‍ 28ന് ഹുസൈനി ഹിറ്റ്‌ലറെ സന്ദര്‍ശിച്ചുവെന്ന വസ്തുതയിലേക്കാണ് നെതന്യാഹു തന്റെ വാദം കയറ്റി നിര്‍ത്തുന്നത്. നെതന്യാഹു പറയുന്നു: ‘ഹിറ്റലറെ കണ്ട മുഫ്തി ജൂതരുമായി അറബികള്‍ക്ക് സഹവാസം സാധ്യമല്ലെന്ന് വ്യക്തമാക്കി. അവരെ താങ്കള്‍ പുറത്താക്കിയാല്‍ അവര്‍ ജറൂസലമില്‍ വരും. അപ്പോള്‍ ഹിറ്റ്‌ലര്‍ ചോദിച്ചു: ജൂതരെ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ‘കത്തിച്ചു കളയുക’ എന്നായിരുന്നു മുഫ്തിയുടെ മറുപടി. ജൂതന്‍മാരെ ജര്‍മനിയില്‍ നിന്ന് ആട്ടിയോടിക്കണമെന്ന ലക്ഷ്യമേ ഹിറ്റ്‌ലര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഹോളോകോസ്റ്റിലേക്ക് ഹിറ്റ്‌ലറെ നയിച്ചത് മുഫ്തിയായിരുന്നു. അത്‌കൊണ്ട് ജൂതകൂട്ടക്കൊലയുടെ യഥാര്‍ഥ ബുദ്ധികേന്ദ്രം മുഫ്തിയാണ്’. അല്‍ അഖ്‌സ പള്ളിയില്‍ ഇസ്‌റാഈല്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളെയും നെതന്യാഹു പ്രസംഗത്തിലുടനീളം ന്യായീകരിക്കുന്നുണ്ട്.
അപകടകരമായ വിവക്ഷകള്‍ ഉള്‍ക്കൊള്ളുന്നതാണ് നെതന്യാഹുവിന്റെ ഈ കണ്ടുപിടിത്തം. അര്‍ധ സത്യത്തോട് നുണ ചേര്‍ത്ത് എങ്ങനെയാണ് സംഹാരാത്മകമായ പെരും നുണ സൃഷ്ടിച്ചെടുക്കുന്നതെന്ന് ഈ സയണിസ്റ്റ് നേതാവ് കാണിച്ചു കൊടുക്കുകയാണ്. ഹോളോകോസ്റ്റിന് മേല്‍ പടുത്തുയര്‍ത്തിയ രാഷ്ട്രത്തിന്റെ സിംഹാസനത്തില്‍ ഇരുന്നു കൊണ്ട് അതേ ഹോളോകോസ്റ്റിന് നേതൃത്വം നല്‍കിയ ഹിറ്റ്‌ലറെ ന്യായീകരിക്കുകയാണ് നെതന്യാഹു ചെയ്യുന്നത്. ജൂതരെ പുറത്താക്കാന്‍ മാത്രം തുനിഞ്ഞ ഹിറ്റ്‌ലറെ കൂട്ടക്കൊലയിലേക്ക് നയിച്ചത് മുഫ്തി ഹുസൈനാണെന്ന് പറഞ്ഞാല്‍ അര്‍ഥമെന്താണ്? ഹിറ്റ്‌ലറെക്കാള്‍ ക്രൂരമായ ജൂതവിദ്വേഷം പുലര്‍ത്തിയത് അറബികളാണെന്നല്ലേ. എന്നുവെച്ചാല്‍ ഫലസ്തീനികളെയും ഇസ്‌റാഈലില്‍ തന്നെയുള്ള അറബ് ന്യൂനപക്ഷത്തേയും നിരന്തരം വേട്ടയാടാനുള്ള ചരിത്രപരമായ ലൈസന്‍സ് തങ്ങള്‍ക്കുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഫലസ്തീനികളുടെ ശത്രുതയെന്നും അത് ചരിത്രത്തിലുടനീളം വേരുകളുള്ള ഒന്നാണെന്നും മേഖലയിലെ മുഴുവന്‍ സംഘര്‍ഷങ്ങളും ഈ ശത്രുതയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നുമുണ്ടാകുന്നതാണെന്നും നെതന്യാഹു അര്‍ഥമാക്കുന്നു. ഇസ്‌റാഈല്‍ പുതിയ ആക്രമണത്തിന് തയ്യാറാടുക്കുന്നുവെന്ന് കൂടി ഈ പ്രസ്താവനക്ക് അര്‍ഥമുണ്ട്. നാസിസ്റ്റ് ചാര്‍ച്ചയുടെ രക്തമാണ് ഫലസ്തീന്‍ കുട്ടികളുടെ സിരകളിലൂടെ ഓടുന്നതെന്ന് വരുത്തിത്തീര്‍ത്താല്‍ പിന്നെ എളുപ്പമായല്ലോ. ഒരു കൈയറപ്പുമില്ലാതെ കൂട്ടക്കൊല നടത്താം.

ചരിത്രത്തിന്റെ
കഴുത്തറക്കുമ്പോള്‍
നാസിസത്തിന്റെ ഇരകളായിരുന്നു ജൂതന്‍മാര്‍. പക്ഷേ ഇന്ന് ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം സയണിസമാണ്. ഇന്ത്യന്‍ ഹിന്ദുത്വ ഫാസിസമടക്കം ലോകത്താകെയുള്ള എല്ലാ ഫാസിസ്റ്റുകള്‍ക്ക് ആവേശം പകരുന്ന സാന്നിധ്യമാണ് ഇസ്‌റാഈല്‍. നിരായുധരും നിസ്സഹായരുമായ ഫലസ്തീന്‍ ജനതയെ സയണിസ്റ്റ് ഭീകരത പടിപടിയായി ഉന്‍മൂലനം ചെയ്യുന്നത് എല്ലാ തരം ഫാസിസ്റ്റുകള്‍ക്കും ഊര്‍ജസ്രോതസ്സും മാതൃകയുമാണ്. ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവമാണ് ചരിത്ര ധ്വംസനം. നെതന്യാഹുവും ആ കൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തീവ്രനിലപാടുകള്‍ പുലര്‍ത്തിയ അറബ് ദേശീയ നേതാവായിരുന്നു അമീന്‍ അല്‍ ഹുസൈനി. പ്രമുഖ ഫലസ്തീനി കുലത്തിലെ അംഗമായ ഹുസൈനിയെ ബ്രിട്ടീഷുകാരാണ് ജറൂസലമിലെ ഗ്രാന്‍ഡ് മുഫ്തിയായി വാഴിച്ചത്. അതില്‍ അവര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. തങ്ങളുടെ അധിനിവേശ പദ്ധതികള്‍ക്ക് ആത്മീയ സമ്മതം ആര്‍ജിക്കുകയായിരുന്നു ലക്ഷ്യം. വന്‍ ജനസ്വാധീനമുള്ള നേതാവിനെ അവര്‍ വിലക്കെടുത്തുവെന്ന് ചുരുക്കം. എന്നാല്‍ മുഫ്തി അവരുടെ ഇംഗിതത്തിന് നിന്നു കൊടുത്തില്ല. അദ്ദേഹം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സമരം തുടങ്ങി. പലപ്പോഴും അത് കലാപമായി വളര്‍ന്നു. 1935 മുതല്‍ 1938 വരെ നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ മരിച്ചു വീണു. ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ച ജൂതന്‍മാരും അക്കൂട്ടത്തില്‍ പെടും. 1937ല്‍ അദ്ദേഹത്തെ ഗ്രാന്‍ഡ് മുഫ്തി സ്ഥാനത്ത് നിന്ന് നീക്കി. ലബനാനിലേക്ക് പലായനം ചെയ്ത അമീന്‍ ഹുസൈനി പിന്നീട് തന്റെ പ്രവര്‍ത്തന കേന്ദ്രം ഇറാഖിലേക്ക് മാറ്റി. അവിടെ പാശ്ചാത്യവിരുദ്ധ ഗ്രൂപ്പുകളുടെ നേതാവായി അദ്ദേഹം വളര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാശ്ചാത്യവിരുദ്ധ ചേരി ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം ജര്‍മനിയിലും ഇറ്റലിയിലും പോയത്. ഹിറ്റ്‌ലറെ കണ്ട് അദ്ദേഹം പറഞ്ഞത് ഇത്രമാത്രമാണ്: മേഖലയില്‍ നിന്ന് ബ്രിട്ടീഷുകാരെ കെട്ടു കെട്ടിക്കാന്‍ സഹായിക്കണം. തീര്‍ച്ചയായും ഈ ആവശ്യത്തില്‍ സയണിസ്റ്റ്‌വിരുദ്ധമായ ഒരംശം ഉണ്ടായിരുന്നു. അത് പക്ഷേ, നെതന്യാഹു പറയുന്നത് പോലെ ‘അന്തിമ പരിഹാര’ത്തിനുള്ള ആഹ്വാനമായിരുന്നില്ല. ജര്‍മന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ കൈയിലുള്ള ഒരു രേഖയും നെതന്യാഹുവിന്റെ വാദത്തെ സാധൂകരിക്കുന്നില്ല.

ബേസില്‍ സമ്മേളനവും
വാഗ്ദത്ത ഭൂമിയും
1897ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ചേര്‍ന്ന പ്രഥമ ലോക ജൂത സമ്മേളനത്തിലാണ് ആദ്യമായി പ്രത്യേക ജൂതരാഷ്ട്രത്തിനായുള്ള ആഹ്വാനമുയര്‍ന്നത്. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വമ്പന്‍ രാഷ്ട്രങ്ങളിലെല്ലാം ജൂതര്‍ക്ക് സ്വാധീനമുണ്ടായിരുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അവരുണ്ടായിരുന്നു. നിരവധി രാജ്യങ്ങളുടെ നയതന്ത്ര തലപ്പത്ത് ജൂതരായിരുന്നു. പലിശക്ക് പണം കൊടുക്കുന്ന വമ്പന്‍ മൂലധന ഉടമകള്‍. വ്യവസായികള്‍, വ്യാപാരികള്‍. ഈ സാമ്പത്തിക രാഷ്ട്രീയ ശക്തിയാകെ ഒറ്റ ലക്ഷ്യത്തിനായി വിനിയോഗിക്കാന്‍ ജൂത സമ്മേളനം ആഹ്വാനം ചെയ്തു. ജൂതര്‍ക്ക് അധിവസിക്കാനായി ശൂന്യമായ ഒരു ‘വാഗ്ദത്ത ഭൂമി’ ലോകത്തൊരിടത്തും ഇല്ലെന്നറിഞ്ഞിട്ടും അങ്ങനെയൊന്നുണ്ടെന്ന മിഥ്യ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉഗാണ്ട തരാമെന്ന് ബ്രിട്ടന്‍ പറഞ്ഞത് ആ ഘട്ടത്തിലാണ്. ഉഗാണ്ട സ്വീകാര്യമല്ലെന്ന് ജൂത സംഘടന വ്യക്തമാക്കിയതോടെയാണ് ജറൂസലം കേന്ദ്രീകരിച്ച് ജൂതര്‍ അധിവസിക്കുന്ന പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാമെന്ന നിര്‍ദേശം വരുന്നത്. അറബ് ഭൂരിപക്ഷമായ ഈ മേഖലയില്‍ അവിടുത്തെ പരമ്പരാഗത നിവാസികളായ ജൂതര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ജൂത സമ്മേളനത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നു വന്ന ചര്‍ച്ചകളോട് അന്നത്തെ ഫലസ്തീന്‍ ജനത അത്യന്തം നിസ്സംഗത പുലര്‍ത്തിയെന്നതാണ് സത്യം. അവര്‍ ഒരു പ്രതിരോധത്തിനും പോയില്ല. 1914-18ല്‍ ബ്രിട്ടീഷ് നയന്ത്രജ്ഞന്‍ എ ബി ബാല്‍ഫര്‍ ജൂതരാഷ്ട്ര സംസ്ഥാപനത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ കടമയായി പ്രഖ്യാപിക്കുന്നതോടെയാണ് ജൂതരാഷ്ട്രത്തിന്റെ പിറവി ഉറപ്പായത്. ഇതാണ് കുപ്രസിദ്ധമായ ബാല്‍ഫര്‍ ഡിക്ലറേഷന്‍. 1939ല്‍ ഈ വിഷയത്തില്‍ ബ്രിട്ടീഷ് അധികാരികള്‍ പുറത്തിറക്കിയ ധവള പത്രത്തെ ശക്തിയുക്തം എതിര്‍ത്തു കൊണ്ടാണ് മുഫ്തി അമീന്‍ അല്‍ ഹുസൈന്‍ അടക്കമുള്ളവര്‍ തങ്ങളുടെ പാശ്ചാത്യവിരുദ്ധ സമരം ഇസ്‌റാഈല്‍ രാഷ്ട്ര സംസ്ഥാപനത്തിനെതിരായ പോരാട്ടമായി പരിവര്‍ത്തിപ്പിച്ചത്. ഈ ധവള പത്രവും പിന്നീട് വന്ന യു എന്‍ പ്രഖ്യാപനവും ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ കൃത്യമായി നിര്‍ണയിക്കുന്നില്ലെന്നത് തന്നെയായിരുന്നു കാരണം. സ്വന്തം കൃഷിയിടത്തില്‍ നിന്ന് അറബ് വംശജരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി ചെറുത്തു നില്‍പ്പുകള്‍ അരങ്ങേറി. കൊന്നു തള്ളിയാണ് ഈ ചെറുത്തു നില്‍പ്പുകളെ ബ്രിട്ടീഷ് സാമ്രാജ്യത്വം അപ്രസക്തമാക്കയത്. ഈ പശ്ചാത്തലത്തില്‍ വേണം മുഫ്തി- ഹിറ്റ്‌ലര്‍ കൂടിക്കാഴ്ചയെ കാണേണ്ടത്.

പുതിയ കൂട്ടക്കൊലക്ക്
കളമൊരുങ്ങുന്നുവോ?
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ 1948 മെയ് 15ന് ഇസ്‌റാഈല്‍ നിലവില്‍ വന്നു. പിന്നെ എത്ര എത്ര കൂട്ടക്കൊലകള്‍. ഓരോ കൂട്ടക്കൊലയും ഇസ്ഖലഈലിന്റെ നിലനില്‍പ്പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു. 1967ലെ ആറ് ദിവസ ആക്രമണത്തില്‍ ഫലസ്തീന്‍ മണ്ണ് പിന്നെയും കവര്‍ന്നു ഇസ്‌റാഈല്‍. ഗാസാ മുനമ്പ്, സിനായി പര്‍വത മേഖല, വെസ്റ്റ്ബാങ്ക്, ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഏറെക്കുറെ പൂര്‍ണമായി ഇസ്‌റാഈല്‍ അധീനതയിലാക്കി. 1993ലെ ഓസ്‌ലോ കരാര്‍ ഇതില്‍ ഒരു ഭാഗം തിരിച്ച് കിട്ടുന്നതിന് വഴിയൊരുക്കി. അങ്ങനെയാണ് ഗാസയുടെ സ്വയംഭരണാവകാശം തിരികെ ലഭിക്കുന്നത്. തങ്ങളുടെ ഇത്തിരി മണ്ണ് സംരക്ഷിക്കാനായി ഇനിയുമൊരു ഇന്‍തിഫാദയിലേക്ക് ഫലസ്തീന്‍ ജനതക്ക് ഇറങ്ങേണ്ടി വരുമെന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ നുണ ബോംബ് വരുന്നത്. മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ട് ജൂത അധിനിവിഷ്ട മേഖലകളില്‍ സംഘര്‍ഷം പടരുന്ന ഘട്ടത്തിലാണ് ഈ ബോംബെന്നതും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇവിടെ പത്തിലധികം കുട്ടികളാണ് ഇസറാഈല്‍ ആക്രമണത്തില്‍ ഒരു മാസത്തിനിടെ മരിച്ചു വീണത്. മൊത്തം മരണം അന്‍പത് പിന്നിട്ടിരിക്കുന്നു. വെസ്റ്റ്ബാങ്കിലും ഗാസയിലും ഒരു പോലെ അക്രമമഴിച്ചു വിട്ട് പുതിയൊരു ഉന്‍മൂലന കാലത്തിന് വഴിയൊരുക്കുകയാണ് ഇസ്‌റാഈല്‍. 2014 ജൂലൈ മുതല്‍ ആഗസ്റ്റ് വരെ നീണ്ട ഓപറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജില്‍ തകര്‍ത്തെറിഞ്ഞ ഗാസ ഇന്നും പുനര്‍നിര്‍മിക്കപ്പെട്ടിട്ടില്ല. അവിടെ ജീവിതം സാധാരണ നില കൈവരിച്ചു വരുന്നേയുള്ളൂ. ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ആ ആക്രമണത്തില്‍ പരുക്കേറ്റവര്‍ ഇന്നും നരകിക്കുകയാണ്. ഇത് ഇസ്‌റാഈലിന്റെ തന്ത്രമാണ്. ചെറിയൊരു ഇടവേളയില്‍ അടങ്ങിയിരിക്കും. ഫലസ്തീനികള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുവെന്ന് കണ്ടാല്‍ അടുത്ത ആക്രമണം. അതിന് പറഞ്ഞു നില്‍ക്കാന്‍ ഏതെങ്കിലുമൊരു നുണ.

ചരിത്രകാരന്‍മാര്‍ എന്ത് പറയുന്നു?
നെതന്യാഹുവിന്റെ പച്ചക്കള്ളത്തെ മുഴുവന്‍ ചരിത്രകാരന്‍മാരും നേതാക്കളും ചെലവ് സഹിതം തള്ളിക്കളഞ്ഞുവെന്നത് ആശ്വാസകരമാണ്. സാമൂഹിക മാധ്യമങ്ങളും നെതന്യാഹുവിനെ പരിഹസിച്ച് കൊല്ലുന്നു. ഈ വെളിപാട് നടത്തിയ ജര്‍മന്‍ മണ്ണില്‍ നിന്ന് തന്നെയാണ് നെതന്യാഹുവിന് ആദ്യ പ്രഹരം ലഭിച്ചത്. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു: ‘നെതന്യാഹുവിന്റെ കണ്ടുപിടിത്തം ശുദ്ധ അസംബന്ധമാണ്. ഹോളോകോസ്റ്റിന്റെ ഉത്തരവാദിത്വം ജര്‍മന്‍ നാസികള്‍ക്ക് തന്നെ’യാണ്. ചരിത്രം തിരുത്തേണ്ട ഒരു കാര്യവുമില്ല. അവരുടെ വക്താവ് സ്റ്റീഫന്‍ സീബര്‍ട്ടും ഇതുതന്നെ പറഞ്ഞു. ‘ജര്‍മനിയിലെ സ്‌കൂള്‍ കുട്ടികള്‍ പഠിക്കുന്നുണ്ട് ഹോളോകോസ്റ്റിന്റെ ചരിത്രം. അതില്‍ ഹിറ്റ്‌ലര്‍ തന്നെയാണ് കുറ്റക്കാരന്‍’. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും നെതന്യാഹുവിനെ തള്ളി രംഗത്തെത്തി.
ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ പ്രത്യേക പുരസ്‌കാരം നേടിയ ചരിത്രകാരനാണ് പ്രൊഫ. യഹൂദാ ബോര്‍ (prof. Yehuda Bauer). ജറൂസലം ഹീബ്രു സര്‍വകലാശാലയിലെ ഹോളോകോസ്റ്റ് സ്റ്റഡീസിലെ പ്രൊഫസറുമാണ് അദ്ദേഹം. ഈ വിഷയത്തില്‍ ആധികാരികമായി സംസാരിക്കാന്‍ ഇദ്ദേഹത്തേക്കാള്‍ നല്ലയാളില്ല. ബോര്‍ പറയുന്നു: ‘നെതന്യാഹു പറഞ്ഞത് തമാശ നിറഞ്ഞ വിഡ്ഢിത്തമാണ്. മുഫ്തിക്ക് ആന്റി സെമിറ്റിക്കായ പ്രതിച്ഛായ ഉണ്ടായിരിക്കാം. അദ്ദേഹം തീവ്ര നിലപാടുള്ളയാളുമായിരിക്കാം. എന്നാല്‍ ഹോളോകോസ്റ്റിന് ഹിറ്റ്‌ലര്‍ അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചുവെന്ന് പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കാനാകും? അത്തരമൊരാളായിരുന്നോ ഹിറ്റ്‌ലര്‍? നാസി നേതാവിനെ അറിയുന്ന ആരെങ്കിലും ഇത് പറയുമോ? ഹിറ്റ്‌ലര്‍ ഒരു അറബ് നേതാവിനോടും ചോദിച്ചല്ല തീരുമാനങ്ങള്‍ കൈകൊണ്ടത്’ ടെല്‍ അവീവ് സര്‍വകലാശാലയിലെ പ്രമുഖ ചരിത്രകാരന്‍ പ്രൊഫസര്‍ മീര്‍ ലിത്വാക് കുറച്ചു കൂടി കടന്ന് പറയുന്നുണ്ട്. അഡോള്‍ഫ് ഹിറ്റ്‌ലറെ വെള്ളപൂശുകയാണ് നെതന്യാഹു ചെയ്തതെന്ന് ലിത്വാക് പറയുന്നു. ‘ഹിറ്റ്‌ലര്‍ക്ക് ഇല്ലാത്ത പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കുക വഴി ലജ്ജാകരവും കുറ്റകരവുമായ (ഹോളോകോസ്റ്റ് നിഷേധിക്കുന്നത് ഇസ്‌റാഈലില്‍ രാജ്യദ്രോഹ കുറ്റമാണ്) രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. 1939ല്‍ ജര്‍മന്‍ പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ തന്നെ വംശശുദ്ധീകരണം ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചിരുന്നു. അതിനും മുമ്പ് അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു’.
താത്കാലിക ലക്ഷ്യങ്ങള്‍ക്കായി ചരിത്രത്തെ വളച്ചൊടിക്കുകയെന്നത് ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. ഇന്ത്യയില്‍ ബാബ്‌രി മസ്ജിദ് തകര്‍ത്തത് അങ്ങനെയാണല്ലോ. ഗാന്ധി ഘാതകനെ വീര പുരുഷനാക്കുന്നതും പുരാണേതിഹാസങ്ങളെ ശാസ്ത്രമാക്കുന്നതും അങ്ങനെ തന്നെ. ചരിത്രപരമായി ജൂതരോട് അങ്ങേയറ്റത്തെ സഹവര്‍തിത്വം പുലര്‍ത്തിയ അറബികളെ നാസികളുമായി സമീകരിക്കുന്നതിലൂടെ ക്രൂരമായ നന്ദികേടാണ് നെതന്യാഹു നടത്തുന്നത്. നാടില്ലാത്തവര്‍ക്ക് നാട് നല്‍കിയതിനുള്ള കൂലി! നെതന്യാഹുവിന് നന്നായറിയാം താന്‍ പറയുന്നത് അസംബന്ധമാണെന്ന്. പക്ഷേ, ഈ പ്രധാനമന്ത്രി പറയുന്നത് വിശ്വസിക്കാന്‍ തീവ്രവലതുപക്ഷ അനുയായികള്‍ ഉണ്ടാകും. അവര്‍ക്കിനി അറബ് വേട്ട തുടങ്ങാം. ബെഞ്ചമിന്‍ ചരിത്രത്തിന്റെ പിന്‍ബലത്തോടെ!

LEAVE A REPLY

Please enter your comment!
Please enter your name here